രചന : ബാബു ഡാനിയൽ.✍
കുണുങ്ങി കുണുങ്ങി കടക്കണ്ണെറിയും
നവോഢയെപ്പോലെന്നരികിലെത്തി
ചിണുങ്ങിചിണുങ്ങി വിറയാര്‍ന്നചുണ്ടാല്‍
നനവാര്‍ന്ന ചുംബനമേകിയോളേ.
നിനയാത്തനേരത്തരികത്തണഞ്ഞ്
നയനാമൃതം നല്‍കി നടനമാടി
നവനീതഗാത്രിയെന്‍ കാമിനിയെപ്പോല്‍
നിറമാര്‍ന്നരോര്‍മ്മകള്‍ നല്‍കിയോളേ
അത്രമോദത്താല്‍ കഴിഞ്ഞ ദിനങ്ങളെ
എത്രവേഗേന നീ വിസ്മൃതിപൂകി
വിസ്മയമാകുന്നുണ്ടിന്നെന്‍റെ മാനസം
നാട്യം പഠിച്ചനിന്‍ വേഷപ്പകര്‍ച്ചയാല്‍
കാര്‍മുകിലാമശ്വത്തേര്‍തെളിച്ചെത്തി നീ
പ്രചണ്ഡതാളവും ഹുങ്കാരമോടെയും
നഗ്നികാരൂപേ മുടിയഴിച്ചാടിനീ
അഗ്നിയാല്‍ തീര്‍ത്തൊരാ ചാട്ടവാര്‍വീശി
അടര്‍ക്കളം തീര്‍ത്തു നീ ധരിത്രിതന്‍ മാറില്‍
അമര്‍ഷംപുകച്ചു പ്രഹരം തുടങ്ങി
അംബരസീമകള്‍ നടുങ്ങി വിറച്ചു
അദ്രിതന്‍ നിടിലം വിറയാര്‍ന്നു നിന്നു
പ്രത്യുഷസൂനങ്ങള്‍ വിടരാതെ നിന്നു
വിഭാകരന്‍ നമ്രശിരസോടെ നിന്നു
അപരാധമെന്തു ഞാന്‍ചെയ്തതെന്നറിയാതെ
ആലംബഹീനനായ് നിലയറ്റു നിന്നു.