നെഞ്ച് പൊടിഞ്ഞമരുമ്പോഴും
ഒരിറ്റ് ശ്വാസത്തിനായി പിടയുമ്പോഴും
ചേർത്തു പിടിയ്ക്കലിനായി മനം കൊതിക്കുമ്പോഴും
കണ്ണുകൾ നിറയാനാവാതെ
നിസ്സഹായായി വിറ പൂണ്ടിട്ടുണ്ടോ ???
പരിഭവങ്ങൾ വാക്കുകളാവാനാവാതെ
തൊണ്ടയിൽ കുരുങ്ങിയിട്ടുണ്ടോ??
വിതുമ്പുന്ന ചുണ്ടുകളെ
പുഞ്ചിരിയാൽ മൂടിയിട്ടുണ്ടോ ???
പച്ചക്കറി നുറുക്കുന്നതിനൊപ്പം ആരെയൊക്കെയോ
മനസ്സിൽ നിന്ന് മുറിച്ചു മാറ്റിയിട്ടുണ്ടോ ???
പാത്രം മോറുമ്പോൾ മനസ്സിലെ ചോരപ്പാടുകളെ
കഴുകി കളയാനായിട്ടുണ്ടോ ???
പിണക്കങ്ങളെ ശുണ്ഠിയെ അലക്കു കല്ലിൽ
തല്ലി തീർത്തിട്ടുണ്ടോ ??
മുറ്റം അടിയ്ക്കുമ്പോൾ കയ്ക്കുന്ന ഓർമ്മക്കള
തൂത്തുവാരി എറിഞ്ഞിട്ടുണ്ടോ ???
ചവറുകൾക്ക് തീയിടുമ്പോൾ വേദനകൾ
എരിഞ്ഞമരുന്നതായി തോന്നിയിട്ടുണ്ടോ ???
നട്ടു പരിപാലിച്ച ചെടികൾ
നിറയെ പൂത്തുലഞ്ഞപ്പോൾ
മുള പൊട്ടിയോ മനസ്സിൽ
ഫലമുണ്ടാവും അദ്ധ്വാനത്തിനെന്ന സത്യം ???
കിളികൾ പാറിപ്പറക്കും നീലാകാശം
ആർജ്ജവം തിരികെ പിടിച്ച്
പറക്കാൻ മോഹിപ്പിക്കുന്നില്ലേ നിന്നെ ???
പുഷ്പ ബേബി തോമസ്