അറ്റ്തെറിച്ച മഞ്ഞിന്‍ കണങ്ങള്‍ കോര്‍ത്ത്
നിന്‍റെ ഇരുണ്ട മിഴികളില്‍ ചാലിച്ചു ഞാന്‍.
എന്റെ കരിഞ്ഞ പുസ്തകത്താളിലൊളിപ്പിച്ച
ചില്ല്തുട്ടുകൾ ‍ ഹൃദയത്തുള തുന്നാന്‍

സൂചിയും നൂലും വാങ്ങാനായിരിന്നു.

ഓര്‍ക്കാന്‍ബാക്കി വച്ച രാവിന്‍റെ നീല
ഓര്‍മ്മകള്‍
നിറം വറ്റിയ കരിഞ്ഞദളങ്ങളായിരുന്നു.
കര്‍ക്കിടകരാവില്‍ ഞാന്‍ തെരഞ്ഞ
മണ്‍പാത്രങ്ങള്‍ വീട്ടിനുള്ളിലെ
പാഴ്ജലം പുറത്തേക്ക് തേവനായിരുന്നു.

കൊട്ടിയടച്ച നിന്‍ ജാലക വാതിലിന്‍മുറ്റത്തെ
തെരുവ് നായ്ക്കളില്‍ ഒന്ന് ഞാനായിരുന്നു.
കറുത്ത മേഘചീളുകള്‍പാകിയ
വെളുത്ത സായം സന്ധ്യകളില്‍
നിൻ ഹൃത്തിൽ ചില്ലിട്ടുവച്ച എന്‍ ചിത്രം
നിന്‍ അധരത്തിനായി കൊതിച്ചിരുന്നു.
.
മരിച്ച മൺപാത്രങ്ങൾ മാളത്തിൽ ഒളിപ്പിച്ചു
ചരിത്രം ഉറക്കി നാളെയുടെ പഠനം ജനിക്കാൻ.
നീലിച്ച ഹൃത്തിലൊളിപ്പിച്ചു നിന്നെ പ്രണയം
പറഞ്ഞു തലോടി പുതു മുകുളം ലയിക്കാൻ.
പിറന്ന പ്രണയം ജലം തേവി വസന്തം വരുത്തി
ലയിപ്പിച്ചു കരളിൽ മരിക്കുവോളം രമിച്ചുണർത്തി
പൂക്കാമരം പൂക്കാൻ മിഴിയളവ് തേടി
നിൻ മൃദുസ്വരം വാക്കിനാൽ പൂക്കവേ
അലിഞ്ഞു ഞാൻ നീയെന്റേതെന്ന കിനാവിനാൽ.
ഇന്നും ഉണരുന്ന കിനാക്കളിൽ

നീ മാത്രം എന്ന സത്യം നീ അറിയുന്നുവോ സഖീ.

അനില്‍ പി ശിവശക്തി

By ivayana