രചന : ഷാഫി റാവുത്തർ ✍

ദുരിതം തലയ്ക്കു
മേലെങ്കിലും മൃദുലമാം
കരുതലിൻ കരമുണ്ട്
അരികിലായ് കനിവുമായ്
വിരസമാം ജീവിത
മരുവിലാണെങ്കിലും
അരുമയായെത്തുന്ന
ഓർമ്മകൾ കൂട്ടിനായ്…
ഹൃദയതാളത്തിന്റെ
ധ്വനികൾക്കു മേലെയായ്‌
സൗഹൃദം നൃത്തം
ചവിട്ടിയ നാളുകൾ
മധുരം പല നാവിലൊന്നിച്ചു
മന്ത്രിച്ച ബാല്യക്കലമ്പലിൻ
മധുവൂറുമോർമ്മകൾ…
മനസ്സുകളൊട്ടിച്ച
മനുഷ്യർ,മതങ്ങളിൽ
മാത്സര്യമില്ലാതെ
മോദം നുകർന്നവർ
മണ്ണിൽ പദമൂന്നി
മണ്ണിൽ വിയർപ്പിറ്റി
മണ്ണിൽ വസന്തം
മരിക്കാതെ കാത്തവർ
അക്കങ്ങളേറിയ
ആശയക്കടലുകളിൽ
ആവേശത്തോണിയിൽ
അക്കരെയ്ക്കെത്തിയോർ
അക്ഷരം നട്ടു
നനച്ച പാടങ്ങളിൽ
അക്ഷരത്തെറ്റിന്റെ
കളകൾ പറിച്ചവർ
ഇല്ലായ്മകൾ നിറയും
വല്ലങ്ങളേറ്റി നാം
വല്ലായ്മയില്ലാതെ
ഉല്ലാസമുണ്ടവർ…
ബാല്യം മനസ്സിന്റെ
ഉത്സവമാണെന്നു
ജീവിതം കൊണ്ടു
വരച്ചിട്ട നാളുകൾ
കൊച്ചുപാത്രങ്ങളിൽ
ഉപ്പുമാവിൻ രുചി-
ക്കൂട്ടുകൾ പലതും
നിറച്ചുണ്ട വയറുകൾ
നെല്ലിയ്ക്കയുപ്പുമായ്
ചേർത്തു രുചിച്ചിട്ടു
കിണറുവെള്ളത്തിന്റെ
മധുരം കുടിച്ചതും
കണ്ണിമാങ്ങാക്കുല-
യ്ക്കുന്നം പിടിച്ചതും
ഞെട്ടുകൾ ഛേദിക്കാ-
നൂക്കോടെറിഞ്ഞതും
കൂട്ടുകാരിക്കായി
പോക്കറ്റിൽ സൂക്ഷിച്ച
കണ്ണിമാങ്ങാച്ചുന
പൊള്ളലേല്പിച്ചതും
മുനയൊടിയും വരെ
ചെത്തി മിനുക്കിയ
കുറ്റിപ്പെനുസിലിന്ററ്റം
പരതിയോർ
കള്ളനും പോലീസും
കണ്ണു പൊത്തിക്കളീ-
മൊളിമ്പിക്സിനേക്കാളു-
മാഘോഷമാക്കിയോർ
പാടവരമ്പിന്റെ-
യോരം കടന്നിട്ട്
പായൽക്കുളത്തിന്റെ-
യാഴംതിരഞ്ഞവർ…
ഓർമ്മകളോരോന്നു
മനസിലേക്കെത്തുന്നു
ഓളം തിളങ്ങും
ജലാശയം പോലവേ
ഓർമ്മകളായിരം
തന്ന ബാല്യത്തിൻറെ
ഫോട്ടോ ഫ്രയിമിലും
മാറാല ചുറ്റവേ…
സെൽഫി സ്നേഹത്തിന്നു
വഴിമാറി തന്നൊരാ
പഴയകാലത്തിന്റെ
കുട്ടിയായ് ഞാനിന്ന്…

By ivayana