രചന : രാഗേഷ് ചേറ്റുവ ✍
മത്സരമാണ്,
കാക്കത്തൊള്ളായിരം കവികൾക്കിടയിൽ
ഒരു കടുകിനോളം വലിപ്പമുള്ള ഞാനും.!
ഒരുവന്റെ ഉദ്ധരിച്ച ലിംഗമാണ് വിഷയം.
പൂക്കളെ, ശലഭങ്ങളെ, മഴയെ, പ്രണയത്തെ മാത്രം
എഴുതിയിരുന്ന എനിക്ക് വാക്കുകൾ പുളിക്കുന്നു,
വിരലുകളിൽ വഴുക്കൽ,
മഷി വറ്റിയ പേനയിൽ നിന്നും
ഒരേയൊരു വാക്ക് മാത്രം സ്ഖലിച്ചൊഴുകുന്നു,
“വേദന”
വേദനയെന്ന വാക്കിന്റെ തുടക്കത്തിൽ മാത്രം അച്ഛൻ,
വാക്കും നിറഞ്ഞൊടുവിലെ കുത്തും നിറഞ്ഞമ്മ.
രാവ് കറുക്കുമ്പോൾ ഇപ്പോഴും
ചുറ്റിലും അച്ഛനെ കാണുന്ന പോലെ
അമ്മയ്ക്ക് നോവും,
എനിക്ക് നീന്തിക്കുളിക്കുവാൻ പാകത്തിൽ കണ്ണീർപ്പുഴയൊഴുക്കും.
ഞാൻ “വേദന”യെന്ന കവിതയ്ക്കൊടുവിലെ
കുത്തിന് ശേഷം മത്സരവേദിയുപേക്ഷിക്കുന്നു.
ഞാൻ തിരിഞ്ഞ് നോക്കുന്നില്ല,
വിജയി ഞാനാകുമെന്നതിൽ എനിക്ക് തെല്ലും
സന്ദേഹമില്ല.
വിജയിക്ക് സമ്മാനം നൽകുന്നത് ചിലപ്പോൾ ആ ‘പിതാവാ’കാം!!
ഇരുളിന്റെ മുഖമുള്ളയാളെ ഞാൻ തിരിച്ചറിയുകയില്ല.
കടുകോളം മാത്രം വളർന്നൊരീ
കണ്ണുനീർതുള്ളിയായ എന്നെയാ പിതാവും…