രചന : സുനു വിജയൻ✍

ഇത് ആഗ്രയിലെ താജ്മഹലിന്റെ കഥയല്ല. ഇത് നിങ്ങളാരും അറിയാതെപോയ മറ്റൊരു താജ്മഹലിന്റെ കഥയാണ്. ആഗ്രയിൽ പ്രണയത്തിന്റെ സ്മാരകം ആണ് തജ്മഹലെങ്കിൽ ഇത് വേർപാടിന്റെ വേദനയുടെ താജ്മഹൽ.ഞാൻ നിങ്ങളെ ആ താജ്മഹലിലേക്ക് കൂട്ടിക്കൊണ്ട് പോകാം.

വെളിയന്നൂർ ഒരു ചെറിയ വില്ലജ് ആണ്. കുന്നും, സമതലവും, പുഴയും, റബ്ബർ തോട്ടങ്ങളും, ചെറിയ നീർച്ചാലുകളും, അമ്പലവും പള്ളിയും, പള്ളിക്കൂടവും, ചന്തയും, ചിന്തിക്കുന്ന ജനതയും, ചന്തവും ഉള്ള ചെറിയ ഒരു ഗ്രാമം.
വെളിയന്നൂർ ഗ്രാമത്തിന്റെ ഹൃദയം ഒരു ചെറിയ കവലയാണ്. തണൽ വിരിച്ചു നിൽക്കുന്ന വലിയ അരയാൽ മരമുള്ള ചെറിയ ഒരു കവല. ഏതൊരു കവലയിലും ഉള്ളതുപോലെ ഇവിടെയും ഒരു പ്രതിമയും, വിവിധ പാർട്ടിക്കാരുടെ കൊടിമരങ്ങളും, കവലയിൽ വെറുതെ കാറ്റുകൊണ്ടിരിക്കുന്ന മനുഷ്യരും ഉണ്ട്.

എല്ലാ ഗ്രാമത്തിലെയും എന്നപോലെ ഈ കവലയിലും റേഷൻ കടയും, പലചരക്കു കടയും, ചായക്കടയും, പാൽ സൊസൈറ്റിയും, പിന്നെ ഇപ്പോൾ കേരളത്തിലെ ഗ്രാമങ്ങളുടെ മുഖമുദ്രയായ കോഴിക്കടയും, മുടിവെട്ടുകടയും, (ഇല്ല ഇവിടെ മുടിവെട്ടുകടിയില്ല) ഉള്ള ചെറിയ ഒരു നാൽക്കവല.കവലയുടെ വലതു വശത്തുകൂടി ചെറിയ ഒരു നീർച്ചോല ഒഴുകി അൽപ്പം താഴെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുൻപിലെ ചെറിയ തോട്ടിൽ പതിക്കുന്നു.

വെളിയന്നൂർ കവലയിൽ നിന്നും ഇടതു തിരിഞ്ഞു മുകളിലേക്കു കയറിയാൽ ക്നാനായ പള്ളിയുണ്ട്. പിന്നെയും മുകളിലേക്കു പോയാൽ കപ്പ കാലയും, റബ്ബർ തോട്ടങ്ങളും ഉണ്ട്. നിഷ്കളങ്കമായി ചിരിക്കുന്ന പ്രായമായ മനുഷ്യരും, പിടക്കോഴികൾ കൊത്തിപെറുക്കി നടക്കുന്ന മുറ്റത്തു മണ്ണുവാരി കളിക്കുന്ന കൊച്ചു കുട്ടികളും, പറമ്പിൽ ആടിനെ തീറ്റുന്ന വീട്ടമ്മമാരും ഈ വഴിയിലെ കാഴ്ചകളിൽ ചിലതു മാത്രമാണ്. സൈക്കിളിൽ നിന്നും സ്ഥാനക്കയറ്റം കിട്ടി ബൈക്കിൽ ഒരു പ്രത്യേക താളത്തിൽ ഹോണടിച്ചു ഈ റോഡിലൂടെ സഞ്ചരിക്കുന്ന മീൻ വിൽക്കുന്നവരുടെയടുത്ത് ഇപ്പോഴും കറിച്ചട്ടിയുമായി മീൻ വാങ്ങാനെത്തുന്ന അമ്മച്ചിമാരും അവർക്ക് അകമ്പടിയായി വാലുംപൊക്കി മുട്ടിയുരുമ്മി മീൻകാരനെ നോക്കുന്ന പൂച്ചകളേയും ഈ വഴിയിൽ കാണാം.

ഗ്രാമത്തിൽ ഇപ്പോൾ ചെമ്മൺ പാതകൾ എങ്ങുമില്ല. എല്ലാ ഇടവഴികളും കോൺക്രീറ്റോ, ടാറോ ചെയ്ത് പുരോഗമനമെന്ന നൂതന പദ്ധതിയുടെ ബലിയാടായി മാറി തളർന്നു മയങ്ങുന്നു എന്ന് ഞാൻ പറയും. കാരണം എനിക്കെന്നും ചെമ്മൺപാതകളോട് പ്രിയമേറെയാണ്. എന്നുകരുതി ഞാൻ ഒരു പിന്തിരിപ്പനല്ല കേട്ടോ.

പൂജ മുടങ്ങിക്കിടക്കുന്ന വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ ഇടതു വശത്തായി ചെറിയ ഒരു റോഡുണ്ട്. ആ വഴിയിലൂടെ നൂറു മീറ്റർ നടന്നാൽ പിന്നെ കുത്തനെ കയറ്റം. കയറ്റം കയറിചെല്ലുന്നതു ഒരു റബ്ബർ തോട്ടത്തിന്റെ നടുവിലേക്ക്. അവിടെയും വഴി കോൺക്രീറ്റു തന്നെ. അവിടെനിന്നു ഇടതു വശത്ത്‌ ചെറിയ ഒരു തൊണ്ടുണ്ട്. തൊണ്ട് എന്നു പറഞ്ഞാൽ ഏതെങ്കിലും കായുടെ കവചം ആയ തൊണ്ട് അല്ല കേട്ടോ. ഇരുവശവും കയ്യാല ഉള്ള ചെറിയ വീതികുറഞ്ഞ നടപ്പുവഴി. അതിനെയാണ് തൊണ്ട് എന്നു പറയുന്നത്.

ആതൊണ്ടിൽ നിറയെ പനങ്കുരു വീണു കിടക്കുന്നുണ്ടാവും. അതിൽ ചവുട്ടി മുന്നോട്ടു നടക്കുമ്പോൾ തേരട്ടകൾ ലക്ഷ്യമില്ലാതെ എവിടേക്കോ പോകുന്നത് കാണാം. അതൊരു സ്ഥിരം കാഴ്ച ആയതിനാൽ കൌതുകം തോന്നേണ്ടതില്ല.
അതു കഴിഞ്ഞാൽ ഒരു ചെറിയ കാപ്പിതോട്ടം. ഏപ്രിൽ മെയ് മാസങ്ങളിൽ ഈ വഴിയിലൂടെ പോകുമ്പോൾ കാപ്പി പൂത്ത സുഗന്ധമേറ്റ് നിങ്ങൾ ഉന്മത്തരാകും തീർച്ച. കാരണം ആ സുഗന്ധം അത്ര തീക്ഷണവും, നിർവൃതി ദായകവുമാണ്.
അതു കഴിഞ്ഞാൽ പിന്നെയും റബ്ബർ തോട്ടം. ടോമിച്ചേട്ടന്റെ മൂത്ത റബ്ബർ മരങ്ങൾക്കിടയിൽ ഇടക്കിടക്ക് കരിമ്പാറകൾ ചാഞ്ഞു മയങ്ങുന്നു. രേഖയുടെ പുള്ളിപശുവും, കറുമ്പി പശുവും ആ റബ്ബർതോട്ടത്തിൽ ഇത് ഞങ്ങളുടെ സാമ്രാജ്യമാണ് എന്ന ഗാർവ്വോടെ യഥേഷ്ടം മേഞ്ഞു നടക്കുന്നു. സൂക്ഷിച്ചു നടന്നില്ലെങ്കിൽ നടപ്പുവഴിയിലെ ചാണകം കാലിൽ പുരളും.

ഇടതു വശത്ത്‌ ഉയർന്നു നിൽക്കുന്ന കടുവാപ്പാറയും വലതു വശത്ത്‌ കൂറ്റൻ മഹാഗണി മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന ഇരുൾ മൂടിയ പറമ്പുമാണ്. ആ പറമ്പിനു താഴെയാണ് താജ്മഹൽ.
കയ്യാലയിലെ കുത്തുകല്ലുകൾ ഇറങ്ങുന്നതിനു മുൻപ് ഇടതു വശത്ത്‌ ഒരു വലിയ ശീമക്കൊന്ന നിൽപ്പുണ്ട്. ആ കൊന്നയുടെ ചില്ലയിൽ പഴയ ഒരു അമ്പാസിഡർ കാറിന്റെ ടയർ കെട്ടിതൂക്കി ഇട്ടിട്ടുണ്ട്. അതിൽ പച്ച പെയിന്റ് കൊണ്ട് എഴുതിയിരിക്കുന്നു “താജ്മഹൽ “

താജ്മഹൽ ഒരു പഴയ ഓടിട്ട വീടാണ്. പിന്നാമ്പുറത്തെ ഓടുകൾ പട്ടിക ദ്രവിച്ചു അടർന്നുവീണു പൊട്ടി നിലത്തു കിടപ്പുണ്ട്. വീടിന്റെ മുന്നിൽ ചെറിയ ഒരു തിണ്ണയുണ്ട് തിണ്ണയിൽ മൂന്നോ നാലോ പഴയ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോ കാണാം. ഒക്കെ ഒരു ആൺകുട്ടിയുടെ ചിത്രങ്ങൾ അവൻ കമഴ്ന്നു കിടക്കുന്ന ഏകദേശം ഒരു വയസ്സ് ഉള്ള ഒരു ഫോട്ടോ, പിന്നെയവൻ ഒരു കൊട്ടക്കസേരയിൽ ചിരിച്ചുകൊണ്ട് ഇരിക്കുന്ന ഫോട്ടോ, അതിൽ അവന് ഒരു നാലു വയസ്സ് പ്രായം കാണും. പിന്നെ ഒരു ഗ്രൂപ്പ് ഫോട്ടോ. അതവൻ നാലാം ക്ലാസ്സിൽനിന്നും പുതിയ സ്കൂളിലേക്ക് ചേരുംമുൻപ് സ്കൂളിൽ നിന്നും എടുത്ത ഗ്രൂപ്പ് ഫോട്ടോയാണ്. ഈ ചിത്രങ്ങൾ കൂടാതെ താജ്മഹലിന്റെ ഒരു കളർ ചിത്രവും, സക്ച്ച്പേന കൊണ്ടു വരച്ച മറ്റു രണ്ടു താജ്മഹൽ ചിത്രങ്ങളും ആ തിണ്ണയിലെ ഭിത്തിയിൽ തൂങ്ങിക്കിടക്കുന്നത് നിങ്ങൾക്ക് കാണാം.

വെളിയനൂരിൽ റബ്ബർ ടാപ്പിങ് ചെയ്തു ഉപജീവനം നടത്തിവരുന്ന ദാമോദരന്റെ വീടാണ് ആ താജ്മഹൽ.ദാമോദരന്റെ ഭാര്യ സരള. അവർക്ക് ഒരേയൊരു മകൻ ഗോകുൽ. ആ ഗോകുലിന്റെ ഫോട്ടോയാണ് നമ്മൾ ആ വീടിന്റെ തിണ്ണയിൽ കണ്ടത്. ആ ഗോകുൽ വരച്ച താജ്മഹൽ ചിത്രങ്ങളാണ് നിറംമങ്ങി ഇപ്പോഴും ആ തിണ്ണയിലെ ഭിത്തിയിൽ തൂങ്ങിക്കിടക്കുന്നത്.

ദാമോദരന്റെ വീട്ടുപേര് കടുവാക്കുഴിയിൽ എന്നാണ്. എന്നാൽ വീട്ടിലേക്ക് കയറിചെല്ലുമ്പോൾ ആ കൊന്നമരത്തിൽ പഴയ ടയറിൽ താജ്മഹൽ എന്ന് പെയിന്റ് കൊണ്ടെഴുതിയ പേര് ആ വീടിനു നൽകിയത് ഗോകുൽ ആയിരുന്നു. കാരണം അവന്റെ സ്വപ്നം ആയിരുന്നു താജ്മഹൽ. അവന്റ ജീവൻ ആയിരുന്നു താജ്മഹൽ.
കാലം 1980
വെളിയന്നൂർ ഗ്രാമത്തിലെ എൽ പി സ്കൂൾ പഠനം പൂർത്തിയാക്കി ഗോകുൽ പുതിയ സ്കൂളിൽ ചേർന്നു. വെളിയന്നൂരിലേ ഏറ്റവും പഴയ സ്കൂളായ വന്ദേമാതരം സ്കൂളിൽ. ഒരു സ്കൂളിന്‌ ഇത്ര മനോഹരമായ ഒരു പേര് ഞാൻ വേറെ എവിടെയും കേട്ടിട്ടില്ല.
പഠിക്കാൻ അത്ര മിടുക്കൻ അല്ല ഗോകുൽ. എന്നാൽ മണ്ടനും അല്ല. ചില കാര്യങ്ങൾ അവനിഷ്ടപ്പെട്ടാൽ പിന്നെ അതിനെ ഊണിലും ഉറക്കത്തിലും അവൻ കൊണ്ടുനടക്കും. അതിപ്പോൾ ഒരു പേനയാണെങ്കിലും, ഒരു ചിത്രമാണെങ്കിലും.

ആറാം ക്ലാസ്സിലെ ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ സമയം. ഒരു ദിവസം അമ്മയോടൊപ്പം പാലായിലെ കടപ്പാട്ടൂർ അമ്പലത്തിൽ പോയ സമയം അവിടെ ഒരു കടയിൽ നിന്നും അവൻ ആ താജ്മഹൽ ചിത്രം വാങ്ങി. ആ മനോഹര സൗധം അവന്റെ മനസ്സിൽ ഏറെ ഇഷ്ടം നിറച്ചു.ഒറ്റ നോട്ടത്തിൽതന്നെ ആ താജ്മഹൽ ചിത്രം അവന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു.

ചിത്രം വാങ്ങിവന്ന അന്ന് രാത്രി അവൻ അമ്മയോട് താജ്മഹലിനെക്കുറിച്ച് ചോദിച്ചു. തനിക്കറിയാവുന്ന രീതിയിൽ സരള ആ വെണ്ണക്കൽ കൊട്ടാരത്തിന്റെ കഥ മകന് പറഞ്ഞു കൊടുത്തു. സമയം കിട്ടുമ്പോഴൊക്കെ തിണ്ണയിൽ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ആ താജ്മഹൽ ചിത്രത്തിൻ ഗോകുൽ കണ്ണിമ ചിമ്മാതെ നോക്കിയിരിക്കും. ആ അത്ഭുതം നിറഞ്ഞ കൊട്ടാരം അവന്റെ മനസ്സിൽ ഒരു സ്വർഗ്ഗമായി പരിലസിച്ചിരുന്നു.

ക്രിസ്തുമസ് അവധികഴിഞ്ഞു സ്കൂളിൽ ചെന്നപ്പോൾ ഗോകുൽ താജ്മഹൽ ചിത്രത്തിന്റെ കഥ കൂട്ടുകാരോട് പറഞ്ഞു. അപ്പോൾ അവൻ പുതിയ ഒരു വസ്തുത അവന്റെ കൂട്ടുകാരൻ പീറ്ററിൽ നിന്നും മനസിലാക്കി. താജ്മഹൽ ലോക അത്ഭുതങ്ങളിൽ ഒന്നാണെന്ന സത്യം.
പിന്നെപ്പിന്നെ അവൻ പലരോടും താജ്മഹലിനെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഒരിക്കൽ ക്ലാസ്സിൽ ടീച്ചർ താജ്മഹൽ പണിയാൻ ഷാജഹാൻ ചക്രവർത്തി തീരുമാനിച്ച കഥ വിശദമായി പറഞ്ഞപ്പോൾ ഗോകുൽ കോരിത്തരിപ്പോടെ അതു കേട്ടിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു, താജ്മഹലിന്റെ കഥ കേട്ട് ഗോകുലിന്റെ കണ്ണുനിറഞ്ഞത് കണ്ട് മറ്റുകുട്ടികൾ അവനെ കണക്കിന് കളിയാക്കി. അപ്പോഴൊക്കെ ആ കുഞ്ഞുമനസ്സിൽ താജ്മഹൽ ആഴത്തിൽ, കൂടുതൽ ആഴത്തിൽ പതിയുകയായിരുന്നു.

ഒരിക്കൽ സ്കൂളിൽ എ ഇ ഒ ഇൻസ്‌പെക്ഷൻ നടത്താൻ എത്തിയ വേള ഗോകുലിന്റെ ക്ലാസ്സിലും എത്തി. അദ്ദേഹം അന്ന് കുട്ടികളോട് ഓരോരുത്തരോടും ഒരു ചോദ്യം ചോദിച്ചു. ഭാവിയിൽ നിങ്ങൾക്ക് ആരായി തീരാനാണ് ആഗ്ഗ്രഹം എന്ന ചോദ്യം.ഗോകുലിന്റെ ഊഴം വന്നപ്പോൾ അവർ സന്തോഷത്തോടെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു
“എനിക്ക് താജ്മഹലിന്റെ കാവൽക്കരൻ ആകണം “
ക്ലാസ്ടീച്ചർ ഉൾപ്പെടെ അന്ന് എല്ലാവരും അതുകേട്ടു ചിരിച്ചു. അപ്പോഴും ഗോകുലിന്റെ കണ്ണു നിറഞ്ഞു. അതിനു കാരണം അവൻ ആരോടും പറഞ്ഞില്ല.
ഗോകുൽ അവന്റെ നോട്ടുബുക്കിന്റെ എഴുതാത്ത താളുകളിൽ താജ്മഹലിന്റെ ചിത്രങ്ങൾ വരച്ചു. വീട്ടിലെ ഭിത്തിയിൽ താൻ വരച്ച താജ്മഹൽ ചിത്രം നിറം നൽകി അവൻ ഒട്ടിച്ചുവച്ചു. അവന്റെ ചിന്തയിലെങ്ങും താജ്മഹൽ എന്ന അത്ഭുത കൊട്ടാരം നിറഞ്ഞു നിന്നു.

ഗോകുലിന്റെ സ്കൂളിൽ കൊല്ലപരീക്ഷ കഴിഞ്ഞു. സ്കൂൾ അടക്കും മുൻപ് ഗോകുൽ തൻറെ വളരെ അടുത്ത കൂട്ടുകാരോട് പറഞ്ഞു
“അവധിക്ക് ഞങ്ങൾ താജ്മഹൽ കാണാൻ പോകും. അവിടെ താമസിക്കും, ഒത്തിരി ഫോട്ടോ എടുക്കും “
“പിന്നേ അതങ്ങു ദൂരെ ഡൽഹിയിലാ, എന്തോരം ദൂരമുണ്ട്, അങ്ങനെയൊന്നും പോകാൻ പറ്റൂല്ല ” കൂട്ടുകാരന്റെ മറുപടിക്ക് ഗോകുൽ ഉത്തരം നൽകിയില്ല.
സ്കൂൾ അവധിക്കാലത്ത് ഗോകുൽ പലതവണ താജ്മഹൽ കാണാൻ പോകുന്ന കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞു. അവരെന്തോ വലിയ തമാശ കേൾക്കുന്നതുപോലെ അവന്റ ആഗ്രഹത്തെ ചിരിച്ചു തള്ളി. ഗോകുൽ കരയുകയും, വഴക്കുണ്ടാക്കുകയും ചെയ്തു, അവൻ ഭക്ഷണം കഴിക്കാതെ തൻറെ ദുഃഖം പ്രകടിപ്പിച്ചിട്ടും അവന്റെ ആഗ്രഹത്തെ അവർ കേട്ടില്ല. അല്ലങ്കിൽതന്നെ ഒരു പാവപ്പെട്ട റബ്ബർ ടാപ്പിങ്ങു കാരന്റെ സ്വപ്നങ്ങളുടെ ഏഴയലത്തു പോലും എത്താത്ത ഒന്നാണ് താജ്മഹൽ. അല്ലങ്കിൽ അതു സ്ഥിതിചെയ്യുന്ന ദൂരം. ഒരു അത്താഴപട്ടിണിക്കാരന്റെ മകന്റെ സ്വപ്നങ്ങൾക്ക് ആരു വിലകൊടുക്കാൻ.

ആ മധ്യവേനൽ അവധിക്ക് ഒരു ദിവസം കടയിൽ പോയ ഗോകുൽ നേരം സന്ധ്യ മയങ്ങിയിട്ടും മടങ്ങിയെത്തിയില്ല. തേങ്ങലോടെ അമ്മ സരളയും അച്ഛൻ ദാമോദരനും വെളിയനൂരിൽ എല്ലായിടത്തും മകനെ പരതി നടന്നു.
രാവ് ഇരുട്ടി വെളുത്തു, പിറ്റേന്ന് വീട്ടിൽ കൂടിയ ആളുകളിൽ ആരോ അവന്റെ കണക്കുബുക്കിന്റെ എഴുതാത്ത താളുകളിൽ ഒരെണ്ണത്തിൽ അവൻ ഇങ്ങനെ എഴുതി വച്ചിരുന്നതു കണ്ടെത്തി.
“ഞാൻ താജ്മഹൽ കാണാൻ പോകുന്നു. എത്ര നാളെയാലും ഞാൻ താജ്മഹൽ കണ്ടിട്ടേ വരൂ “
വർഷം എത്രയോ കടന്നുപോയി. താജ്മഹൽ കാണാൻ തനിച്ചുപോയ ഗോകുൽ ഇതുവരെ വെളിയന്നൂരിൽ മടങ്ങിവന്നില്ല. വെളിയന്നൂരിലേ ആ കുന്നിൻമുകളിലെ വീട്ടിൽ ഗോകുൽ എഴുതിവച്ച ആപേര് അവിടെ ഇന്നും തൂങ്ങിയാടുന്നു.
‘താജ്മഹൽ “

നിങ്ങൾ വരുന്നോ വെളിയന്നൂരിലേക്ക് ഗോകുലിന്റെ താജ്മഹൽ കാണാൻ. റബ്ബർ തോട്ടത്തിന്റെ തണുപ്പേറ്റ്, കാപ്പിപ്പൂവിന്റെ മാസ്മര സുഗന്ധമേറ്റ്, മഹാഗണികാടിന്റെ ഇരുൾ തിങ്ങിയ നിശബ്ദതയേറ്റ്, ഇന്നും രേഖയുടെ പശുക്കൾ മേഞ്ഞു നടക്കുന്ന തോട്ടത്തിലെ ചാണകം പതിഞ്ഞ നടപ്പു വഴിയിലൂടെ ഒരു കൗമാരക്കാരന്റെ സ്വപ്നങ്ങളുടെ കൂടാരത്തിലേക്ക്. അവിടെ നിങ്ങൾക്ക് കാണാം വെണ്ണക്കല്ലിന്റെ ഒരു നുറുങ്ങു പോലും ഇല്ലാത്ത സ്വപ്നങ്ങളുറങ്ങുന്ന മൺകട്ടകൾ അടർന്നു വീണു തുടങ്ങിയ ഒരു താജ്മഹൽ.

കുറിപ്പ്

ഈ കഥ തികച്ചും സാങ്കൽപ്പികം എന്ന് നിങ്ങൾ വിശ്വസിക്കണം. പക്ഷേ വെളിയന്നൂർ ഗ്രാമം അതെന്റെ സ്വർഗ്ഗമാണ് ഒരു പക്ഷേ മറ്റു പലരുടെയും.

By ivayana