രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍
കണ്ണുനീർപൊഴിച്ചയ്യോ,
കരയുന്നൊരാകുഞ്ഞിൻ,
ദണ്ണമൊന്നറിയുവാ-
നാരൊന്നു തുനിഞ്ഞിടൂ!
ജീവിതം വൃഥാവിലാ-
പങ്ങളായ് മാറീടുമ്പോൾ,
ഈ വിധംകരയുവാ-
നല്ലാതെന്തുള്ളൂ,മാർഗം?
അമ്മതൻ വേർപാടൊട്ടു,
സഹിക്കാനാവാതുള്ളം;
ഉൻമുഖം പിടയുമ്പോ-
ളെന്തുഞാൻ ചൊല്ലീടേണ്ടൂ!
പെറ്റതള്ളതൻ സ്നേഹം
കുഞ്ഞിലേ പൊലിഞ്ഞീടിൽ;
ഉറ്റതായ് വേറെന്തുള്ളൂ,
പകരം വച്ചീടുവാൻ!
പിഞ്ചിലേ മനസ്സനാ-
ഥത്വത്തിന്നിരുൾ പൂകേ;
നെഞ്ചിനുള്ളിലെ നീറ്റ-
ലെങ്ങനെ,യടക്കിടാൻ!
അമ്മയുണ്ടെങ്കിൽ കുഞ്ഞു,
കരയുമ്പൊഴേതന്നെ;
ഉമ്മകൾ കൊടുത്തുട-
നാശ്വാസം പകർന്നേനെ!
എത്തിടുമോരോനാളും;
അത്രമേലഴൽ പേറും
ഹൃത്തുമായല്ലോനട-
കൊള്ളേണ്ടതതി ദൈന്യം!
ജനിക്കുംമുന്നേയച്ഛൻ
മരിച്ചോരാ,കുഞ്ഞിന്റെ;
മനസ്സിന്നഗ്‌നിജ്വാല-
യിറ്റൊന്നു കെടുത്തുവാൻ,
ആവണം നമുക്കെല്ലാ-
മൊന്നുപോലെന്നാകിലേ;
ജീവിതം സുഗന്ധപൂ-
രിതമായ് മാറൂമന്നിൽ
ഉറ്റസ്നേഹത്തോടേവം,
പോറ്റിടേണ്ടവർ മുന്നേ,
വിട്ടുപോവുകിലെന്തു,
സൗഖ്യമുണ്ടമ്മുന്നിലായ്!
കർമത്തിൻ ഫലമെന്നു
ചൊല്ലുന്നൂവേദാന്തികൾ
കൽമഷത്തിൻ കാരണ-
മൊക്കെയു,മത്യത്ഭുതം!
ഏതുജന്മത്തിൻ കർമം
പിഴച്ചെന്നറിവീല,
വേദനയ,ക്കുഞ്ഞിന്റെ
ചേതന,നീറ്റീടുവാൻ!
കാലത്തിൻ കരുവാളി-
ച്ചുള്ളൊരാ മുഖമല്ലോ,
ജാലകപാളിതെല്ലു
തുറന്നപ്പൊഴേകാണ്മൂ!
സൃഷ്ടിതൻ പര്യായങ്ങ-
ളൊന്നുമേയറിയാതെ,
തുഷ്ടിയറ്റിരിപ്പുഞാൻ
കണ്ണുകൾമിഴിച്ചേവം!
മണ്ണിലായൊരുജീവൻ
മുളയ്ക്കുമ്പൊഴേ തന്നെ
വിണ്ണോളം ദുഃഖമതി-
ലെന്തിനേഭവിക്കുന്നു!
അറിയുന്നീലാ,ഭവാൻ;
ഇങ്ങനെയൊരു ജൻമം
പിറവികൊള്ളുന്നതിൻ
കാരണമെന്തെന്നുഞാൻ!
പിറവിക്കുമുന്നാലേ,
വിധിക്കുന്നുവോ,കർമ്മം
പിറന്നാലതിന്നുള്ളിൽ
പിടഞ്ഞൊട്ടുഴലുവാൻ!
വർണ്ണനാതീതമത്രേ-
യിപ്രപഞ്ചത്തിൻപൊരുൾ
വർണ്ണിപ്പാൻ മുതിരുന്നോ,
രാഴ്ന്നുപോമഴലിങ്കൽ!
തളരുന്നിതാമേനി,
തകരുന്നഹോ ചിത്തം,
തെളിയുന്നില്ലാകണ്ണിൽ
കാഴ്ച്ചകളൊന്നൊന്നുമേ!
കവിമാതേ കൈതൊഴാം,
കനിഞ്ഞീടുകെന്നാത്മ-
ഹവിസ്സായ് കത്തിക്കാളി,
യഴലൊട്ടകറ്റുവാൻ.