രചന : ഹാരിസ് ഖാൻ ✍

പിതാശ്രിയുടെ കൂടെ ഹോസ്പിറ്റലിലാണ്.
പതിമൂന്ന് വർഷമായി ആഴ്ച്ചയിൽ മൂന്ന് തവണ എന്ന രീതിയിൽ ഡയലിസിസ് ചെയ്യുന്ന വ്യക്തിയാണ്. മിനിഞ്ഞാന്ന് ചെറുതായൊന്ന് മഴ നനഞ്ഞു. മരുന്നൊന്നും കഴിക്കാൻ പറ്റാത്തത് കൊണ്ട് ജലദോഷം കൂടി നെഞ്ചിൽ കഫകെട്ടായി.
നെഫ്രോളജിസ്റ്റിന് മാത്രമെ,മരുന്നെഴുതാൻ പറ്റൂ എന്നുള്ളത് കൊണ്ട് ആഴ്ചയിൽ രണ്ട് ദിവസം നെഫ്രോളജി ഡോക്ടർ വരുന്ന ഹോസ്പിറ്റലിൽ പോയി അഡ്മിറ്റായി.
ന്യൂമോണിയയായി മാറാൻ സാധ്യതയുണ്ട് ഒരു ചെറിയ ഇൻഞ്ചെക്ഷൻ തരാമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും തന്നത് അയ്യായിരത്തി മുന്നൂറിൻെറ ഇമ്മിണി വലിയ
ഇൻജെക്ഷനായിരുന്നു..

ദോഷം പറയരുതല്ലൊ വെച്ച ഉടനെ തന്നെ,രോഗത്തിന് പകുതി ആശ്വാസമായി.
ബന്ധുക്കളായ പലരും പഴവർഗ്ഗങ്ങളുമായി സന്ദർശിച്ച് പോയി. അദ്ദേഹത്തിന് പഴങ്ങൾ കഴിക്കാൻ പാടില്ല എന്നതിനാൽ ആ പഴവർഗ്ഗങ്ങൾ മൊത്തം കഴിച്ചുതീർക്കേണ്ട ഭാരിച്ചചുമതല എൻെറ ചുമലിൽ വന്നു വീണു..
അങ്ങിനെയൊരു വേളയിലാണ് നേന്ത്രപഴം ശ്രദ്ധയോടെ തൊലി ഉരിക്കുന്നതിൽ ബദ്ധശ്രദ്ധനായ എന്നെ അലോസരപ്പെടുത്തി കൊണ്ട് രണ്ട് മാലാഖമാരുടെ അകമ്പടിയോടെ ഒരു യുവഡോക്ടർ കയറിവന്നത് സ്റ്റെതസ്കോപ്പെടുത്ത് നെഞ്ചിൽ വെച്ചു. പിന്നെ തിരിച്ചും മറിച്ചുമിട്ട് ഇറങ്ങിപോയി…
നുമ്മൾ ഈ കലാപരിപാടികൾ ഗൗനിക്കാൻ പോയില്ല. വർഷങ്ങളായി ഈ നാടകം സ്ഥിരം കണ്ടോണ്ടിരിക്കുന്ന നമ്മളെ അടുത്താ..ങ്ഹൂം…
രണ്ട് മിനുട്ട് കഴിഞ്ഞു പിങ്ക് ചിറകുള്ളൊരു മാലാഖ സൂചിയുമായി വന്നു.
ബ്ലഡ് എടുക്കണമത്രെ..

“ഇതെന്തിനാ മോളേ ബ്ലഡ് എടുക്കുന്നത്..? “
“ഷുഗർ ചെക്ക് ചെയ്യാനാ ഉപ്പാ..”
“കഴിഞ്ഞ 78 വർഷായി എനിക്ക് ഷുഗർ ഇല്ല. ഇനിയിപ്പം മഴ കൊണ്ടാൽ ഷുഗർ വരുമോ ..?”
“ഇപ്പം വന്ന ഡോക്ടർ എഴുതിയതാ.. “
അതിന് ..? എനിക്ക് എൻെറ നെഫ്രോളജി ഡോക്ടർ എഴുതിയല്ലാത്ത ടെസ്റ്റോ ,മരുന്നോ തരാൻ പാടില്ല.. “
പിങ്ക് മലാഖ കാലി സിറിഞ്ചുമായി പറന്ന് പോയി..
“പണം പിടുങ്ങാൻ ഓരോ തട്ടിപ്പുമായി വര്വാ…
ഒരു ശരീരം കിട്ടിയാൽ പിന്നെ അതിന് മുകളിൽ കിടന്ന് പിഴിച്ചിലാ… “
പിതാശ്രി എന്നെയും എൻെറ കയ്യിലെ പഴത്തെയും രൂക്ഷമായി നോക്കി…

“അതിന് എന്നോട് ദേഷ്യപ്പെടുന്നത് എന്തിനാ നിങ്ങൾക്ക് പഴം കഴിക്കാൻ പാടില്ലാഞ്ഞിട്ടല്ലേ തരാത്തത്..? “
“ഞാൻ പൊതുവെ പറഞ്ഞതാ..
എനിക്ക് നിൻെറ പഴമൊന്നും വേണ്ട “
മൂപ്പർ പുറം തിരിഞ്ഞ്കിടന്നു.
പിണങ്ങിയെന്ന് തോന്നുന്നു..
പഴം നാടനാണെന്ന് തോന്നുന്നു..
പുഴുങ്ങിയാൽ കിടുക്കും..
പത്ത് മിനുട്ട് കഴിഞ്ഞ് ഒരു കുഞ്ഞ് മാലാഖ കയറി വന്നു. ഇപ്പോൾ വിരിഞ്ഞിട്ടെയുള്ളൂ എന്ന് തോന്നുന്നു .കയ്യിൽ പ്രഷർ ചെക്ക് ചെയ്യുന്ന യന്തവുമുണ്ട്.
അതെടുത്ത് കയ്യിൽ ചുറ്റി പ്രഷർ നോക്കി.
അപ്പോൾ പിതാശ്രി പറഞ്ഞു.

“പ്രഷർ നോക്കുന്നത് യന്ത്രമായത് നന്നായി മോളേ…ഷുഗർ പോലെ ബ്ലഡെടുത്ത് ലാബിൽ ടെസ്റ്റ് ചെയ്യുന്നതായിരുന്നേൽ ദിവസം അഞ്ച് നേരം ബ്ലഡെടുത്ത് ബില്ലിട്ടേനെ.”
കുഞ്ഞ് മാലാഖ അതാസ്വദിച്ച് കുണുങ്ങി ചിരിച്ച് പുറത്തേക്ക് പോയി …
ഞാൻ നാരങ്ങയുടെ കെട്ടഴിച്ച് തിന്നാൻ
തുടങ്ങിയിരുന്നു
“പ്രഷർ ടെസ്റ്റും ചെറുതാണേലും ചാർജ്ജായിട്ട് ബില്ലിൽ കാണും നീ നോക്കിക്കോ..നിനക്ക് മനസ്സിലാവു ന്നുണ്ടോ..? “
അദ്ദേഹം എൻെറ മുഖത്തും നാരങ്ങയിലും മാറി മാറി നോക്കി
“കണ്ടോ കണ്ടോ പ്രഷറുണ്ട്. അല്ലാതെ എന്നോട് ദേഷ്യപ്പെടുന്നത് എന്തിനാ ..?നിങ്ങൾക്കിത് തിന്നാൻ പറ്റാഞ്ഞിട്ടല്ലേ തരാത്തത് ..”
“ഞാൻ കാര്യം പറഞ്ഞതാ..ഇല്ലാത്ത പ്രഷർ ഇവരുണ്ടാക്കും ഇങ്ങിനെ പോയാൽ…”
” നാരങ്ങ നല്ലമധുരം, സീസണാണെന്ന് തോന്നുന്നു .. “
“പോടാ ..എനിക്കൊന്നും വേണ്ട നിൻെറ നാരങ്ങ..”
ചിരിക്കുന്നു….

ചെറിയ ഒരു ഇടവേളക്ക് ശേഷം പച്ച മുന്തിരി വായിലിട്ട് കുരു വേർതിരിക്കേണ്ടുന്ന വളരെ ശ്രദ്ധ ആവശ്യപ്പെടുന്ന ജോലിയിൽ വ്യാപൃതനായ എന്നെ അലോസരപ്പെടുത്തി കൊണ്ട് അടുത്ത യുവഡോക്ടർ സേതുരാമയ്യർ cbi യെ പോലെ കൈകൾ പുറകിൽ കെട്ടി പ്രത്യക്ഷപ്പെട്ടു .തൻെറ സീനിയർ ഡേക്ടറെ അനുകരിക്കും പോലെ കൃത്രിമ ഗൗരവവുമണിഞ്ഞ് മൂന്ന് മാലാഖമാരുടെ അകമ്പടിയോടെ സ്ലോമോഷനിലാണ് കയറി വന്നത്. രോഗ വിവരങ്ങൾ ചോദിച്ചു മരുന്നെഴുതിയ ഫയലുകൾ മറിച്ച് നോക്കി എല്ലാം മനസ്സിലായി എന്നർത്ഥത്തിൽ ഗൗരവത്തിൽ സാവധാനം തലയാട്ടി ഒന്നിരുത്തി മൂളി..
കിലുക്കത്തിലെ ലോട്ടറി റിസൾട്ട് കേൾക്കുന്ന ഇന്നസെൻറിനെ പോലെ ഇതൊക്ക എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ പിതാശ്രിയും…
സേതുരാമയ്യർ സ്ലോമോഷനിൽ ഇറങ്ങിപോയി…

“ഡാ നോക്കിക്കോ ഇപ്പൊ വരും “
“ആര് “എന്ന് ഞാൻ ചോദിക്കും മുന്നെ ഒരു വെള്ളരിപ്രാവ് കയ്യിൽ കുഞ്ഞ് പ്ലാസ്റ്റിക് ബോട്ടിലുമായി കയറി വന്നു..
“ഉപ്പാ ഇതിൽ ചുമച്ച് തുപ്പണം “
പ്രാവ് ബോട്ടിൽ കൊത്തി അദ്ദേഹത്തിൻെറ കയ്യിൽ കൊടുത്തു..
“ഇതെന്തിനുള്ളതാണ് “?
“ടീ ബി ഉണ്ടോന്ന് നോക്കാനാ..? “
“ടിവി വീട്ടിൽ രണ്ടെണ്ണമുണ്ട് അത് മതിയാവോ? ഒരു മഴ കൊണ്ടേനാണോ
ടീ ബി വരുന്നത് ..? എൻെറ നെഫ്രോളജി ഡോക്ടർ എഴുതിയ ടെസ്റ്റോ, മരുന്നൊ കൊണ്ടല്ലാതെ ഒരാളും ഈ റൂമിലേക്ക് കയറി പോവരുത്. നിങ്ങൾക്ക് ബില്ലിടാനുള്ള ശരീരമല്ലിത്… ഓൾക്ക് തുപ്പണത്രെ…”

പ്ലാസ്റ്റിക് ബോട്ടിൽ ചുരുട്ടി മൂപ്പർ വേസ്റ്റ് ബോക്സിലേക്കെറിഞ്ഞു…
പാവം വെള്ളരി പ്രാവ് വെപ്രാളപ്പെട്ട് ചിറകിടിച്ച് പറന്ന് പോയി….
അണ്ണാക്കിൽ കുടുങ്ങിയ മുന്തിരി ഞാൻ സാവധാനം കുരുവടക്കം താഴേക്ക് വിഴുങ്ങി…
കൊള്ളാലൊ, മൂപ്പർക്ക് ഫൈറ്റ് ചെയ്യാനുള്ള
ആരോഗ്യമെല്ലാമായി. നല്ല ഇംമ്പ്രൂവ് മെൻറുണ്ട്. പിന്നെ ആരും വന്നില്ല ഇപ്പോൾ നല്ല സമാധാനമുണ്ട്.
മറന്നു, ഇനി ആപ്പിളിൻെറ കെട്ടഴിക്കാനുണ്ട്..

By ivayana