രചന : സെഹ്റാൻ✍

കടൽ അന്നേരം ചുട്ടുപഴുത്തിരുന്നു! പുളയുന്ന തിരകൾക്കിടയിൽ മിന്നായം പോലൊരു വാതിൽ കണ്ടുവോ…?
നീണ്ടുകിടക്കുന്ന ചവിട്ടുപടികൾ…?
എത്ര പടവുകളുണ്ടാവാം…?
യാത്രകൾ എപ്പോഴും ആസ്വാദ്യകരമാകണമെന്നില്ല.
ഇരുണ്ട വഴികളെയത് കാട്ടിത്തരുന്നു.
ഇരുണ്ട അനുഭവങ്ങളെ സൃഷ്ടിക്കുന്നു.
പിന്നിട്ട പടവുകളുടെ എണ്ണം കണക്കാക്കുന്നതും,
ഓർമ്മയിൽ സൂക്ഷിക്കുന്നതുമൊക്കെ യാത്രകളെ സ്വാധീനിക്കുന്ന അനുഭവങ്ങളെ ആശ്രയിച്ചിരിക്കുന്നു…
⭕⭕⭕
കരയിൽ ഞാൻ എലിസബത്ത് സള്ളിവനെ കണ്ടുമുട്ടി. (അവർ ‘ജെ’ യിലെ അറിയപ്പെടുന്ന മന്ത്രവാദിനിയാണ്.)
ഞാനവരോട് ഏറെനേരം സംസാരിച്ചു.
തിരകൾക്കിടയിലെ വാതിലിനെക്കുറിച്ച്…
പടവുകളെക്കുറിച്ച്…
“മാഡം എലിസബത്ത്, യാത്രകൾക്കിടയിൽ നാം ചിലപ്പോൾ പിന്നിടുന്ന പടവുകളുടെ എണ്ണമെടുക്കാൻ മറന്നുപോകുന്നത് എന്തുകൊണ്ടായിരിക്കാം?”
“കണക്കുകൾ വസ്തുക്കളെയും, വസ്തുതകളെയും വ്യത്യസ്ത മേൽക്കൂരകളുടെ കീഴിലേക്ക് വിഭജിക്കുന്നു. വിഭജിക്കപ്പെടുന്നിടത്ത് എന്ത് സ്വാതന്ത്ര്യമാണുള്ളത്? പടവുകളിലൂടെയുള്ള നടത്തം നിങ്ങളുടെ സ്വാതന്ത്ര്യമാണ്. എണ്ണം കണക്കാക്കുന്നത് നിങ്ങൾക്ക് അതിനെക്കുറിച്ചുള്ളൊരു സാമാന്യ ബോധ്യം നൽകിയേക്കാം. എന്നാൽ അറിവ് പലപ്പോഴും മനസ്സിനെ വിഭജനങ്ങൾക്ക് പ്രേരിപ്പിക്കും.
നിനക്ക് ഞാൻ രണ്ടു പുസ്തകങ്ങൾ തരാം…”
⭕⭕⭕
ഒന്നാമത്തെ പുസ്തകം!
നൂൽബന്ധനങ്ങളിൽ നിന്നവൾ ശരീരത്തെ മോചിപ്പിച്ചു.
ഡയാന പാർക്കർ.
ഞാനും…
തുടുത്ത മാറിടങ്ങളിലേക്കവളെന്റെ മുഖം അണച്ചുപിടിച്ചപ്പോൾ കൺപോളകളിൽ മുലഞെട്ടുകൾ ഉരഞ്ഞൊട്ടിനിന്നു. കൈകളവളുടെ നിതംബങ്ങളിലമർന്നു.
പഞ്ഞിനിറച്ച തലയിണയേക്കാൾ മൃദുവായൊരിടം.
“നിനക്കായ് ഇന്നെന്റെ പിൻവാതിൽ തുറക്കാൻ പോകുന്നു…” അവൾ തിരിഞ്ഞുനിന്നു. ഹാ! നിവർത്തിവെച്ചൊരു തടിയൻപുസ്തകം!! വാതിലിലൂടെ ഞാനകത്ത് പ്രവേശിച്ചു. നവ്യാനുഭവം!
കുന്നുകൾ, മലകൾ, പുഴകൾ, പൂമേടുകൾ,
പുൽത്തകിടികൾ…
വരികൾക്കിടയിലെ കിതപ്പ്. വിയർപ്പ്…
പടവുകളിലെ പവിഴത്തുള്ളികൾ സൂര്യപ്രകാശമേറ്റ് തിളങ്ങുന്നു.
എത്ര പടവുകൾ…?
ശരീരത്തിൽ ചാലിട്ടൊഴുകിയ വിയർപ്പ് തുടച്ച് ഡയാന ചോദിക്കുന്നു;
“പ്രിയപ്പെട്ടൊരു പുസ്തകത്തിന്റെ പേര് മന:പൂർവ്വം മറവിയുടെ മണ്ണിൽ കുഴിച്ചിടുന്നത് എന്തുകൊണ്ടായിരിക്കാം? “
പടവുകളിലേക്ക് ഞാനാ പുസ്തകമെടുത്ത് വെയ്ക്കുന്നു…
⭕⭕⭕
രണ്ടാം പുസ്തകം!
അബ്ബാസ് അലി ഹംദാൻ കഥപറയുകയാണ്… (‘ജെ’ യുടെ ആത്മീയാചാര്യൻ എന്ന് അയാൾ സ്വയം വിശേഷിപ്പിക്കുന്നു.)
“ഒരിക്കൽ ‘ജെ’ യുടെ തെരുവിൽ ഒരു കച്ചവടക്കാരൻ വന്നു. കൈയിലെ കുഴലൂതി, തോളത്ത് തൂങ്ങിയ ചെണ്ടയിൽ താളമിട്ട് തലങ്ങും, വിലങ്ങും നടന്നു.
ആരുമയാളെ ഗൗനിച്ചില്ല.
ആരുമയാളുടെ പാട്ടിന് കാതോർത്തില്ല.
അപ്പോഴയാൾ ഉറക്കെ വിളിച്ചു ചോദിച്ചു;
“സ്വപ്നങ്ങൾ വേണോ സ്വപ്നങ്ങൾ…? “
ശ്രദ്ധിക്കാത്ത ഭാവത്തിൽ നിൽക്കുന്നവരോടായി അയാൾ പറഞ്ഞു;
“നിങ്ങളുടെ നരച്ച, നിറംമങ്ങിയ സ്വപ്നങ്ങൾ എനിക്ക് തരൂ. പകരം നിങ്ങൾക്ക് ഞാൻ പുതിയ സ്വപ്നങ്ങൾ തരാം.”
പഴയതിന് പകരം പുതിയതെന്ന വാക്കുകൾ തീർത്ത ഉത്സാഹപ്പെരുക്കത്താൽ നിസംഗത വെടിഞ്ഞ ആൾക്കൂട്ടമപ്പോൾ അയാൾക്കരികിൽ തിക്കും, തിരക്കും കൂട്ടി. മടങ്ങുമ്പോൾ അയാളുടെ ഭാണ്ഡം നിറയെ പഴയ സ്വപ്നങ്ങളുണ്ടായിരുന്നു!”
⭕⭕⭕
“പഴയ സ്വപ്നങ്ങൾക്ക് പകരം പുതിയ സ്വപ്നങ്ങൾ നേടിയവർ സ്വപ്നങ്ങളോടൊത്ത് നൃത്തമാടി!
സ്വപ്നങ്ങളെ താലോലിച്ചു!
സ്വപ്നങ്ങളെ പ്രണയിച്ചു!
സ്വപ്നങ്ങളോടൊത്ത് രമിച്ചു!
സ്വപ്നങ്ങളുടെ കടയ്ക്കൽ വെള്ളമൊഴിച്ചു!
അവിരാമമടർന്നു വീഴുന്ന പൂക്കൾ പോലെ
ദിനരാത്രങ്ങൾ പൊഴിയവേ പെട്ടെന്നൊരു ദിനം സ്വപ്നങ്ങളെല്ലാം അപ്രത്യക്ഷമായി!!
അപ്രതീക്ഷിതമായി സ്വപ്നങ്ങൾ നഷ്ടപ്പെട്ടവർ നെഞ്ഞുതല്ലി വിലപിച്ചു.
പ്രാണൻ വേർപിരിഞ്ഞെന്നപോൽ…
പിന്നെയവർ സ്വപ്നങ്ങളെത്തേടി കൂട്ടമായ് അലഞ്ഞു. അലച്ചിലിനൊടുവിൽ കടപ്പുറത്തെ ഞണ്ടിൻകൂട്ടങ്ങളൊത്ത് ഓടിക്കളിച്ചിരുന്ന സ്വപ്നങ്ങളെയവർ കണ്ടെത്തി. എന്നാൽ, ആൾക്കൂട്ടത്തെ കണ്ട സ്വപ്നങ്ങൾ ഭയപ്പെട്ടു തിരിഞ്ഞോടി കടപ്പുറപ്പൂഴിയിൽക്കിടന്ന് വിശ്രമിച്ചിരുന്ന കച്ചവടക്കാരനെ വിളിച്ചുണർത്തി.
അയാൾ സാവധാനം സ്വപ്നങ്ങളെയെല്ലാം വാരിക്കൂട്ടി, തോളിലെ ഭാണ്ഡത്തിലാക്കി, മറുതോളിൽത്തൂങ്ങിയ ചെണ്ടയിൽ താളമിട്ട്, കൈയിലെ കുഴലൂതി നടന്നു.
ചെറുതിരകളെ പിന്നിട്ട്…
കടലിന്റെ ആഴങ്ങൾ ലക്ഷ്യമാക്കി…
സ്വപ്നങ്ങൾ നഷ്ടപ്പെട്ട ആൾക്കൂട്ടമാകട്ടേ തിക്കും, തിരക്കും കൂട്ടി അയാളെ പിൻതുടർന്നു….”
⭕⭕⭕
“ഇത് ഞങ്ങളുടെ നാട്ടിലെ ബാഗ്പൈപ്പർ കഥപോലിരിക്കുന്നു.”
“ആയിരിക്കാം, അല്ലായിരിക്കാം…”
അബ്ബാസ് അലി ഒരു ദീർഘശ്വാസമെടുത്തു.
“എന്നാലിത് ‘ജെ’ യുടെ കഥയാണ്. ‘ജെ’ യിൽ നടന്നത്. ‘ജെ’ യുടെ മാത്രം കഥ!
നിങ്ങൾ ‘ജെ’ യുടെ കടൽക്കരയിൽ പോകൂ. ഏകാന്തതയിലിരിക്കൂ. തിരകൾ മാത്രം കാണൂ. തിരകളെ മാത്രം ശ്രവിക്കൂ.
സ്വപ്നങ്ങൾ നഷ്ടപ്പെട്ടവരുടെ വിലാപങ്ങൾ കേൾക്കാം…”
കടൽക്കരയിൽ ഏകാന്തതയിൽ ഞാനാ വിലാപങ്ങൾ കേട്ടു. കാർമേഘങ്ങളായ് അവയെന്നെ പൊതിഞ്ഞു. ചരൽക്കല്ലുകൾ പോലെ കടൽപ്പൂഴിയിൽ വീഴുന്ന മഴത്തുള്ളികൾക്കിടയിൽ ഒരു വാതിൽ!! പിന്നെ… നീണ്ടുകിടക്കുന്ന പടവുകൾ…
⭕⭕⭕
“മാഡം എലിസബത്ത്, രണ്ടു പുസ്തകങ്ങളുടെ വായന തീർന്നിരിക്കുന്നു…”
“നന്ന്. ഒന്നു ചോദിച്ചോട്ടെ, പടവുകളുടെ എണ്ണമെടുക്കുന്നതിനെ കുറിച്ചുള്ള നിന്റെ സംശയം എന്തുകൊണ്ടാണ് നീ അബ്ബാസ് അലിയോട് ചോദിക്കാതിരുന്നത്? “
ഓഹ്! ശരിയാണ്. എന്തുകൊണ്ടായിരിക്കാമത്…!? (ആത്മീയത എന്ന പദം വഴുവഴുപ്പാർന്ന ദേഹമുള്ളൊരു പുഴുവിനെപ്പോൽ എന്റെ തലച്ചോറിലിഴയുന്നു…)
അതാ, ‘ജെ’ യുടെ ആകാശത്ത് ഒരുപറ്റം കടൽക്കാക്കകൾ!!
⚫⚫⚫

By ivayana