രചന : ഹരിദാസ് കൊടകര✍️
മികച്ച വാക്കിൻ
വിഭാഗത്തിലിന്നും
വാക്കെന്ന വാക്കിന്-
തന്നെയാദരം
പലരും തുന്നിയെടുത്ത
കുപ്പായം
തോട്ടിലേക്കിട്ടു
പഴയ പാട്ടുകേൾക്കാൻ
വീണ്ടുവിചാരമില്ലാത്ത-
ഷാപ്പിലേയ്ക്കോടി
വെയിലും വിലാപവും
കൊണ്ടുനിന്നേ പറ്റു
പുഷ്ടി വരുത്തി
വലിയവനാക്കാതെ
കൊല്ലുവാനാകുമൊരിളം-
പ്രായമിപ്പോൾ
കൊല്ലുവിൻ തങ്ങളെ
തങ്ങളിൽ തന്നെ..
ഷാപ്പിന്നകം തുടി
കൊണ്ടു നിന്നവൻ പെറ്റു
“മനുഷ്യനെത്ര ദുർബലൻ
മാനുഷ്യമെത്ര ദുർലഭം”
ഈ വീട് എന്റെയല്ലാ
അച്ഛന്റേതുമല്ലാ
അച്ഛാച്ചന്റേതുമല്ല
മരണ മഴയത്ത്
നനയാതിരിക്കാൻ
മഴ തന്ന തീർപ്പ്
ഒന്നായ രണ്ടിനും
ഞാനെന്നതേ ചോദ്യം
മനസ്സിലും വീട്ടിലും
ലവലേശമെങ്കിലും
ജനാധിപത്യമില്ലെന്ന്
മിഴി ചേർത്തു മൂളണം
പഴമ്പുരാണം കേട്ടവാറെ
കാതൊന്നയഞ്ഞു
ജനലടയ്ക്കാൻ
കയ്യങ്ങുയർന്നതും
കൈവാളുതിർന്നതും
ചിന്ത്യം..
ഞാനെന്നുമെന്നും വിപ്ലവമന്ത്യം
ശ്വസിപ്പവൻ..
തല വിലങ്ങായവൻ
തദ്ദേശവാസി.