വാസുദേവൻ കെ വി ✍
ഏപ്രിൽ ഫൂൾ ദിനത്തിൽ ആരംഭിക്കുന്ന ഏപ്രിൽ. വിദേശ ആചാരങ്ങൾ കടം കൊള്ളുന്ന നമ്മൾ അതും മുടക്കംകൂടാതെ!!.
കണിക്കൊന്നകൾ പൂത്തുലഞ്ഞു പൂത്തിരി മത്താപ്പ് വിരിയും നാളുകൾ. പൊരി വെയിലിൽ കളിക്കളം നിറച്ചു ജലശയങ്ങളിൽ കൂപ്പുകുത്തുന്ന ബാല്യ വേനലവധി തുടക്കവും.
ആശങ്കകളുടെ, ആകുലതകളുടെ, ഒറ്റപ്പെടലിന്റെ ദിനങ്ങൾ കൂടിയാണ് ചിലർക്ക് ഏപ്രിൽ. പെൻഷൻ ദിനം ഏകീകരിച്ച ഭരണകൂട വിപ്ലവം ഒരുക്കുന്നു അത്. സർക്കാർ ജീവനക്കാരും, അധ്യാപകരും നീണ്ട ഔദ്യോഗിക കർത്തവ്യങ്ങൾക്ക് വിരാമമിട്ട് യാത്രയയപ്പ് നേടി വീട്ടിൽ.
കൃത്രിമ ‘സാറെ’ വിളികൾ ഇനി അന്യം. ധനകാര്യ മന്ത്രി സ്ഥാനം കൈമാറിയെന്ന വേദനകൾ. കാര്യമായി ഒന്നും ചെയ്യാനില്ലാത്ത പകലുകൾ അവരെ അലട്ടുന്നു.
ശൂന്യമായ കടലാസാണ് വിരമിക്കൽ. ജീവിതത്തെ പുതിയതും വ്യത്യസ്തവുമായ ഒന്നായി പുനർരൂപകൽപ്പന ചെയ്യാനുള്ള അവസരമാണിത്.
വിരമിക്കൽ മറ്റൊരു തുടക്കമാണ്, അടുത്ത അദ്ധ്യായ വായനക്കായി മറ്റൊരു അദ്ധ്യായത്തിൽ പുസ്തകം മറിക്കേണ്ടതുണ്ടല്ലോ. അതു പോലെ കാണാനാവേണ്ടതുണ്ട് .
നമ്മൾ വയസ്സിനെ മറച്ചുപിടിച്ചതൊക്കെ അവസാനിക്കുകയും വീടിനു ചുറ്റും ആ കള്ളത്തരങ്ങൾ ഇല്ലാതെ കറങ്ങുകയും ചെയ്യുന്ന സമയം.
നമ്മൾ എല്ലായ്പ്പോഴും മുഴുകാൻ ആഗ്രഹിക്കുന്ന കായിക, സർഗ്ഗാത്മക പ്രവർത്തികൾ ഹോബിയാക്കാനുള്ള അസുലഭ അവസരം കൂടിയാണിത്.
അവധി ആസ്വാദനം എന്നൊന്നുന്നുണ്ട്.
ഇനി ഒരു ദിവസവും അവധി ലഭിക്കില്ല എന്നതാണ് വിരമിക്കലിന്റെ പ്രശ്‌നം.
പദവിയിൽ അഭിരമിച്ചു തിരക്കിൽ വലഞ്ഞ് മരിക്കുന്നതിനേക്കാൾ നല്ലത് വിശ്രമത്തോടെ ചിന്തിച്ചു ജീവിക്കുന്നതാണ്.അതിനു വേണ്ടി തന്നെയാണ് വിരമിക്കൽ.
വാമഭാഗങ്ങൾക്ക് ഇനി പൂർണ്ണ ദിന കർത്തവ്യങ്ങൾ
വിരമിച്ച ഭർത്താവ് പലപ്പോഴും ഭാര്യയുടെ മുഴുവൻ സമയ ജോലിയാണ്.
പദവിയിൽ നിന്ന് വിരമിക്കുക, പക്ഷേ ജീവിത ലക്ഷ്യത്തിൽ നിന്നല്ലാ ചുവട് മാറ്റുന്നത്.
വിരമിക്കൽ റോഡിന്റെ അറ്റമല്ല അവസാനമല്ല. തുറന്ന പാതയിലേക്കുള്ള നാൽക്കവല ആണിത്. പദവിയെയും, കർത്തവ്യങ്ങളേയുമാണ് പലരും ഇതുവരെ ബഹുമാനിച്ചതെന്ന് തിരിച്ചറിയുക.
വാർദ്ധക്യബോധം മനസ്സുകളിൽ ആണ് ആദ്യം പടർന്നു കയറുന്നത്. മനസ്സിൽ ചുറുചുറുക്കുണ്ടെങ്കിൽ പിന്നെന്തു വാർദ്ധക്യം!!.
ജോലിയിൽ നിന്നാണ് വിരമിച്ചത് നമ്മുടെ അർത്ഥവത്തായ പ്രോജക്റ്റുകളിൽ നിന്നല്ല. തുടരേണ്ടതുണ്ട് അതൊക്കെ.
പ്രായം ഒരു സംഖ്യ മാത്രമാണ്. മനുഷ്യന് തന്റെ അനുഭവത്തിൽ നിന്നും, അറിവ് നേടലിന്റെ ലോകത്തു നിന്നും വിരമിക്കാൻ കഴിയില്ല.
ആശങ്കകൾ തൂത്തെറിയുക. കർമ്മപഥങ്ങളിൽ ചുവടുറപ്പിക്കുക. വിരാമനാളുകളിലെ നിസ്വാർത്ഥ, നിഷ്കാമകർമ്മങ്ങൾ കൊണ്ടാണ് പലരും ജന മനസ്സുകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതെന്ന് ചരിത്രം സാക്ഷപ്പെടുത്തുന്നു. ഇനി ഒറ്റയ്ക്കല്ല. നിലപാടുകളിലൂടെ, ഇടപെടലുകളിലൂടെ ആയിരങ്ങൾ സൗഹൃദം തേടാൻ എത്തുമെന്നുറപ്പാണ്. ഭാവുകങ്ങൾ നേരുന്നു. കർമ്മനിരതരാവുക.