രചന : ഷാജി നായരമ്പലം ✍

കൊഴിഞ്ഞുപോയെന്നാലു-
മിലകൾ ഒന്നൊന്നായി-
പ്പെറുക്കിക്കൂട്ടിക്കാലം
പതിച്ച കൈയൊപ്പുകൾ
തുടച്ചുമിനുക്കിയും
മിഴിവേകിയും ഡോക്ടർ
എനിക്കായയക്കുന്നു-
ണ്ടതിൽ ക്കണ്ടതാണിവൻ
തെന്നാലി രാമൻ, കൊച്ചു
കുരങ്ങൻ അതിഥിയായ്
വന്നു തൻ്റെ വീട്ടിലെ
അംഗമായതിൻ കഥ.!

ആലുവാപ്പാലത്തിൻ്റെ
യിറക്കിൽ പെരിയാറിൻ
തീരത്ത് പുതുതായി
പണിഞ്ഞ ഗൃഹം, വർഷം
അമ്പതു കഴിഞ്ഞതാ-
ണെങ്കിലും, ഗതകാല-
യോർമ്മകളടുക്കോടെ
കെട്ടിവയ്ക്കയാം ഡോക്ടർ.

താമസം തുടങ്ങിയ നാൾ മുതൽ
മുറ്റത്തുള്ള മാവിലെ-
ക്കൊമ്പിൽ ച്ചാടി
നടക്കുന്നവൻ പിന്നെ
വീട്ടുകാരുമായ്ച്ചിര-
കാലത്തെ ചങ്ങാത്തമായ്
വീട്ടിലെയൊരാളായി-
ത്തീർന്നപോൽ ചമഞ്ഞവൻ…

ആഥിത്യമതിർവിട്ട
അമിത സ്വാതന്ത്ര്യമായ്
വീടിലെത്തുവോർക്കൊക്കെ
ശല്യമായ് പരാതിയായ്
എങ്ങനെയൊഴിവാക്കും?
പല മാർഗ്ഗവും നോക്കി
പല്ലിളിച്ചവൻ നിൽക്കും,
വഴി മുട്ടിപോൽ ഡോക്ടർ.

അങ്ങനെയിരിക്കെ വന്നെ-
ത്തിയ സുഹൃത്തൊരാൾ
രാമനെയോടിക്കുവാൻ
മാർഗ്ഗവും പറഞ്ഞെത്തി…

തെന്നാലി സ്ഥിരം വാഴും
താവളം, ചെന്തൊങ്ങൊന്നു-
ണ്ടതിൻ്റെ ചോട്ടിൽ
മാലപ്പടക്കം പൊട്ടിച്ചയാൾ!
ഉഗ്രസ്ഫോടനം കേട്ടു
ഭയന്നു വിരണ്ടവൻ
അഗ്ഗൃഹം ഉപേക്ഷിച്ചു
പാഞ്ഞ്പോയതാണന്ന്….

പിന്നെയാത്രയിൽ നദി-
ക്കക്കരെത്തരുക്കളിൽ
തെന്നിമാറിയപോലെ
കണ്ടതാണെന്നാകിലും
തെന്നാലിയൊരിക്കലും
തിരിച്ചെത്തിയില്ലവൻ
വന്നു പോയതോ ഡോക്ടർ
മറന്നില്ലെന്നാകിലും….

ആലുവാ പാലത്തിൻ്റെ കിഴക്കരുകിൽ പെരിയാറിൻ്റെ തെക്കെത്തീരത്ത് ആശ്രമ സമം ഒരു വീടുണ്ട്. ആലുവാ മെഡിക്കൽ സെൻ്റർ ഉടമ ഡോക്ടർ ഉസ്‌മാൻ താമസിക്കുന്ന സ്ഥലം. പ്രായാധിക്യം മൂലം ഇപ്പോൾ വിശ്രമജീവിതം. പക്ഷെ അദ്ദേഹം വെറുതെയിരിക്കുന്നില്ല സ്വന്തം ജീവിതത്തിൽ കണ്ട കാലത്തിൻ്റെ അടയാളങ്ങൾ ഓർത്തെടുത്ത് അടുക്കിവയ്ക്കുന്നു.

ഷാജി നായരമ്പലം

By ivayana