രചന : ജയേഷ് പണിക്കർ✍

വൈകരുതേയിനി വന്നെത്തുവാൻ
വഴിക്കണ്ണുമായങ്ങു കാത്തു നില്പൂ
വിരഹമോടിന്നങ്ങു നില്പൂ ഭൂമി
ഇരുകൈകൾ കൂപ്പുന്നു തരുവാകെയും
മറ നീക്കി വന്നങ്ങു മരുഭൂവിതിൽ
മിഴിനീരൊഴുക്കിയൊന്നാശ്വസിക്കൂ
മലരുകൾ വിരിയട്ടെ പാരിലാകെ
മൃദുഹാസം തൂകി പുലർന്നിടട്ടെ
കഠിനമീ വേനലിലുരുകി നില്പൂ
കരളുരുകുന്നൊരീ തരുവതെല്ലാം
കനിവോടെയരുളുമോ കാർമേഘമേ
കരതലത്തിലിന്നിറ്റു നീരും
ദാഹജലത്തിനായ് കാത്തിരിപ്പൂ
ദേഹികളേറെയും നീയറിയൂ
കരുണയതേകുക നീയെങ്കിലെത്ര
കരളിതിനെന്നും പ്രിയമായിടും
ഉയിരിന്നിതേകി നീ തീർത്ഥജലം
ഉണർവേകിയിന്നെൻ്റെ ജീവനിലും
ഒരുപാടു നാളായി കാത്തിരിപ്പൂ
വരവിനായേറെ മോഹമോടെ
മുളയിട്ടുണരുവാനായി ഞാനീ
പുതുമണ്ണിലങ്ങു കിടപ്പതില്ലേ
ഇനിയെനിയ്ക്കീ ഭൂവിൽ വേരിനാലെ
പുതിയൊരുയർച്ചക്കൊരുങ്ങീടാമേ

ജയേഷ് പണിക്കർ

By ivayana