കോവിഡ് ഒമിക്രോണ്‍  കടന്നുപോയി എങ്കിലും ലോകം കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്.

ഏഷ്യയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളിലും കോവിഡ് -19 നാലാം തരംഗം ഭീതി പടര്‍ത്തി വ്യാപിക്കുകയാണ്  ചൈന, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ  കോവിഡ് -19 കേസുകള്‍ അതിവേഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

കോവിഡ് നാലാം തരംഗത്തിന്‍റെ ആശങ്ക ഉയരുന്ന സാഹചര്യത്തില്‍  തികഞ്ഞ ജാഗ്രത പാലിക്കുന്നതോടൊപ്പം കോവിഡ്-19 ന്‍റെ സബ് വേരിയന്‍റായ BA.2 ന്‍റെ ലക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്.

രാജ്യത്തുടനീളം, കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തിയതോടെ ആളുകള്‍ വൈറസിനെയും നിസാരമായി കാണുകയാണ്.  രാജ്യത്ത് കോവിഡ്  കേസുകള്‍ കുറയുകയാണ് എങ്കിലും   BA.2 ന്‍റെ ലക്ഷണങ്ങളെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കേണ്ടതും ജാഗ്രത പാലിക്കേണ്ടതും അനിവാര്യമാണ്.

WHO നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച്, ഈ വേരിയന്‍റിന്‍റെ  ലക്ഷണങ്ങൾ ഏറെ നിസാരമാണ്.  എന്നാല്‍, അതിനെ അവഗണിക്കാനുമാവില്ല. കൊറോണയുടെ പല പുതിയ വേരിയന്‍റുകളും ഉയർന്നുവന്നതുപോലെ, രോഗലക്ഷണങ്ങളിലും മാറ്റങ്ങള്‍ വരാം എന്നാണ് WHO നല്‍കുന്ന മുന്നറിയിപ്പ്. അതിനാൽ, ഈ പ്രത്യേക സാഹചര്യത്തില്‍, കൊറോണയുടെ വകഭേദങ്ങള്‍ പല  പുതിയ രോഗലക്ഷണങ്ങള്‍ ആണ്  പ്രകടിപ്പിക്കുന്നത് എന്ന വസ്തുത വിസ്മരിക്കരുത്.

ശ്വാസതടസ്സം, ജലദോഷം, പനി, ശരീര താപനിലയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവയെല്ലാം മൂന്നാം തരംഗത്തില്‍ കണ്ടിരുന്നുവെങ്കില്‍, അടുത്തിടെ ആളുകൾക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.      

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, പനിയും ചുമയും ഇനി കൊറോണയുടെ തുടക്കത്തിലുള്ള ലക്ഷണങ്ങളല്ല, പുതിയ വകഭേദങ്ങൾ നിങ്ങളുടെ പല്ലുകളെയും മോണകളെയും ബാധിച്ചേക്കാമെന്നാണ് ഇവര്‍  നല്‍കുന്ന മുന്നറിയിപ്പ്.  കൊറോണ വൈറസ് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും കൊറോണ ബാധിച്ചവരിൽ 75% ആളുകൾക്കും ദന്ത സംബന്ധമായ പ്രശ്നങ്ങള്‍ പിന്നീട് ഉണ്ടായതായും പഠനങ്ങള്‍ പറയുന്നു. പല്ലുകളിലും മോണകളിലും പെട്ടെന്നുള്ള മാറ്റമോ വേദനയോ ഉണ്ടായാല്‍ അത് അവഗണിക്കരുത് എന്നും  എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

മോണയിൽ വേദന
പനി
വിട്ടുമാറാത്ത ചുമ
കടുത്ത ക്ഷീണം
മോണയിൽ രക്തം കട്ടപിടിയ്ക്കുക
താടിയെല്ലിലോ പല്ലിലോ വേദന

സ്റ്റെൽത്ത് ഒമിക്രോണ്‍  എന്നറിയപ്പെടുന്ന  ഒമിക്രോണിന്‍റെ  ഉപ-ഭേദം പല രാജ്യങ്ങളിലും വ്യാപിക്കുകയാണ്. ഇത് പലരിലും പല  ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിനാല്‍  ജാഗ്രത  പാലിക്കാം.

By ivayana