രചന :സാബു നീറുവേലിൽ✍️

എല്ലാം ക്രമക്കേടുകൾ
എങ്ങും പൊളിവാക്കുകൾ
ഗുണനഹരണ സങ്കലന വ്യവകലനത്തിൻ പടപ്പുകൾ
ഒന്നും കുറയ്ക്കുവാൻ
ഇല്ലാത്ത ജീവിതം.
കൂട്ടി വയ്ക്കുവാൻ കട-
പ്പെരുക്കത്തിൻ നാളുകൾ
പാഴ് വേലയിൽ മുഴു
ജന്മം കഴിക്കുവോർ.
പാഴ്മണ്ണ് തിന്നും
പശിയടക്കുന്നവർ.
ഇരുൾ മൊത്തിക്കുടിക്കും
അറവു മാടുകൾ
സ്വപ്നം ഇറുത്തെടു-
ത്തന്നം മുടക്കുവോർ
സ്വപ്നങ്ങൾ കൂട്ടി-
വച്ചുന്നം പിഴക്കുവോർ
സ്വപ്നാടനം ചെയ്ത്
വഴി മറക്കുന്നവർ.
കാശിൻ്റെ കീശയിൽ
കൈയിട്ട് നോക്കുവോർ
പൊൻപണം നോക്കി
വിധിയെഴുതുന്നവർ
കണ്ണടച്ചിരുട്ടാക്കും
നീതി ദേവതയും
വിധിയെ പഴിച്ചു
വിധിവൈപരിത്യം.
ആർക്കാനും വേണ്ടി
ഭരണം നടത്തുവോർ
ആരൊക്കെയോ അതിൻ
വറ്റ് തിന്നുന്നവർ.
ഞാനൊരു നിഴൽ മാത്രം
മല മറിക്കുമെന്ന
വാഗ്ദാനത്തിൽ
മനം നിറഞ്ഞ് ചൂണ്ടു
വിരലിൽ മഷി പുരട്ടി
കാലാകാലങ്ങളിൽ
വരി നിൽക്കുന്നവൻ.

സാബു നീറുവേലിൽ

By ivayana