രചന : സെഹ്റാൻ✍

18/2/19 – –
➖➖➖➖➖
‘ജെ’ യുടെ തെരുവ് നിറയെ പൊടിപടലങ്ങളാണ്. ഉഷ്ണക്കാറ്റ്!
ക്യാൻവാസ് ശൂന്യം. മനസ്സും.
ജാലകം തുറന്നു. എതിർവശത്തെ വീടിന്റെ ജാലകവും തുറന്നുതന്നെ കിടക്കുന്നു. ഒരു മിന്നായം പോലെ വീണ്ടുമവളുടെ മുഖം കണ്ടു!

20/2/19 – –
➖➖➖➖➖
തുടങ്ങിവെച്ച ചിത്രം ഇനിയും പൂർത്തിയാക്കിയിട്ടില്ല. മടുപ്പ്! ചായക്കൂട്ടുകൾ കൈയിലിരുന്ന് ഉണങ്ങിവരളുന്നു. ഫർഹാൻ ഹബീബിന്റെ ചിത്രങ്ങൾ എന്തുകൊണ്ട് വിഭ്രാന്തികളെയും, ഉൽക്കണ്ഠകളെയു
മാത്രം പ്രതിനിധീകരിക്കുന്നുവെന്ന് ജനം ചോദിക്കുന്നു. മറുപടിയെന്ത് പറയാൻ ?
ഓരോ കലാസൃഷ്ടിയിലും തന്റെ മനസ്സിനിണങ്ങുന്ന ഘടകങ്ങൾ ഘടകങ്ങൾ ഉള്ളടങ്ങിയിരിക്കണമെന്ന് ആസ്വാദകൻ ചിന്തിക്കുന്നു. ഓരോ സൃഷ്ടിയിലും തന്റെ സർഗാത്മകതയുടെ മൗലികമായൊരു കയ്യൊപ്പ് വേണമെന്ന് കലാകാരനും. വ്യതിരിക്തമായ രണ്ടു ചിന്താഗതികളും സംയോജിക്കുന്നത് ഒറ്റ കലാസൃഷ്ടിയിലാണ്. അത് ഒരേസമയം സ്രഷ്ടാവായ കലാകാരന്റെ ഉൽപ്പന്നവും,
അതിനെ ബൗദ്ധികമായി മറ്റൊരു തലത്തിൽ നിർദ്ധാരണം ചെയ്യുന്നയാളെന്ന നിലയിൽ ആസ്വാദകന്റെ ഉൽപ്പന്നവുമാണ്. ഈ രണ്ടു വ്യത്യസ്ത സമീപനങ്ങൾക്കിടയിൽ എവിടെയാണൊരു കലാസൃഷ്ടിയുടെ സ്വത്വം നിലകൊള്ളുന്നത്…?

21/2/19 – –
➖➖➖➖➖
എതിർവശത്തെ ജാലകത്തിലൂടെ ഇന്നലെയവളുടെ മുഖം വ്യക്തമായിക്കണ്ടു. അതേ മുഖം?
കാലങ്ങളായി സ്വപ്നങ്ങളിൽ ദർശിച്ചു കൊണ്ടിരിക്കുന്ന…
കുളികഴിഞ്ഞീറനായ മുടിയിഴകൾ അവളുടെ മുഖത്ത് ചിതറിക്കിടന്നിരുന്നു. നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്ന
മിഴികളിയിരുന്നു അവളുടേത്. പ്രണയദാഹത്താൽ വിടർന്ന അധരങ്ങളും. ഇണയോട് ചിറകുരുമ്മി ചേർന്നിരിക്കുന്ന വെള്ളരിപ്രാവിന്റെ മുഖം.
കണ്ണെടുക്കാതെ ഉറ്റുനോക്കുന്നത് അറിഞ്ഞെന്നപോൽ അവളെനിക്ക് നേരിയൊരു പുഞ്ചിരി സമ്മാനിച്ചു.
ഹാ! ലോകം കീഴ്മേൽ മറിഞ്ഞിരിക്കുന്നു.
ശൂന്യമായ ക്യാൻവാസിൽ പ്രണയത്തിന്റെ കടുംനിറങ്ങൾ…

23/2/19 – –
➖➖➖➖➖
അവളുടെ പേര് സോഫിയ എന്നാണ്. വ്യാപാരിയായ താരീഖ് അൻവറിന്റെ ഭാര്യ.
താരീഖ് അൻവർ കച്ചവടസംബന്ധമായി ദീർഘയാത്രകൾ നടത്തുന്നൊരാളാണ്. ഇപ്പോഴയാൾ ‘ജെ’ യ്ക്ക് വെളിയിലാണ്. വീട്ടിൽ സോഫിയയും, കുറച്ച് ദാസികളും മാത്രം. ഇത്രയുമെനിക്ക് പറഞ്ഞുതന്നത് തെരുവിലെ പൂക്കച്ചവടക്കാരനായ ഹമീദ് അൻസാരിയാണ്. അപ്പുറത്താരാണ് താമസമെന്ന എന്റെ തീർത്തും വികാരരഹിതമായ ചോദ്യത്തിന് മറുപടിയായി…
(എത്രതന്നെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അന്നേരമെന്റെ ശബ്ദത്തിന് പ്രണയപാരവശ്യത്തിന്റേതായ ഒരു ഇടർച്ചയുണ്ടായോ എന്ന് ഞാൻ സന്ദേഹിക്കുകയുണ്ടായി)

25/2/19 – –
അസ്തമയം കഴിഞ്ഞാൽ ‘ജെ’ യുടെ കടൽത്തീരം മിക്കവാറും വിജനമാകും. വളരെക്കുറച്ച് പേർ മാത്രം അവിടവിടെയായി തങ്ങിനിൽക്കും. പിന്നെയവരും പതിയെ നീങ്ങും. കടൽ വളരെ പ്രിയങ്കരമാണെനിക്ക്.
കടലിന്റെ ശബ്ദം. കടലിന്റെ ഗന്ധം. കടൽക്കാറ്റിന്റെ ആലിംഗനം…
ചില ദിവസങ്ങളിൽ പാതിരാ പിന്നിടും വരെ കടലിനോട് സല്ലപിച്ച് അങ്ങനെയിരിക്കും. ചിലപ്പോൾ കടപ്പുറമണലിലുറങ്ങും.
ആളുകളൊഴിഞ്ഞിട്ടും അവിടം വിടാതെ ഒറ്റയ്ക്കിരിക്കുന്നൊരു സ്ത്രീരൂപം കാഴ്ച്ചയിൽ പെട്ടു. വിജനമായ കടപ്പുറത്ത് അസ്വാഭാവിക കാഴ്ച്ചയായത് തോന്നി. ആകാംക്ഷയോടെയെങ്കിലും ധൃതിപ്പെടാതെ ഞാനവരുടെ സമീപത്തേക്ക് നടന്നു.
അത്ഭുതം! സോഫിയ ആയിരുന്നുവത്.
അവളുടെ മുഖത്തൊരു പരിചയഭാവം നിഴലിച്ചുവെങ്കിലും തെല്ലുപോലും പുഞ്ചിരി പരന്നില്ല. ഒന്നുമുരിയാടാതെ കൈയിലിരുന്ന പുസ്തകം അവളെനിക്ക് നീട്ടി. താളം മുറിഞ്ഞ ഹൃദയമിടിപ്പുകളോടെ ഞാനത് തുറന്നു.
പ്രക്ഷുബ്ധമായ മറ്റൊരു കടൽ കണ്ടു!!

26/2/19 – –
➖➖➖➖➖
അവളുടെ പുസ്തകത്തിലെ കടൽത്തിരകളിൽ ആഞ്ഞടിക്കുന്ന നങ്കൂരമുനയുള്ള ചോദ്യങ്ങൾ!
നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ?
നീതിദേവതയെ?
സിംഹത്തെ?
പന്നികളെ?
കഴുകൻമാരെ?
ചത്ത കിളികളെ?
ഞാൻ പുസ്തകം മടക്കി.
എന്റെയുള്ളിലും അതേ കടൽ…
ബ്രഷും, ചായക്കൂട്ടുകളുമായ് വേപഥുവാർന്ന മനസ്സോടെ ഞാൻ വരയ്ക്കാൻ തുടങ്ങി. ക്യാൻവാസിൽ വർണങ്ങൾ നിറയുമ്പോൾ പുറത്ത് ‘ജെ’ യുടെ അന്തരീക്ഷം വിവർണമാകുന്നു. വിളറിനരയ്ക്കുന്നു.
പൂർത്തിയാക്കിയ ചിത്രം ജനലിനരികിൽ വെച്ചു. എതിർവശത്തെ ജാലകത്തിലൂടെ കടൽജലം നിറഞ്ഞ രണ്ടു കണ്ണുകൾ ക്യാൻവാസിലെ വർണങ്ങൾ ഒപ്പിയെടുക്കുന്നതറിഞ്ഞു. നീറങ്ങളൊഴിഞ്ഞ് ശൂന്യമായ ക്യാൻവാസ് സംതൃപ്തിയോടെ മടക്കിവെച്ചു.

27/2/19 – –
➖➖➖➖➖
കടൽത്തീരത്ത് അവളുണ്ടായിരുന്നു. അവൾ മാത്രം! ഞാനവളുടെ അരികിലിരുന്നു. ശാന്തമായ കടൽ.
വിശ്രാന്തിയിലമർന്നു കിടക്കുന്ന രാത്രി.
പതറുന്ന നെഞ്ചിടിപ്പുകളോടെയവളുടെ
വിരലുകൾ തൊട്ടു. എഴുത്തുകാരിയുടെ വിരലുകൾ… മേഘത്തുണ്ടുകൾ!
കണ്ണുകളിൽ തിരയടിക്കുന്ന ക്യാൻവാസിലെ വർണങ്ങൾ. പാതിയടഞ്ഞ മിഴികൾ. ആപ്പിൾനിറവും,തുടുപ്പുമുള്ള അധരങ്ങൾ.
ദാഹം! ചുണ്ടുകൾ ഇണചേരുന്നു. നാവുകൾ നാഗങ്ങളെപ്പോൽ പരസ്പരം കെട്ടുപിണയുന്നു. നീരുറവയുടെ ആഴങ്ങൾ തിരയുന്നു. നഗ്നരായതെപ്പോഴാണ്? മണൽത്തരികൾ ദേഹമാസകലം പൊതിഞ്ഞതെപ്പോഴാണ്?
സംഭോഗസാഗരത്തിൽ മുങ്ങിനിവർന്നത്
എപ്പോഴാണ്?
അറിയില്ല…. അറിയില്ല…
തിരകൾക്കിടയിൽ ഭോഗാലസ്യത്തിലാണ്ട് പരസ്പരം ചേർന്നൊട്ടി ഞാനുമവളും…
രാത്രിയുടെ ശാന്തനിശബ്ദതയിൽ കുഞ്ഞുപോറലുകൾ വീഴ്ത്തി അപ്പോളവൾ പറഞ്ഞു;
“നാമിനി കണ്ടുവെന്ന് വരില്ല ഫർഹാൻ.
നാളെ അയാൾ വരുന്നു. താരീഖ് അൻവർ.
എന്റെ ഭർത്താവ്!”

2/3/19 – –
➖➖➖➖➖
ചായക്കൂട്ടുകൾ വരണ്ടുണങ്ങിയിരിക്കുന്നു. ക്യാൻവാസുകൾ ചിതലരിച്ചിരിക്കുന്നു. ‘ജെ’ ചിതലുകളുടെ സാമ്രാജ്യമാണ്.
ചിതലുകൾ നശിപ്പിക്കാൻ തോന്നിയില്ല.
ചിത്രം വരയ്ക്കാനും…
താരീഖ് അൻവർ തടിച്ചു കൊഴുത്തൊരു ഗൗരവക്കാരനാണ്.അയാളുടെ കുതിരവണ്ടി പായുന്ന ശബ്ദം ഇടയ്ക്കിടെ ‘ജെ’ യുടെ തെരുവുകളിൽ മുഴങ്ങും. നടക്കുകയാണെങ്കിൽ അയാളുടെ മെതിയടിശബ്ദവും. എതിർവശത്തെ വീടിന്റെ ജാലകം ഇപ്പോൾ തുറക്കാറേയില്ല.
സോഫിയ…!?

5/3/19 – –
➖➖➖➖➖
വരയ്ക്കാനുള്ള ദാഹം നഷ്ടപ്പെട്ടിരിക്കുന്നു. വിഷാദം അതിന്റെ കഴുകൻനഖങ്ങളാൽ കീറിവ്രണപ്പെടുത്തിയ മനസ്സുമായി ഇവിടെയിങ്ങനെ…
തിരമാലകൾക്കിടയിൽ തന്റെ കവിതാപുസ്തകവുമായ് നിൽക്കുന്ന സോഫിയയെ നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ?
കാറ്റിലവളുടെ മുടിയിഴകൾ കവിളിൽത്തട്ടി പാറിക്കളിക്കുന്നത്?
പ്രണയാർദ്രമവളുടെ ചുണ്ടുകൾ വിടരുന്നത്?
കണ്ണുകൾ ക്ഷണിക്കുന്നത്?
കാണുന്നില്ലേ നിങ്ങളത്…? വിട്ടുകള…
എനിക്ക് കാണാം. വ്യക്തമായി. എത്രയോ വർഷങ്ങളായി എന്റെ സ്വപ്നങ്ങളിലൂടവളെ കാണുന്നു. എപ്പോഴത്തെയും പോലെ ഇപ്പോഴും…
അവളെന്നെ വിളിക്കുന്നത് കണ്ടോ?
ഞാൻ പോകട്ടെ.
ഈ ഡയറി…. നിങ്ങളെടുത്തോളൂ. എന്നിട്ട് ലോകത്തോട് പറയൂ പരസ്പരം അത്യഗാധം സ്നേഹിച്ചിരുന്ന രണ്ടു പേരിവിടെ ജീവിച്ചിരുന്നുവെന്ന്. അവരുടെ പേരുകൾ ഫർഹാൻ എന്നും, സോഫിയ എന്നുമായിരുന്നുവെന്ന്…..
⭕ ⭕ ⭕ ⭕ ⭕
‘ജെ’ യിലെ മന്ത്രവാദിനിയായ എലിസബത്ത് സള്ളിവൻ കടൽത്തീരത്ത് നിന്നും കണ്ടെടുത്തു സമ്മാനിച്ച ഡയറിയിലെ കുറിപ്പുകളാണിത്. ഡയറി ഏറെക്കുറെ നനഞ്ഞു മഷി പടർന്നിരുന്നു. താളുകൾ പലതും കുതിർന്ന് കീറിപ്പോയിരുന്നു. നിങ്ങളിവിടെ വായിച്ച വിധത്തിൽ ഏകദേശം ഞാനതിനെ രൂപപ്പെടുത്തി എടുത്തിരിക്കുന്നു. ഡയറിയിൽ പരാമർശിച്ചിട്ടുള്ള താരീഖ് അൻവറും,ഭാര്യ സോഫിയയും ‘ജെ’ യിലെ താമസക്കാർ തന്നെയാണ്. എന്നാൽ ഫർഹാൻ ഹബീബ് എന്ന ചിത്രകാരനോ…?
അറിയില്ല. അങ്ങനെയൊരാളെ ‘ജെ’ യിൽ ആരും കണ്ടിട്ടില്ലെന്നു പറയുന്നു!
⚫⚫⚫

By ivayana