സഫി അലി താഹ ✍

രണ്ട് ദിവസത്തിന് മുൻപ് ടെറസിലെ ഗ്രോ ബാഗുകളിൽ ചീര നടുകയായിരുന്നു ഞാൻ. അപ്പോഴാണ് റോഡിൽ കാർ നിർത്തി ഒരാൾ മുകളിലേക്ക് നോക്കി വഴിചോദിച്ചത്. ഞാൻ നോക്കുമ്പോൾ പരിചയമുള്ള ആളുകൾ.എന്റെ അനിയത്തിയെ പഠിപ്പിച്ചിരുന്ന ടീച്ചറും അവരുടെ ഭർത്താവുമായിരുന്നു അത്‌.അയാളും ടീച്ചറാണ്.
“ആഹാ സഫിയോ,സഫിയുടെ എഴുത്തൊക്കെ വായിക്കാറുണ്ട് “എന്ന് ടീച്ചർ പറഞ്ഞു.
“കയറി വരൂ. “ഞാൻ ടെറസിൽനിന്നും താഴേക്ക് വന്നു. അവർ വീട്ടിലേക്ക് കയറിയിരുന്നു.

കുറെ സംസാരിക്കുന്ന കൂട്ടത്തിൽ “വെജിറ്റബിൾ കൃഷി തുടങ്ങിയോ” എന്നവർ ചോദിച്ചു.”മക്കൾക്ക് സമാധാനമായി എന്തെങ്കിലും വെച്ചുണ്ടാക്കി കൊടുക്കാലോ, പിന്നെ കൂടിവരുന്ന വില കയറ്റത്തിൽനിന്നും രക്ഷപ്പെടാനും കഴിയും.”
പെട്ടെന്നാണ് ടീച്ചറിന്റെ ഭർത്താവിന്റെ സംസാരശൈലി മാറിയത്.
“സഫീ രാജ്യത്ത് എന്തൊക്കെ പുരോഗതിയാണ് വരുന്നത്. അതിന് നമ്മളും കുറച്ചൊക്കെ സഹിച്ചേ പറ്റൂ “

“ശരിയാണ് സർ പുരോഗതിയുടെ കൊടുമുടിയിലാണ് നാമേവരും.സഹിച്ചേ പറ്റൂ!”
“സഫിയെ പോലുള്ളവർ അത്‌ മനസ്സിലാക്കും. ബാക്കി കന്നാലികളോട് പറഞ്ഞിട്ട് കാര്യല്ല “

“ആ പ്രയോഗം വേണമായിരുന്നോ?അതേ ഞാൻ മനസ്സിലാക്കുന്നു, എന്താണെന്നോ ഇന്ന് നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുന്നുണ്ട്. ഓരോരുത്തരിൽ നിന്നും ടാക്സ് ഇനത്തിൽതന്നെ കുറെയേറെ പൈസ ഈടാക്കുന്നുമുണ്ട്, സാധനങ്ങൾക്ക് ഉൾപ്പെടെ.വികസനം ദാരിദ്ര്യത്തിനും കഷ്ടപ്പാടിനുമാണെന്നും!”
“കൃഷിക്കാർ വില കയറ്റിയാൽ കേന്ദ്രം എന്ത് ചെയ്യും സഫീ “

“കൃഷിക്കാർ വിലക്കയറ്റാതിരിക്കുന്നത് എങ്ങനെയാണ്.പാചകവാതകത്തിന് കുത്തനെ വിലകൂട്ടിയപ്പോൾ സബ്‌സിഡി എന്ന് പറഞ്ഞ് മനുഷ്യനെ കൊണ്ട് ആധാർ ബാങ്കിൽ ലിങ്ക് ചെയ്യിക്കാൻ ഒരു നാടകം കളിച്ചു. കുറച്ചുനാൾ അത്‌ നൽകി.അത്‌ കഴിഞ്ഞപ്പോൾ സബ്‌സിഡി ഇല്ല. ഇന്നലെ ഗ്യാസിന് എണ്ണികൊടുത്തത് 1020 രൂപയാണ് 50രൂപ കൊണ്ട് വരുന്ന ചാർജ് ഉൾപ്പെടെ.”

“വിറകിലേക്കും കൂടി മാറണം സഫീ. പണ്ടുള്ളവർ അങ്ങനെയല്ലേ ജീവിച്ചത്?”
“ഉം. ശരിയാണ്.”
“500രൂപയ്ക്ക് പെട്രോൾ അടിച്ചാൽ എത്ര കിലോമീറ്റർ ഓടാമായിരുന്നു മുൻപ്. ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും തോന്നുന്നില്ലേ മാഷേ ? “
“ഞങ്ങൾക്ക് എത്ര വിലകൂടിയാലും പെട്രോൾ അടിക്കാതിരിക്കാനാകില്ലല്ലോ.”
“ശരിയാണ് നിങ്ങൾക്ക് ഇനി അത്‌ പറഞ്ഞ് സമരം നടത്താലോ. ശമ്പളം കൂട്ടികിട്ടാൻ “എന്റെ സംസാരത്തിൽ
അദ്ദേഹമൊന്നു ചിരിച്ചു.അപ്പോൾ ടീച്ചർ പറഞ്ഞു.

“എന്നോടും ഇങ്ങനെയാ പറയുന്നത് സഫീ. ഞാനിപ്പോൾ ബസിനാണ് പോകുന്നത്. അവിടെയും ചാർജ് കൂടി. പ്രൈവറ്റ് സ്കൂളിലെ അദ്ധ്യാപകരുണ്ട്, അവരുടെ സാലറി ഒന്നിനും തികയില്ല എന്ന് പറഞ്ഞ് ഓരോരുത്തരും ജോലി കളയുന്നു.”അവരുടെ മുഖത്ത് ദുഃഖം നിഴലിച്ചു.
“പെട്രോളും പാചകവാതകവും ഡീസലും കുറച്ച് വിലകൂടി, എത്രയെത്ര റോഡുകളും വികസനങ്ങളുമാണ് അവർ നൽകുന്നത് “അദ്ദേഹം വീണ്ടും പറഞ്ഞു.
“പെട്രോൾ വിലകൂട്ടിയിട്ട് റോഡ് എന്തിനാ മാഷേ.?നിങ്ങളെ പോലുള്ളവർ ലിറ്ററിന് 500ആയാലും വാങ്ങും. ഞങ്ങൾക്ക് ഇപ്പോൾ തന്നെ അത്‌ സഹിക്കാൻകഴിയാത്ത വിലയാണ്.”
“ചിലരൊക്കെ പറയുന്നുണ്ട് “

“ചിലരൊക്കെയല്ല, രാജ്യത്തെ ജനങ്ങളിൽ ചിന്തിക്കാൻ ശേഷിയുള്ള എല്ലാവരും പറയുന്നു,ഇങ്ങനെ പോയാൽ നമ്മുടെ ജീവിതം ദുസ്സഹമാണെന്ന് “
“സഫീ ഇതിനൊക്കെ മാത്രമല്ലേ വിലകൂടിയത്, വേറൊന്നിന്നുമില്ലല്ലോ?
“പെട്രോളിന്, ഡീസലിന് വിലകൂടിയാൽ എല്ലാ സാധനങ്ങൾക്കും വില കയറില്ലേ? ഇതൊക്കെയും വരുന്നത് അപ്പുറത്തെ വീട്ടിൽ നിന്നല്ലല്ലോ. പാചകവതകത്തിനു വിലകൂടുന്നത് എത്ര മനുഷ്യരെ കെണിയിലാക്കും എന്നറിയാമോ? അതുമൂലം ഹോട്ടലും കാന്റീനും ആഹാരസാധനങ്ങൾക്ക് വിലകൂട്ടില്ലേ? അവർക്ക് നിലനിൽക്കണ്ടേ? വറുത്ത മാവ് മുതൽ പലതിനും വേറെയും വില കയറില്ലേ?വീട് വെയ്ക്കണമെങ്കിലോ,കമ്പിയും സിമെന്റും മാത്രമല്ല എല്ലാം വില കയറുന്നു!

“അവർ കുറെ നാളായി വില വർദ്ധിപ്പിച്ചില്ലല്ലോ “
“സാറിന് അറിയാത്തത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാലും പറയാം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കാരണമല്ലേ നവംബർ മുതൽ വിലയിൽ ചെറിയൊരു മരവിപ്പ് ഉണ്ടായത്. ഞാനിപ്പോൾ പ്രാർത്ഥിക്കുന്നത് എന്നും തെരഞ്ഞെടുപ്പ് ആയിരുന്നെങ്കിൽ എന്നാണ്.!”

“തെരഞ്ഞെടുപ്പും ഇന്ധന വില വർദ്ധനവും തമ്മിൽ എന്താ ബന്ധം?അന്ന് ക്രൂഡ് ഓയിൽ വിലകൂടിയില്ലായിരിക്കും.”
“അതൊന്നുമല്ല.കോർപ്പറേറ്റ്
അനുകൂല നികുതിഘടന എത്രയും പെട്ടെന്ന് കേന്ദ്രം തിരുത്തേണ്ടതാണ്.”
“നിങ്ങളുടെ വീട്ടിൽ വിറകടുപ്പുണ്ടോ?
“ഇല്ല “
“സർ നേരത്തെ എന്നോട് പറഞ്ഞല്ലോ!പണ്ടുള്ളവർ വിറകടുപ്പിലാ കഞ്ഞി വെയ്ക്കുന്നത് എന്ന്!. നിങ്ങൾക്കും വെയ്ക്കാമായിരുന്നു!അപ്പോൾ നമ്മളൊക്കെ വിറക് പെറുക്കി കഞ്ഞി വെയ്ക്കട്ടെ. നിങ്ങൾക്കൊക്കെ കുളിക്കാൻ വെള്ളം ചൂടാക്കാൻ പോലും ഗ്യാസ്!കൊള്ളാം മാഷേ കൊള്ളാം!”

“സഫീ ഉപദേശിക്കാൻ എളുപ്പമാണ് സാറിനും. പ്രാക്ടിക്കൽ ആക്കുമ്പോൾ സ്വന്തം സർക്കാരിനെ തെറിവിളിക്കുന്നത് ഞാൻ മാത്രമല്ലേ കേൾക്കുന്നത് “ടീച്ചർ ചിരിച്ചു.
നാരങ്ങവെള്ളവും കേക്കും കൊടുത്ത് ഞാൻ അവരെ യാത്രയാക്കുമ്പോൾ അവർ പറഞ്ഞു “അനിയത്തി വരുമ്പോൾ വീട്ടിലേക്ക് വായോ “
“പെട്രോളിന് വിലകുറയുന്നു എങ്കിൽ വരാം സർ. “
വരാം എന്ന് ഉറപ്പ് നൽകുമ്പോഴും സഫിക്ക് അറിയാം ല്ലേ പെട്രോൾ വില കുറഞ്ഞിട്ട് ഒരിക്കലും നമ്മുടെ വീട്ടിൽ വരേണ്ടി വരില്ലെന്ന്! ടീച്ചർ ചിരിച്ചു, ഞങ്ങളും.

By ivayana