രചന : എൻ. അജിത് വട്ടപ്പാറ✍
സംഗീതമേ…. പ്രണവ… സംഗീതമേ…..
ആത്മാവിൻ നാദമായ് ഉണർന്നുയരുന്നൂ,
നാദ പ്രപഞ്ചത്തിൻ മാനസ ചൈതന്യം –
മാസ്മര സാന്ത്വന ദിവ്യ സംഗീതമായ് .
ഹൃദയമാം വീണയിൽ ശ്രുതി ചേർന്നൊഴുകി
അദ്വൈതമാനസം സംഗീത സാന്ദ്രമായ് ,
ധരണി തൻ തീരത്തിൽ തിരമാല തീർക്കുന്നു
സായാഹ്നരാഗങ്ങൾദേവരാഗങ്ങളായ് .
ഏഴു സ്വരങ്ങൾ തൻ ലയഭാവ ലഹരിയിൽ
പ്രകൃതിയിൽ പ്രഭചൂടി രാഗാർദ്രസംഗീതം,
ഭക്തി പ്രവാഹത്തിൽ സംഗമ ശ്രുതി ചേർന്ന
ആദർശഭാവങ്ങൾ രാഗ വിസ്മയമായ് .
സൗരയൂഥങ്ങളിൽ ഓങ്കാര ധ്വനികളിൽ
പ്രപഞ്ച പ്രയാണത്തിൽ സംഗീതവർണ്ണമായ് ,
വിശ്വപ്രകാശത്തിൻ ശ്രുതി ചേർന്ന മന്ത്രമായ്
മാനവ ഹൃദയത്തിൽ ശ്രേഷ്ട സംഹിതകളായ് .