രചന : ഒ.കെ.ശൈലജ ടീച്ചർ ✍

നേരം പരപരാന്നു വെളുക്കുന്നതിനു മുൻപ് തന്നെ ചെറുമൻപായയിൽ നിന്നും എണീറ്റു. അടുത്തുള്ള തോട്ടിൽ പോയി വായ ശുദ്ധിയാക്കി കുടിലിലേക്കു വന്നു.
“എടീ പെണ്ണേ വാടീ കിഴക്ക് വെള്ള കീറിത്തടങ്ങി”
” ഏൻ വരുന്നേ ഇത്തിരി കഞ്ഞി വെള്ളം ഇതാ: : ഇതങ്ങു മോന്തിയേച്ചും പോയ്ക്കോളീൻ”
ചിരുതപ്പെണ്ണും ഇത്തിരി വെള്ളം മോന്തി പായ മടക്കി മൂലയിൽ വെച്ചു. കുടിലിന്റെ മറയെടുത്തു വെച്ചു ആ ഇരുട്ടിലൂടെ തന്റെ കണവന്റെ പിന്നാലെ ഓടിക്കൊണ്ടു നടന്നു.
രണ്ടു പേരും പാടത്തിറങ്ങി. ഞാറ് നടാനായി ഒരുക്കിയ പാട വരമ്പത്തുകൂടെ തമ്പ്രാൻ വരുന്ന ഒച്ച കേട്ടു.

ചൂട്ട് തെളിച്ചു കൊണ്ട് കാര്യസ്ഥൻ കിട്ടുണ്ണി ശബ്ദമുണ്ടാക്കിക്കൊണ്ട് ഒരു കൈയ്യിൽ ചൂട്ടും മറ്റേ െകെയ്യിൽ വെററില ചെല്ലവുമായി വരുന്നത് കണ്ടപ്പോൾ ചിരുതേയിയുടെ നെഞ്ചൊന്ന് കാളി.
“എടീ പെണ്ണേ തമ്പ്രാൻ വരുന്നുണ്ടേ—- നീ അങ്ങേയറ്റത്തു നിന്നോ തമ്പ്രാന്റെ കണ്ണ് നിന്റെ മേലായിരിക്കും”
“എടാ ചെറു മാ— എന്താ ഇനിയും ഞാറ് നട്ടു തീരാറായില്ലേ ?”
” ഓ അടിയൻ !”
” ഇന്ന് തീരും തമ്പ്രാ”
“നിന്റെ പെണ്ണെന്താ അങ്ങേയറ്റത്ത് നിന്നേ ? ഇങ്ങു വാ എന്റെ മുൻപിൽ വന്ന് നടു”
പേടിച്ച രണ്ട ചിരുതേയി തമ്പ്രാന്റെ മുന്നിൽ വന്നു. പാടത്ത് കുനിഞ്ഞു നിന്നു കൊണ്ടു മുണ്ടു മടക്കി കുത്തി ഞാറ് നടാൻ തുടങ്ങി.

ചെറുമന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു”
” യെന്റെ ഭഗോതീ.രച്ചിക്കണേ . തമ്പ്രാന് അരുതാത്തതൊന്നും തോന്നിക്കല്ലേ”
“എടാ ചെറുമാ നീ പോയി എന്റെ ഇല്ലത്ത് നിന്ന് തുപ്പൽക്കോളാമ്പിയെടുത്തോണ്ടു വാ”
തമ്പ്രാന്റെ കല്പന അനുസരിച്ചു ശീലിച്ചു പോയ ചെറുമന്റെ കാലുകൾ ഇല്ലത്തേക്ക് നീങ്ങി.
“ഉം. എന്താ കിട്ടുണ്ണിയേ”
” ഒന്നുല്ല്യ തമ്പ്രാ അടിയൻ”

കിട്ടുണ്ണി വെറ്റിലച്ചെല്ലവുമായി അടുത്ത പറമ്പിലെ വാഴത്തോട്ടത്തിൽ പോയിരുന്നു.
ചേറിൽ നിൽക്കുന്ന ചിരുതയുടെ നിറഞ്ഞ മാറിടത്തിലേക്കു തന്നെ തമ്പ്രാന്റെ കണ്ണുകൾ പതിഞ്ഞു. അവളുടെ ആലില പോലെയുള്ള വയർ . ഉരുണ്ടു തുടുത്ത തുടകളും നോക്കി നിന്നിട്ട് കണ്ണെടുക്കാതെ അവളുടെ യരികിലേക്കായി പതുക്കെ നടന്നു. അവളുടെ കരിവളയിട്ട കൈകളിൽ പിടിച്ചു. മെല്ലെ മന്ത്രിച്ചു.
“വാ പെണ്ണേ ഇങ്ങു കേറി വാ. നിന്റെ കുടീല് പോകാം”
അതുവരെ പാടത്ത് കുനിഞ്ഞു നിന്നു ഞാറു നട്ടു കൊണ്ടിരുന്ന ചിരുതേയി പെട്ടെന്ന് നിവർന്നു നിന്നു .
പെണ്ണിന്റെ കണ്ണിൽ അഗ്നി പടർന്നു.

സംഹാര രൂദ്രയെപ്പോലവൾ ആക്രോശിച്ചു.
“ആ പുതിയങ്ങ് മനസ്സിലിരുന്നോട്ടെ തമ്പ്രാ— അങ്ങോട്ട് കേറിയാൽ കൊയ്ത്തരിവാളെടുക്കും ഞാൻ !!”
” അവളുടെ കണ്ണിലെ അഗ്നി കണ്ട് ആ വാക്കുകളിലെ ശൗര്യം കണ്ട് തമ്പ്രാൻ ചൂളിപ്പോയി.
പക്ഷേ ആ കുടിലന്റെ ഞരമ്പുകളിൽ കാമാഗ്നി ആളിപ്പടരുകയായിരുന്നു. അവളുടെ തീപ്പാറുന്ന നോട്ടത്തിൽ അത് കെട്ടുപോയില്ല.
രണ്ടും കല്പിച്ച് തമ്പുരാൻ അവളെ തന്നിലേക്ക് അടുപ്പിക്കാൻ നോക്കിയതും പിന്നിൽ നിന്നും ശക്തമായ ഒരേറ് തമ്പുരാന്റെ തലയിൽ പതിച്ചതും ഒന്നിച്ചായിരുന്നു
” തമ്പ്രാ എന്റെ പെണ്ണിനെ തൊട്ടാൽ ആ കൈ ഞാൻ വെട്ടിയിരിക്കും. എന്റെ പ്രാണൻ പോയാലും വേണ്ടില്ല.”

ചോരയൊലിക്കുന്ന തല ഒരു കൈ കൊണ്ട് പൊത്തിപ്പിടിച്ചു കൊണ്ട് തമ്പ്രാൻ അലറി !
“എടാ ചെറു മാ….. അധിക പ്രസംഗി !! ഇതിന്റെ ഭവിഷ്യത്ത് നീയനുഭവിക്കും”
” ഇല്ല തമ്പ്രാ എന്റെ തല പോയാലും ന്റെ പെണ്ണിന്റെ മാനം തരൂല്ല്യാ…..
തമ്പ്രാന്റെ മുന്നിൽ തല കുമ്പിട്ടു വാ പൊത്തി നിൽക്കുന്ന ചെറുമന്റെ ശൗര്യം കണ്ടു
ചിരുതേയി അന്തം വിട്ടു പോയി.
“ഭഗോതീ എന്റെ കണവനെ കാത്തോളണേ”

ഒ.കെ.ശൈലജ

By ivayana