രചന : ശ്രീകുമാർ എം പി ✍
ലോകമാകവെ കാൽച്ചോട്ടിലാ-ക്കുവാൻ
ലോഭമില്ലാത്തടവുകൾ കാട്ടിയ
ലോകമൊക്കെയുംകൊള്ളയടി-ച്ചയാ
ആംഗലൻമാർ വിതച്ച വിഷങ്ങളെ
പാലമൃതായി കരുതുക വേണ്ട
പാലടപോലെ നുണയുക വേണ്ട
അന്തസ്സുള്ളജനതകളൊക്കെയും
ആട്ടിമാറ്റിയാ കളകൾ നമ്മുടെ
മാതൃവാണിയാം മലയാളത്തിന്റെ
കണ്ഠനാളത്തിലേയ്ക്കുകടന്നെന്നാൽ
വേരറുത്തു വിടണമതു മല –
യാളമക്കൾതൻ മുഖ്യമാം ദൗത്യം
തെന്നിളനീരുപോലെരുചിയ്ക്കുന്ന
തേൻവരിയ്ക്കതൻമാധുര്യമൂറുന്ന
നാട്ടുപച്ചക്കുളിർമ പകരുന്ന
നാവിലമ്മതൻ സ്നേഹം രുചി യ്ക്കുന്ന
നല്ലനൂപുരനാദം മുഴക്കുന്ന
നൻമലയാള മോഹിനീനർത്തകി
എന്നുമീമണ്ണിൽ തേജസ്സോടെ നിറ
ഞ്ഞാടുവാൻ കഴൽ വീഴാതെകാക്കനാം
നൻമകളൊക്കെവേണം നമുക്കെന്നാൽ
ഒട്ടകത്തിന്നിടം കൊടുക്കുന്നപോൽ
നമ്മളെ തിക്കിപ്പുറത്താക്കുന്നവ
നൻമയെന്നു കരുതുന്നതുമൗഢ്യം
നിശ്ചയമധിനിവേശ ശക്തികൾ
വിട്ടുപോയീടിലും നമ്മളവരെ
പിൻതുടരുവാനിട്ടിട്ടു പോയൊരാ
ചൂണ്ടതന്റെയിരകളിൽ കൊത്തല്ലെ
നാളെയൊരു നാളിലുണ്ടാകുകില്ല
നല്ല മലയാളി നമ്മുടെ നാട്ടിൽ
എന്നു വന്നീടിലാ പോയവർതന്നെ
ബുദ്ധികൊണ്ടു ജയിയ്ക്കുന്നു
നമ്മളെ
നല്ല ജാഗ്രത പുലർത്തുക വേണം
കേറിവന്നിട്ടു നാടു കവർന്നവർ
ഇട്ടിട്ടുപോയതൊക്കെയെടുക്കുമ്പോൾ
പൊട്ടുകില്ലെന്നുറപ്പിയ്ക്ക വേണം
നാം