അനിൽകുമാർ സി പി ✍

വെറുതേ വായിച്ചുകളയാവുന്ന ഒരു വാർത്ത ആയിരുന്നു അതും. കാരണം അതിലും വലുതാണു നമ്മുടെ നാട്ടിലിപ്പോൾ സംഭവിക്കുന്നത്. പക്ഷേ, ഈ വാർത്തയിൽ ഒരു നീതികേടിന്റെ പ്രശ്നമുണ്ട്. നമ്മുടെ നാട്ടിൽ ഭരണഘടനാപരമായി എല്ലാവരും സമന്മാരാണ്. എന്നാൽ ആ സമത്വം എത്രത്തോളം സമൂഹം അംഗീകരിക്കുന്നു എന്നതിലാണു സംശയം. വാർത്തയിലേക്കു വരാം. ഓൺലൈൻ ആയി ഓഡർ ചെയ്ത ഭക്ഷണം എത്താൻ വൈകിയതിന് ആരോഗ്യ വകുപ്പിലെ ഒരു ജീവനക്കാരി, ഡെലിവറിബോയിക്കുനേരെ ചൂടുഭക്ഷണം വലിച്ചെറിഞ്ഞു. വാർത്തയിൽ കൂടുതൽ വിശദാംശങ്ങൾ ഉണ്ട്. പക്ഷേ, അതല്ല എന്നെ ചിന്തിപ്പിച്ചത്. ഇന്നും തുടരുന്ന വിവേചനം, ചിലർ തല്ലുകൊള്ളേണ്ടവരാണെന്ന്, ചിലർ തല്ലാൻ അധികാരപ്പെട്ടവരാണെന്ന്, ചിലർ എക്കാലത്തും ബൗദ്ധികമായി പിന്നാക്കം നിൽക്കുന്നവരാണെന്ന്, ചിലർ ജന്മനാൽ പണ്ഡിതരാണെന്ന്, ചിലർ ചെയ്യുന്ന ജോലി അടിമകളുടേതാണെന്ന്, അടിമകൾക്ക് സ്വാഭിമാനമില്ലെന്ന്….

അതേ, സ്വാഭിമാനം!
സ്വാഭിമാനം ഒരാൾക്ക് ഇല്ലെന്ന് മറ്റൊരാൾ വിധി എഴുതുക, എന്നിട്ടു സമൂഹമധ്യത്തിൽ അവരെ അവഹേളിക്കുക. ഇത് എന്തുതരം മനോഭാവമാണ്? നിശ്ചയമായും എതിർക്കപ്പെടേണ്ടതാണ്, തിരുത്തപ്പെടേണ്ടതാണ്, ശിക്ഷിക്കപ്പെടേണ്ടതുമാണ്.
എനിക്കിപ്പോഴും ഓർമ്മയുണ്ട്, വായിച്ചും പറഞ്ഞും കേട്ട, അധികം പഴക്കമില്ലാത്ത ഒരു കാലം. ഒരുകൂട്ടം മനുഷ്യർ കീറത്തോർത്തുകൊണ്ടു നാണം മറച്ചു, മറ്റൊരുകൂട്ടം മനുഷ്യരുടെ ദയവായ്പിനായി ഓച്ഛാനിച്ചു നിൽക്കുകയും, അവർക്കായി സ്വന്തം വിയർപ്പും ചോരയും എന്തിന് ഉയിരുപോലും നൽകുകയും ചെയ്തിരുന്ന കാലം. അക്കാലത്തു “തമ്പ്രാ” എന്ന് ഓച്ഛാനിച്ചുനിന്നപ്പോൾ ആ വിളികേട്ട് ഉള്ളുനിറഞ്ഞുകുളിർത്തു നിന്നവർ ആ വിളി വളരെ സ്വാഭാവികമായും അവകാശമായും അർഹതപ്പെട്ടതായും കണ്ടു. കോണാൻചുറ്റാൻപോലും പ്രായമാകാത്ത ചെറുവാല്യക്കാർ, വാർദ്ധക്യത്തിന്റെ ജരാനരകൾവീണ മുഖങ്ങളെനോക്കി പേരു വിളിച്ചത് ആ അവകാശബോധത്തിലാണ്.

എന്നാൽ ഒന്നുണ്ട്, സ്വാതന്ത്ര്യാനന്തരം നമ്മൾ ഏറെ മുന്നേറി. ഇന്ന് എല്ലാവർക്കും മനുഷ്യരെ വിളിക്കുന്ന പേരുണ്ടായി, മനുഷ്യരെപ്പോലെ വസ്ത്രമുടുക്കാറായി, വിദ്യാഭ്യാസം, അതിനു താൽപ്പര്യമുള്ളവർക്ക് ആഗ്രഹിക്കുന്നത്രയും നേടാമെന്നായി. ആരും ആരേയും തമ്പ്രാ എന്നു വിളിക്കാതായി. പക്ഷേ, ചില മനസ്സുകൾ പുറമേക്കു തേച്ചുവെടിപ്പാക്കിയ വസ്ത്രം ധരിക്കുമ്പോഴും അവരുടെ ഉള്ളിൽ അതേ പഴയ ഉടമബോധം ക്ലാവുപിടിച്ചു കിടപ്പുണ്ട്. അതവർ പലവിധത്തിൽ പുറത്തേക്കു ചീറ്റും. അതിൽ ഒരു രീതിയാണ് മുകളിൽ പറഞ്ഞതരം ദേഷ്യം പ്രകടിപ്പിക്കൽ. ചൂടുഭക്ഷണം എടുത്തെറിയൽ, അതല്ലെങ്കിൽ മുഖത്തടിക്കൽ, അധിക്ഷേപം പറയൽ ഇവയൊക്കെ പലതരം അവഹേളനരീതികളാണ്.

എന്താണ് ഒരാൾ ഇത്തരത്തിൽ പെരുമാറാൻ കാരണം? ഞാൻ ഓഡർ ചെയ്ത സാധനം പറഞ്ഞസമയം എന്റെ കൈയിൽ കിട്ടണം. അങ്ങനെ കിട്ടിയില്ലെങ്കിൽ, എന്റെ എല്ലാവിധ ദേഷ്യവും ഞാനയാൾക്കുനേരെ പ്രകടിപ്പിക്കും, അതെന്റെ അവകാശമാണ്!
എനിക്ക് ഇഷ്ടമില്ലാത്തത്നടന്നാൽ, മറുഭാഗത്ത് എന്നേക്കാൾ പണം / പദവി / അധികാരം എന്നിവ കുറഞ്ഞ വ്യക്തിയാണെങ്കിൽ ശാരീരികമായിപ്പോലും ഞാൻ അയാളെ ആക്രമിച്ചേക്കാം. അതു ചോദ്യം ചെയ്യാൻ പാടില്ല!

ഇത് പഴയ ഫ്യൂഡൽ മനോഭാവത്തിന്റെ ബാക്കിപത്രമാണ്. ഇതിനെന്താണു പരിഹാരം?
പൊതുഇടത്തിൽ അപമാനിക്കപ്പെട്ടാൽ നിർബന്ധമായും പരാതി കൊടുക്കണം. കാരണം അത്തരത്തിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി വെളിച്ചത്തുവരുമ്പോൾ അത്തരം ഇടുങ്ങിയ ചിന്താഗതി ഉള്ളവർക്ക് ഒരു മുന്നറിയിപ്പാകും. ഇനി തീർത്തും സ്വകാര്യമായ ഒരു സന്ദർഭത്തിലാണ് ഇപ്രകാരം അവഹേളിക്കപ്പെടുന്നതെങ്കിൽ, കൃത്യമായും മാന്യമായ ഭാഷയിലും ഇനി ആവർത്തിക്കരുത് എന്നു താക്കീത് ചെയ്യുക. ഏതൊരു ജോലിക്കും അതിന്റേതായ മാന്യതയും സ്ഥാനവും ഉണ്ട്. ഇക്കാലത്ത് ഡെലിവറിബോയിസ് പലതരം അവഹേളനങ്ങൾക്ക് ഇരയാകുന്നുണ്ട്. ഒന്നോർക്കണം, അവർ ചെയ്യുന്നതു മാന്യമായ ജോലിയാണ്. അവർ നമ്മുടെ ജീവിതത്തെ ആയാസരഹിതമാക്കുകയാണ്.

അതിനാൽ അല്പം മാന്യത, അല്പം സഹാനുഭൂതി ഇതൊക്കെ ജീവിതത്തിൽ കൈമുതലായി സൂക്ഷിക്കാം, അവരോട് പ്രകടിപ്പിക്കുകയും ചെയ്യാം. സ്വയം ഒരു മനുഷ്യനായി ഉയരാം.

അനിൽകുമാർ സി പി

By ivayana