രചന : ചന്ദ്രൻ തലപ്പിള്ളി ✍

കടൽതീരം ആർക്കാണ് ഇഷ്ടപ്പെടാത്തത്. ഒരിക്കൽ അർദ്ധരാത്രി ഞാൻ
ചെറായി കടൽപ്പരപ്പിൽ കരിങ്കൽക്കട്ടിനു താഴെ കടലിനെ നോക്കി ഇരിക്കുന്നു. സാഗര കന്യകളെ കാണാൻ.
ടോർച് തെളിയിച്ചു ഒരാൾ വന്നു. ആരാ അയാളുടെ ചോദ്യം. ഞാൻ എഴുന്നേറ്റു. അയ്യോ മാഷായിരുന്നോ?
എന്താ ഈ നേരത്ത്
ഞാൻ പറഞ്ഞു
രാത്രി കടലിനെ കാണാൻ തോന്നി. അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു, എന്റെ വീടറിയാല്ലോ, എന്തെങ്കിലും ആവശ്യം വന്നാൽ വരാൻ മടിക്കേണ്ട. ഞാൻ പറഞ്ഞു എനിക്കിപ്പോൾ ഒരു ബീഡി മതി, കത്തിക്കാൻ ഒരു കൊള്ളി. വലിക്കുമോ എനിക്കറിയില്ലായിരുന്നുബീഡി തന്നു, കത്തിച്ചും തന്നു. കടപ്പുറത്തു കത്തിക്കാൻ ഒരു nake
വേണം.
ബീഡി വലിച്ചുകൊണ്ട് ഞാൻ വള്ളത്തോളിന്റെ കവിത പാടി
“ആഴിവീചികളാണുവേലം…
കടലമ്മ വന്നു
നിറുത്തുക
ഞാൻ ഭൂമി ദേവിയുടെ കാൽപ്പാദങ്ങളിൽ ചിലങ്ക അണിയിച്ചിരുന്നു ഒരു കാലത്ത്. നിങ്ങൾ കരിങ്കൽ കെട്ടി ഞങ്ങളെ വേർപിരിച്ചു കളഞ്ഞില്ലേ. ഈ നാട്, നീയും ഒരുപാടുപേരും ഒരു പാട്‌ വളർന്നില്ലേ, വളർത്തിയില്ലേ? ധരണിക്കും എനിക്കും നീയൊക്കെ എന്തു തന്നു.
എനിക്ക് കുറേ പ്ലാസ്റ്റിക്, എന്റെ സോദരി ഭൂമിക്ക് നിന്റെയൊക്കെകുറേ വേസ്റ്റുകൾ.
ഞാൻ വല്ലാതെയായി. കടൽ എന്നോട് ചോദിച്ചു. ഒ. വി. മരിച്ചുവല്ലേ. മകനെക്കാ ണാൻ പോയ പിതാവ്, ഇവിടെ ഇരുന്നു കരയുന്നത് ഞാൻ കണ്ടു. എത്ര പേർ ഈ മടിത്തട്ടിൽ അഭയം പ്രാപിക്കുന്നു. എനിക്ക് ഇഷ്ടം ഉണ്ടായിട്ടല്ല. പക്ഷെ, ഞാൻ അവരെഉപേക്ഷിച്ചാൽ മറ്റു മാർഗ്ഗം സ്വീകരിക്കും
എന്റെ കൊട്ടാരത്തിൽ എത്രപേരുണ്ടന്നറിയാമോ?
മനുഷ്യരെപ്പോലെ വൃത്തികെട്ട ഒരു ജീവജാലവും ഭൂമിയിലില്ല.
മതം, ജാതി, പോർവിളി
എല്ലാം പൊട്ടെ ഇവന്റെയൊക്കെ ചിതാ ഭസ്മം ഞാൻ ചുമക്കണം.
ഇടയ്ക്ക് ഞാൻ ഒന്നാലറും, ദേവിപ്രിയ പറഞ്ഞതുപോലേ ശബ്ദം ഇല്ലാതെ അലറിക്കരയും.
ഭൂമി വരും, അവൾ പറയും, മതി.
ഞങ്ങളുടെ ഏട്ടൻ ക്ഷമകേട്ട് ഇടയ്ക്ക് ഒന്നാഞ് വീശും
ഞങ്ങൾ തീരുമാനിച്ചാൽ ഒരു നിമിഷം വേണ്ട എല്ലാം തീർത്തുകളയും.
പക്ഷെ, നിങ്ങൾ മനുഷ്യരേക്കാൾ മനസ്സാക്ഷി കാറ്റിനും കടലിനും ഭൂമിക്കുമുണ്ട്.
തീർന്നില്ല, മുകളിൽ ഒരാൾ കണ്ണടച്ചാൽ മതി
നീയൊക്കെ നിത്യ അന്ധകാരത്തിലാവും.
ഞാൻ ആകെ പകച്ചു നിൽക്കുന്നു.
നീയും എന്റെ മടിത്തട്ടിലേക്ക് ചാടാൻ വന്നതല്ലേ?
താത്ക്കാലം നിന്നെ സ്വീകരിക്കുന്നില്ല.
കുറേകൂടി ഭൂമിയിൽക്കിടന്നു നീ അനുഭവിക്ക്.
ഒരു വാശിയോട് നിന്ന എന്നെ നോക്കി കടലമ്മ പറഞ്ഞു, തിരിച്ചു പോ,
ഏതോ അദൃശ്യ കരങ്ങൾ എന്നെ പിന്നിൽ നിന്നും വലിച്ചു, മോനേ ഞാൻ ഭൂമാതാവാണ്, അമാവാസിയായിട്ടും അമ്പിളി മാനത്തുദിച്ചു
തിരിച്ചു പോ…..

ചന്ദ്രൻ തലപ്പിള്ളി

By ivayana