രചന : കൃഷ്ണമോഹൻ കെ പി ✍

കരിയുന്ന പ്രകൃതി തൻ
കടക്കണ്ണിലൂറുന്ന
കണ്ണീർക്കണമായി മെല്ലെ
കിനിയട്ടെ മഴ മുത്തുമലർമാരിയായിട്ടു
കുതിരട്ടെ ഭൂമി ത ന്നുള്ളം …..
വറവിൽ കിതയ്ക്കുന്ന ഭൂദേവി തന്നുടെ
ഉടയാടയാകെക്കരിഞ്ഞൂ
വയലിലെ സ്വപ്നങ്ങൾ, കരിയായി മാറുന്നു
വരളുന്നു മാനവ സ്വത്വം
കളിയായിപ്പോലുമേ കണി കാണാനില്ലാത്ത
കമനീയതയും മറഞ്ഞൂ
കണവനെപ്പടിമേലേ കാത്തങ്ങിരിക്കുന്ന, കമനീയ തന്വിയും വീണൂ
കലയുടെ സാക്ഷര വീഥികളാകവേ
പൊടി വന്നു മൂടിക്കിടപ്പൂ
കഴിയുമോ ഒന്നതിൽ പതിയുവാൻ ജലകണം
കലശം കമഴ്ത്തുവാനാമോ?
പതിതരാം മനുജരോ
ദിനം നിന്നു കേഴുന്നു
പതിയെപ്പതിക്കൂ നീ മഴയേ
അതു വന്നു വീണിട്ടു മിഴികൾ തുറക്കട്ടെ
അഖില ചരാചരമെല്ലാം
ഇതിലും മയങ്ങില്ല, പാഠം പഠിക്കില്ല
മനുജൻ സ്വയംകൃതാനർത്ഥം
വരിക നീ അമൃതുമായ്
വരിക നീ വേനലിൽ വരദായിനീ വേനൽ മാരീ—-
അതു കാത്തു നിൽക്കുന്ന പ്രകൃതി തൻ മാറിൽ നീ
അധര പുടം ചേർത്തുനോക്കൂ
അവിടെയാണവിടെയാണയുന്ന മോഹത്തിൻ
ചുടു നെടുവീർപ്പുകൾ കേൾപ്പൂ
നെടുവീർപ്പിൻ താളത്തിലുണരുന്ന മർത്യന്റെ
ഇരു ചുണ്ടുകളും, നനയ്ക്കാൻ
വരുമോ നീ,വരുമോ നീ വരുമോ
വരുവാനായ്, പ്രാർത്ഥിച്ചു നിൽക്കുന്നു ഞങ്ങളാം
പാപജന്മങ്ങൾ നിൻ മുന്നിൽ ….
വർഷിക്കനിൻ ദയാദാക്ഷണ്യം ഞങ്ങളിൽ
പ്രകൃതി ശ്വരീ…. മഹാമായേ ::

കൃഷ്ണമോഹൻ

By ivayana