രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍

പഴമയിൽനിന്നേ,പുതുമപിറക്കൂ
പുതുമയുമൊരുനാൾ പഴമ!
പഴമയ്ക്കുള്ളുയിരാർന്നീ,നമ്മൾ
പുതുമയെ വാഴ്ത്തിപ്പാടൂ

ഉണ്ണിപിറന്നാൽ,കണ്ണുതുറന്നാൽ,
മണ്ണിൽ കാൺമതുപുതുമ!
ഉണ്ണിവളർന്നാൽ ദണ്ണമകന്നാൽ
കണ്ണിൽകാൺമതു പഴമ!

കാണാക്കാഴ്ചകളാദ്യം കാണും,
കാണലിനുണ്ടൊരുപുതുമ!
കേൾക്കാത്തതുനാ,മാദ്യംകേൾക്കേ;
കേൾക്കലിനുണ്ടൊരു പുതുമ!

കവിതചമയ്ക്കും പുതുകവികളിലോ,
കവിതകളില്ലാ പുതുമ!
പഴമക്കവികളിലല്ലാതുണ്ടോ;
അഴകെഴുമാ,നൽപുതുമ?

വെണ്ണലഭിപ്പതു പാലിൽനിന്നേ,
വെണ്ണയിൽനിന്നേ,നെയ്യും!
നെയ്യൊട്ടെത്രയുരുക്കീടുകിലും,
നെയ്യേയുള്ളു,ലഭിക്കാൻ!

കവിയൊരു മുനിയായ് മാറീടുകിലേ;
കവിതകളുള്ളിൽ നുരയ്ക്കൂ!
കവിതകളുള്ളിൽ നുരച്ചെന്നാലോ,
കവിയി,ല്ലുള്ളതു കവിത!

മതിമധുരം സ്വരജതി തെറ്റാതതു,
സദയം പാടിനടക്കൂ
പതിരുകൾ കതിരാകില്ലതു സത്യം
കതിരിൻ മഹിമയെ വാഴ്ത്തൂ.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana