രചന : സജി കണ്ണമംഗലം✍
ഭൂമിയിലിന്നെവിടായാലും
താമസമുണ്ടൊരു മലയാളി
ഈ മണ്ണിൻ നേരവകാശം
വ്യാമോഹം തന്നെവിതർക്കം…!
അരിയെത്തിച്ചാകാൻ മാത്രം
നരജന്മം കൊണ്ടവർ നമ്മൾ
അരികത്തെപ്പാഴ്ജന്മത്തെ
തരിപോലും കാണാതുള്ളോർ…!
ലോകത്തിൻ സുഖമാണല്ലോ
ഏകത്വം പുലരും മന്ത്രം
നാകത്തിൻ വഴിയാണല്ലോ
സ്വീകാര്യം ഭാരതമണ്ണിൽ…!
സംസ്ഥാനം വിട്ടെവിടെല്ലാം
സഞ്ചാരം ചെയ്തവർ നമ്മൾ
സാഫല്യം പൂകാനെല്ലാ
സീമകളും താണ്ടിയവർ നാം…!
ഈ നാട്ടിലൊരിൻഡ്യക്കാരൻ
ഇച്ഛിച്ചതു ജീവനമാർഗ്ഗം…
ഇന്നിപ്പോളിവരെ നമ്മൾ
ഇതരന്മാരെന്നു വിളിപ്പൂ…!
നമ്മെപ്പോൽ ലോകത്തുണ്ടോ
ഇമ്മട്ടിൽ ലോകത്തെല്ലാം
എന്നാലും നമ്മൾക്കെന്നും
മുന്നിൽത്താൻ സ്വാർത്ഥവിചാരം…!