രചന : സതീശൻ നായർ ✍

വീട്ടിൽ നിന്നും ഇറങ്ങി ഓഫീസിൽ എത്തിയപ്പോൾ ആണ് ഫോണിൻറെ ആവശ്യം വന്നത്.
ഫോൺ കാണാൻ ഇല്ല.
എവിടെ പ്പോയി.
ആരെങ്കിലും മോഷ്ടിച്ചതാണോ..?
അതോ വീട്ടിൽ നിന്നും എടുക്കാൻ മറന്ന് പോയോ..
ഏയ് വീട്ടിൽ നിന്നും എടുത്തായിരുന്നു.

കാരണം ഏടിഎം ൽ കാശെടുത്തപ്പോൾ മെസേജ് വന്നിരുന്നു.
അതിനു ശേഷം ഒരു ചായ കുടിച്ചു ഒന്നു രണ്ട് ചെറിയ പർച്ചേസ് നടത്തി എവിടെയോ നഷ്ടപ്പെട്ടു.
മൈതീനിക്ക ടെൻഷനിലായി.
അതിനകത്ത് ചാറ്റ് ഹിസ്റ്ററി ആരെങ്കിലും കണ്ടാൽ പിന്നെ പണി പാളി.
ഓഫീസിലെ ജോലിത്തിരക്കിൽ മൈതീനിക്ക ഫോണിൻറെ കാര്യം മറന്നു.
ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ഇത്തിരി വൈകി.
വീടിൻറെ ഗേറ്റ് കടക്കുമ്പോൾ തന്നെ കണ്ടു ചെറിയൊരു ആൾക്കൂട്ടം.

ആൾക്കൂട്ടം എന്ന് പറയുമ്പോൾ അതിൽ കൂടുതലും കുടുംബക്കാർ അതും നല്ലപാതിയുടെ ആങ്ങളമാർ മാമമാർ മൈതീനിക്കയുടെ കൊച്ചാപ്പ അനിയൻ പിന്നെ അയലോക്കത്തുളള കുറുപ്പ് ചേട്ടൻ എന്ന കുരിപ്പ് ചേട്ടൻ..
അവരോടൊപ്പം നല്ലപാതീട വക എണ്ണിപ്പെറുക്കലും..
അവളുടെ സമീപം രണ്ട് മൂന്നു ബാഗുകളും..
അവൾ സാധാരണ അവളുടെ വീട്ടിൽ പോകുമ്പോൾ കൊണ്ട് പോകുന്ന ബാഗുകളാണ് കെട്ടിപ്പെറുക്കി സമീപം വച്ചിരിക്കുന്നത്.

മൈതീനിക്കയെ കണ്ടതും പെണ്ണും പിളളയുടെ കരച്ചിൽ വോളിയം കൂടി.
കാര്യം മനസ്സിലാകാതെ പൊട്ടനെ പോലെ കണ്ണും മിഴിച്ചു നിന്ന മൈതീനിക്കയുടെ അടുത്തേക്ക് അളിയൻ എന്ത് തോന്ന്യാസാ നീ കാണിച്ചേ എന്ന് ആക്രോശിച്ചു കൊണ്ട് വന്നു..
എങ്കിലും കൂടെ നിന്നവർ അയാളെ പിന്നിലേക്ക് പിടിച്ച് സമാധാനിപ്പിച്ചു.
അപ്പോഴും കാര്യം അറിയാതെ വായ പൊളിച്ചു നിന്ന മൈതീനിക്കയെ മാറ്റി നിർത്തി അതിൽ പ്രായമായൊരാൾ ചോദിച്ചു..
നീ എന്ത് തോന്ന്യാസാ കാണിച്ചത്..

ഇന്നലെ ഒന്നും ഒരു തോന്ന്യാസവും കാണിച്ചില്ലല്ലോ അല്ലെങ്കിൽ തന്നെ അതൊക്കെ നിങ്ങളോട് അനുമതി വാങ്ങണോ ദേഷ്യവും സങ്കടവും കൊണ്ടാണ് ചോദിച്ചത്..
അതേ കൂടുതൽ അങ്ങനെ ഞെളിയണ്ട നീ അവളെ മുത്തലാക്ക് ചൊല്ലിയ കാരണമെന്താ..
പടച്ചോനേ ജീവിതത്തിൽ പലപ്പോഴും മനസ്സിൽ തോന്നി എങ്കിലും അതിനുള്ള ധൈര്യം..
ഇല്ല ഇക്ക ഞാൻ അങ്ങനെ ഒന്നും..
ഫ കളളം പറയുന്നോ പിന്നെ ഇതെന്താ നീ അവളുടെ ഫോണിൽ മെസേജ് അയച്ചിരിക്കുന്നത്..

ബീരാനിക്ക ഫോൺ വാങ്ങി നോക്കി ശരിയാണല്ലോ സ്വന്തം നമ്പറിൽ നിന്നാണല്ലോ..
അതു പിന്നെ ഇങ്ങനെ മുത്തലാക്ക് നിയമ വിധേയമല്ലല്ലോ അതുമല്ല ഞാൻ ജയിലിലുമാവും.
നീ ജയിലിൽ കിടക്കട്ടേ അതിനു മുൻപ് നിൻറെ പരിപ്പെടുത്തിട്ടേ..
അളിയൻറെ കലിപ്പ് തീരണില്ല..
മൈതീനിക്ക രാവിലെ ഫോൺ എവിടെയോ നഷ്ടപ്പെട്ട വിവരമൊക്കെ വിശദമായി പറഞ്ഞപ്പോൾ ചൂടായി നിന്ന സഭക്ക് ഒരു ശാന്തത കൈവന്നു.
കെട്ടി പെറുക്കിയ ബാഗൊക്കെ എല്ലാവരും കൂടെ അകത്തേക്ക് കൊണ്ട് പോകുന്നതിനിടയിൽ മൈതീനിക്കയുടെ നഷ്ടപ്പെട്ട ഫോണിലേക്ക് ഒന്ന് വിളിച്ചു..

ഹലോഇത് മൈതീനാണ് ആ ഫോൺ എൻറെ കയ്യിൽ നിന്നും നഷ്ടപ്പെട്ടതാണ്.നിങ്ങൾ എന്ത് തോന്ന്യാസാ കാട്ടീത് എൻറെ ഭാര്യയുടെ ഫോണിലേക്ക് മൊഴിചൊല്ലിക്കൊണ്ട് മെസേജ് അയച്ചതെന്തിനാ നിങ്ങളെ എൻറെ കയ്യിൽ കിട്ടിയാൽ..
അതേ ഇക്ക നിങ്ങളുടെ ഫോൺ എനിക്ക് ആ ഏറ്റിഎം ൻറെ ഉളളിൽ നിന്നാണ് കിട്ടിയത്. ആരായാലും വിളിക്കുമ്പോൾ തിരിച്ചു തരാം എന്ന് വിചാരിച്ചു കയ്യിൽ വച്ചതാ..
അപ്പോഴാ കുറേ മെസേജുകൾ ഓരോ പത്തു മിനിട്ടിലും..

നിങ്ങൾ എവിടെയാ..
ഓഫീസിൽ എത്തിയില്ലേ..
എന്താ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ..
നിങ്ങൾ ഏതവളുടെയടുത്താ..
ഇത്രയും കിട്ടീട്ടും ങ്ങക്ക് പോരേ..
വീട്ടിൽ വാ ഞാൻ ശരിയാക്കി തരാം..
അങ്ങനെ ഭീഷണിയും വിരട്ടലുമായി കുറേ മെസേജുകൾ..
അങ്ങനെ എനിക്ക് ദേഷ്യം വന്നപ്പോൾ ഞാൻ അങ്ങനെ ഒരു മെസേജ് അയച്ചതാ..
ആരായാലും അയച്ചു പോകൂലേ.
തഗ് ലൈഫ്.

സതീശൻ നായർ

By ivayana