രചന : അനിൽ ചേർത്തല✍

അഗ്നിയാഴത്തിലാളുന്ന നേരത്തും
നഗ്നപാദനായ് നില്ക്കുന്ന ഗൗതമാ,
ദ്വേഷമില്ലാതഹിംസമന്ത്രത്തിൻ്റെ
നോക്കുകുത്തിയായ് മാറിയതോ ഭവാൻ ..

ആറ്റിലമ്പലത്തോട്ടിൽ കുളങ്ങളിൽ
നിൻ്റെ വിഗ്രഹമാഴ്ത്തും കരങ്ങളിൽ ,
ധർമ്മഗച്ഛാമി പാടി നോവറുതിക്ക്
സ്നേഹലേപം പുരട്ടിയതോ ഭവാൻ….

ഹീനയാനം മഹായാനമെന്നു
നിൻ മക്കളിൽ വൈരവിത്തുകുഴിച്ചിട്ട,
ബുദ്ധിവൈഭവതന്ത്ര കുതന്ത്രത്തിൽ
സംഘ ഗച്ഛാമിഎവിടെ … മറന്നുവോ …….

കത്തി പീതാoബരം ചൂഴ്ന്നിറങ്ങിയാ
കരളുകീറിത്തെറിക്കുന്ന ചോരയിൽ,
കാമയാഗങ്ങൾ മോഹ ഹോമങ്ങളിൽ
മക്കൾ ഹവിസ്സായ് എരിഞ്ഞൊടുങ്ങുമ്പോഴും,

കുരുതിരുദ്രാങ്കണങ്ങളിൽ നടനമായ്
മുണ്ഡനശിരസ്സറ്റുവീഴുമ്പോഴും,
കരുതി നിൻ മിഴിനീരിനാലെണ്ണകൾ
യഞ്ജ ശാലക്കു ദീപം തെളിക്കുവാൻ. …….

നീതി സാരങ്ങൾ മറയാക്കി ഇതിഹാസ വേദവും
വേദിയായ് വാതുവയ്പിനായ്,
ദുഷ്ടനാരായമുന കൊണ്ടു വൈദികർ കോറി
നീയോ നിരീശ്വരൻ വിപ്ലവൻ. ………….

ബോധി വൃക്ഷ മറുത്തിട്ടൊരഗ്നിയിൽ
വേദകാലങ്ങളൊന്നായ് പുകച്ചവർ,
വെള്ളി മേനാവിലേറും ദുരകളാൽ
ദേവ കാലത്തെ ആനയിച്ച ന്നവർ………

നിൻ്റെ മക്കൾക്കു ശൂദ്രത്വമേകി
കുണ്ടിലാക്കി തൊഴിച്ചു തള്ളി ,
ജാതിക്കു മേൽജാതി കീഴ്ജാതി
ഉപജാതി ദൈവത്തിനും ജാതി പങ്കുവച്ചു ….

ചുടുമേനിഉലയുന്ന രതി ഭാവ
രസമുറ്റമദന കാദംബരീ മഷി നിറച്ചു,
ഉടലുടമ്പായ് തിരുകി എഴുതിയോരേടുകൾ
കലകൾ പുരാണങ്ങൾ ശൃംഗാരമായ് ……………….

തൂത്തെറിഞ്ഞൂ നിൻ്റെ കരുതലും കാവലും
ബുദ്ധ ഗച്ഛാമി കുഴിച്ചുമൂടി,
മിഴിയിലെ സൂര്യൻ കരിഞ്ഞു കൊഴിഞ്ഞു പോയ് ,
മൊഴികളിൽ മൗനം പുതപ്പണിഞ്ഞൂ……………….

ഗൗതമാ ഒരു വേള ബാക്കിയുണ്ടോ….?
ഗതകാല രണഹേതു ആ മന്ത്രണം, ?
ഇനിയൊരു ജൻമം ഉയർത്തെഴുന്നേല്ക്കുകിൽ,
ബോധിസത്വാ ബോധി മന്ത്രിക്കുമോ..?
കരിനിഴലാ യോരഹിംസ മന്ത്രം……..

അനിൽ ചേർത്തല

By ivayana