രചന : അഫ്സൽ ബഷീർ തൃക്കോമല✍️
1948 ൽ പ്രഥമ ആരോഗ്യസഭ ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്ത് 1950 മുതൽ എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു .ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനവും ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം ഉപയോഗപ്പെടുത്താനും തീരുമാനിച്ചു .
ആഗോളതലത്തില്‍ മനുഷ്യരാശിക്ക് മുഴുവൻ ഭീഷണിയുയര്‍ത്തി കൊറോണ വൈറസ് വ്യാപനം മൂന്ന് ഘട്ടങ്ങൾ കടന്നു പോകുന്നതിനത്തിനിടയിലാണ് ഇന്ന് ലോകാരോഗ്യ ദിനം ആചരിക്കുന്നത് . പൊതുജനാരോഗ്യ രംഗത്ത് “നഴ്സുമാരുടേയും പ്രസവ ശുശ്രൂഷകരുടേയും പങ്ക് “മുന്‍ നിര്‍ത്തിയാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ 2020 ലെ ആരോഗ്യ ദിനം ആചരിച്ചത് . കൊവിഡ് എന്ന മഹാവ്യാധിക്ക് മുമ്പില്‍ സ്വന്തം ജീവന്‍ പണയം വച്ച് മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിൽ തന്നെയാണ് ഈ ലോകാരോഗ്യ ദിനത്തിലും ആരോഗ്യ പ്രവർത്തകർ
ഒന്നടങ്കം. കൊവിഡ് രോഗികളുടെ പരിചരണത്തിന് അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർക്കൊപ്പം നഴ്സുമാരെ കഴിഞ്ഞ വര്ഷങ്ങളിലെ പോലെ ഈ വർഷവും പ്രത്യേകമായി ആദരിക്കുകയാണ് ലോകാരോഗ്യ സംഘടന .കൊറോണ വ്യാപനത്തിനെതിരെയുള്ള പോരാട്ടം നഴ്സുമാരുടെ സഹായമില്ലാതെ വിജയം കാണില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.ലോകത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ പകുതിയിലധികം നഴ്സുമാരാണെന്നാണ് ലോകാരോഗ്യ സംഘടന യുടെ കണക്ക്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും ആരോഗ്യ രംഗത്ത് നഴ്സിംഗ് ജോലിയിൽ ആവശ്യത്തിനുള്ള ആളില്ല. ലോകാരോഗ്യ പരിരക്ഷാ വികസന ലക്ഷ്യം 2030ല്‍ കൈവരിക്കണമെങ്കില്‍ അധികമായി വേണ്ടത് തൊണ്ണൂറു ലക്ഷം നേഴ്സ് ജോലിക്കാരെയാണ് .
കേരളത്തിൽനിന്നുള്ള നേഴ്സ് ജോലിക്കാർക്ക് അന്താരാഷ്‌ട്ര തലത്തിൽ മികച്ച പരിഗണന ലഭിക്കുമ്പോൾ കേരളത്തിൽഇവർ നേരിടുന്ന അവഗണനക്കു ശാശ്വത പരിഹാരം
കണ്ടേ മതിയാകൂ .കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ കേരളം മാതൃകയായി എന്ന് മേനി നടിക്കുമ്പോൾ അംഗീകാരങ്ങളൊന്നും നഴ്സിംഗ് രംഗത്തുള്ളവരെ തേടിയെത്താൻ സാധ്യതയില്ല .ലോകാരോഗ്യ സംഘടന നഴ്സിംഗ് രംഗത്തുള്ളവരെ ആദരിക്കാൻ മുൻപോട്ടു വരുമ്പോൾ കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് വരാൻ ആവശ്യമായ സാഹചര്യം ഒരുക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട് .മഹാവ്യാധികൾ വരുമ്പോൾ മാത്രം “മാലാഖമാരെ” ആദരിക്കുകയും അത് കഴിയുമ്പോൾ അവരെ മറക്കുകയും ചെയുന്ന ഭരണ കൂടം പുനർചിന്തക്കു വഴിമാറട്ടെ.
"നീതിയുക്തവും ആരോഗ്യ പൂർണവുമായ ലോകം പടുത്തുയർത്താം" എന്ന സന്ദേശമാണ് കഴിഞ്ഞ വര്ഷം ലോകാരോഗ്യ സംഘടന മുന്പോട്ടു വെച്ചതെങ്കിൽ ."നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം' എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ലോകം മുഴുവൻ പ്രകൃതി വിരുദ്ധ മനോഭാവം വർധിച്ചു വരുമ്പോൾ നമ്മുടെ ഭൂമിയെയും പ്രകൃതിയെയും ആവാസ വ്യവസ്ഥകളെയും സംരക്ഷിച്ചു ആരോഗ്യപ്രദമായ പുതിയ ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.
ദീർഘായുസ്സിനും സമാധാനപൂർണമായ ജീവിതത്തിനും മികച്ച ആരോഗ്യം ആവശ്യമാണെന്നും അതിനായി വ്യക്തിഗത ശുചിത്വവും ആഹാര നിയന്ത്രണങ്ങളും വ്യായാമങ്ങളും കൃത്യ നിഷ്ഠയും ഓരോരുത്തരും പാലിക്കാൻ തയാറാകണം.ആഹാരമില്ലാതെ മരിക്കുന്നവരേക്കാൾ ഇരട്ടിയിലധികം അമിതാഹാരം മൂലം മരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. രാജ്യത്തെ ജനങ്ങൾക്ക് നല്ല ആരോഗ്യത്തിന് അനുയോജ്യമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കാൻ ഭരണ കൂടങ്ങൾക്കും ബാധ്യതയുണ്ട്.
ആരോഗ്യ ദിനാശംസകൾ…..