രചന : ഒ കെ.ശൈലജ ടീച്ചർ ✍

ഡയാലിസ് യൂണിറ്റിലെ
പൂത്തുമ്പിയായിരുന്നു
ദിയ മോൾ. കുസൃതിക്കാരിയായ മിടുക്കി . ആ
കണ്ണുകളിലെ നക്ഷത്രത്തിളക്ക
വും ചുണ്ടിലെ വിടർന്ന ചിരിയും ആരിലും കൗതുകം ഉളവാക്കുന്നതായിരുന്നു. തന്റെ ക്ലാസ്മേറ്റായിരുന്നു ജയൻ . അവന്റെ ഏക മകൾ ദിയ പഠനത്തിൽ മാത്രമല്ല. ചിത്രരചനയിലും മിടുക്കി ആയിരുന്നു
എപ്പോഴും അവളുടെ കൈകളിൽ ബ്രഷും ചായവും കാണും
എത്ര മനോഹരമായിട്ടാണ് ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്ക് അവളുടെ കുഞ്ഞു കരങ്ങൾ ജീവൻ നല്കുന്നത്.
അവളുടെ ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാൻ തോന്നില്ല.
ഒരു ദിവസം ഞാൻ അവളുടെ അടുത്ത് ചെന്നപ്പോൾ അവൾ വരച്ചു കൊണ്ടിരുന്ന ചിത്രം മറച്ചുവെച്ചു
“എന്താ മോളേ അങ്കിൾ അതൊന്നു കാണട്ടെ”
“ആയിട്ടില്ല അങ്കിളേ . അത് പൂർത്തിയായിട്ടില്ല”
” ആണോ : എങ്കിൽ മോള് പൂർത്തിയാക്കിയിട്ട് കാണാം”
‘അങ്കിളേ ഞാനിത് പൂർത്തിയാക്കിക്കഴിഞ്ഞാൽ ഇത് അങ്കിളിനുള്ളതാണ്. മറക്കണ്ട കേട്ടോ”
അത് പറയുമ്പോഴും മോളുടെ മുഖത്ത് പുഞ്ചിരി വിടർന്നിരുന്നു .
ആ യൂണിറ്റിലെ മൂളലുകൾക്കും നിലവിളികൾക്കും പിറുപിറുക്കലുകൾക്കുമിടയിൽ അവൾ മാത്രം എപ്പോഴും ചിരിച്ചു കൊണ്ടിരുന്നു
ഒരു ദിവസം എന്നെ കണ്ടയുടനെ അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു
“അങ്കിളേ അങ്കിളിന്റെ കൈയ്യിൽ കാശ് ഉണ്ടാ?
കാശ് ഉണ്ടെങ്കിൽ മാറ്റി വെക്കാമെന്ന് ഡോക്ടർ അഛനോട് പറഞ്ഞു
” കിഡ്നി മാറ്റി വെക്കുന്ന കാര്യമാണ് മോള് ഏറെ പ്രതീക്ഷയോടെ പറഞ്ഞത്. ആ കണ്ണുകളിൽ ശുഭപ്രതീക്ഷയുടെ തിളക്കം കണ്ടപ്പോൾ ആ കുരുന്നു മനസ്സിലെ ആ ഗ്രഹം സഫലമാക്കാൻ വേണ്ടി എന്ത് ത്യാഗം സഹിക്കാനും തയ്യാറാകണമെന്ന് സ്വയം മനസ്സിൽ തീരുമാനമെടുത്തു.
മോളേ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു..
“മോള് വിഷമിക്കേണ്ട. ഡോക്ടർ പറഞ്ഞതുക അങ്കിൾ ഉണ്ടാക്കിക്കൊടുക്കും”
പിന്നീടുളള രണ്ടു ദിവസങ്ങളിലും ദിയ മോളേയും അഛനേയും കണ്ടില്ല.
എന്ത് പറ്റി ദിയ മോൾക്ക് ?
ഞാൻ ഡോക്ടറുടെ റൂമിലേക്ക് വേഗത്തിൽ ചെന്നു.
‘ഡോക്ടർ ദിയ മോളേ രണ്ടു ദിവസമായല്ലോ കാണാത്തത് !!?
“ബാലു പത്രം വായിച്ചില്ലേ ? പത്രമെടുത്ത് നീട്ടിക്കൊണ്ടു ഡോക്ടർ പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ചരമകോളത്തിൽ എന്റെ പൂത്തു മ്പിയുടെ ഫോട്ടോയും
ഈ ശ്വരാ ….. ഒന്നേ നോക്കിയുള്ളൂ. ശരീരം തളരുന്നത് പോലെ
സഹായത്തിന് കാത്തു നിൽക്കാതെ എന്റെ പൂത്തുമ്പി പറന്നകന്നു പോയിരിക്കുന്നു.”
” ബാലൂ …”
“എന്താ ഡോക്ടർ ?”
” ഇവിടെ ഒരു ചിത്രം ബാലുവിന് തരാൻ വേണ്ടി ഏല്പിച്ചിരുന്നു ഇതാ:”
” നോക്കട്ടെ”
ഡോക്ടറുടെ കൈയിൽ നിന്നും ആ ചിത്രം വാങ്ങി നോക്കിയപ്പോൾ നിയന്ത്രണംവിട്ടു പൊട്ടിക്കരഞ്ഞു പോയി.
“എന്റെ കൈ പിടിച്ചു നില്ക്കുന്ന ദിയ മോൾ”
” മോളേ …… അങ്കിളിന്റെ കൈ പിടിച്ചു നിന്നിട്ട് മോൾ എന്തേ പോയ്ക്കളഞ്ഞത് ?”

ഒ കെ.ശൈലജ

By ivayana