രചന : സതി സുധാകരൻ✍
ഞാറ്റുവേലപ്പാട്ടും പാടി കാറ്റാടിപ്പാടത്ത്
ഞാറു നടാൻ നോക്കി നില്ക്കും പെണ്ണേ
നിൻ്റെ കൈയ്യിൽ ക്കിടക്കണ കുപ്പിവളക്കൂട്ടം
പൊട്ടിച്ചിരിച്ചതു കണ്ടു ഞാൻ
കാറ്റു വന്നു കാതിലൊരു കഥ പറയുന്നേരം
കുങ്കുമം ചാലിച്ച നിൻ മൃദുവദനം
താമരപ്പൂവുപോൽ വിരിഞ്ഞില്ലേ?
നാണം കുണുങ്ങി വരും കാട്ടുചോല തേനരുവി
മുത്തുമാല കോർത്തെടുത്തു തന്നില്ലെ
നിനക്കു തന്നില്ലെ !
പച്ചപ്പട്ടുടയാട ചാർത്തി നില്ക്കും വയലുകൾ
നിന്നേയും മാടി വിളിക്കുന്നേ
കൊതുമ്പുവള്ളം തുഴഞ്ഞു വരും
പുതുമണവാളൻ നിന്നെ താലിചാർത്തിക്കൊണ്ടുപോകാൻ വരണുണ്ടേ
പെണ്ണേ വരണുണ്ടേ!
മന്ത്രകോടി ചാർത്തി നിന്ന് മുല്ല മാല ചൂടി പുതുമണവാട്ടി
യായ് ചമയേണ്ടേ
തപ്പുകൊട്ടി താളമിട്ട് കുരവയിട്ടു
തത്തമ്മ തെങ്ങോലക്കൈയ്യിലിരുന്നാടുന്നേ!