രചന : നോർബിൻ✍

നമ്മുടെ ജീവിതത്തിൽ അവിചാരിതമായി ചില വ്യക്തികളെ നാം പരിചയപ്പെടാറുണ്ട്. അവർ,കാഴ്ച്ചയിൽ നിസ്സാരരെന്ന് തോന്നാം. എന്നാൽ അടുത്തറിയുമ്പോൾ നാം മനസ്സിലാക്കും. ആ വ്യക്തിയുടെ മഹത്വം എത്രയോ വലുതെന്ന്.കഴിവുകളുടെ ഒരു മഹാസാഗരം ഹൃദയത്തിൽ ഒളിപ്പിച്ചിരിക്കുന്ന അത്ഭുത ജന്മങ്ങൾ. അത് തിരിച്ചറിയണമെങ്കിൽ,
നമ്മുടെ കാഴ്ചപ്പാടുകൾ മാറേണ്ടിയിരിക്കുന്നു.💦🌹

🌹”ഒരു തീവണ്ടി യാത്ര അനുഭവം”🌹
💦💦💦💦💦💦💦💦💦💦💦
❣️എറണാകുളത്തു നിന്നും കോഴിക്കോട് വരെയുള്ള ഒരു ട്രെയിൻ യാത്രയിൽ.ഇരിക്കുവാൻ സീറ്റ്‌ ലഭിക്കാത്തത്കൊണ്ട്, വാതിലിന്റ അടുത്തായി ഞാൻ നിൽക്കുകയാണ്. ഞാൻ നിൽക്കുന്ന ഭാഗത്ത്‌ നല്ല തിരക്കുണ്ട്.

❣️എന്റെ അരികിൽ , ഇരുപത്തിഅഞ്ച് വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു യുവാവ് നിലത്ത് ഇരിക്കുന്നുണ്ട്. ഭ്രാന്തൻ എന്ന് തോന്നിപ്പിക്കുന്ന പ്രകൃതം.വസ്ത്രങ്ങൾ എല്ലാം അഴുക്ക് പിടിച്ചു ദുർഗന്ധം വമിക്കുന്നു. അവന്റെ അടുത്ത് നിൽക്കുന്ന എന്നെ, ആ ചെറുപ്പക്കാരൻ ഇടയ്ക്കിടെ നോക്കുന്നുണ്ട്. അവന്റെ ആ തിളങ്ങുന്ന കണ്ണുകളിൽ എന്തോ? ഒരു പ്രത്യേകത എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.

❣️ആ സമയം, ചായ വിൽക്കുവാനായി ഒരു വ്യക്തി, ഞാൻ നിൽക്കുന്ന
കംപാട്മെന്റിലേക്ക് വന്നു. ഞാൻ രണ്ടു ചായ വാങ്ങി.അതിൽ ഒന്ന്
ആ യുവാവിന് കൊടുത്തു. സന്തോഷത്തോടെ അവൻ അത് വാങ്ങി കുടിച്ചു.അത് കണ്ട് ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുവാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ അവനോട് സംസാരിക്കുവാൻ തുടങ്ങി,
പേര്,.. വീട്…അങ്ങിനെ…?

❣️അവൻ തമിഴിൽ ആയിരുന്നു എനിക്ക് ഉത്തരം നൽകിയത്.
എനിക്കും ആ ഭാഷ വശമായിരുന്നു. സംസാരിക്കുന്നതിനിടയ്ക്ക്
അവൻ, അവന്റെ കൈയിൽ പിടിച്ചിരിക്കുന്ന ചാക്ക് തുറന്നു.
അതിൽ കുറെ കടലാസും, കുപ്പിയും അങ്ങിനെ കുറെ അനാവശ്യ സാധനങ്ങൾ ആ ചാക്കിൽ നിറഞ്ഞിരിക്കുന്നു.അവൻ അതിൽ നിന്നും ഒരു പ്ലാസ്റ്റിക്ക്‌ കവർ എടുത്തു തുറന്നു. അതിൽ സൂക്ഷിച്ചിചിരിക്കുന്ന ഒരു പേപ്പർ എടുത്ത് എന്റെ നേരെ നീട്ടി. ഞാൻ അതുവാങ്ങി തുറന്നു വായിച്ചു.

❣️ഇംഗ്ലീഷ് ഭാഷയിൽ ഭാരതത്തെ കുറിച്ച് അവനെഴുതിയ
മനോഹരമായ ഒരു കവിത. അത് വായിച്ചതും ഞാൻ അത്ഭുതപെട്ടുപോയി.കാരണം ഇംഗ്ലീഷ് ഭാഷയിൽ ആഴമായ അറിവുള്ള വ്യക്തിക്കുമാത്രമേ അതുപോലെ നല്ല സാഹിത്യഭാക്ഷയിൽ ഒരു രചന തയ്യാറാക്കുവാൻ സാധിക്കുകയുള്ളു.

❣️എനിക്ക് അവനെ കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യമായി.
ആ കവിത അവനാണോ എഴുതിയതിയത് എന്നതിനെക്കുറിച്ച്, എനിക്ക് സംശയമായി. ഞാൻ എന്റെ കയ്യിലിരുന്ന പേനയും, പോക്കറ്റ് ഡയറിയും അവന്റെ കൈയിൽ കൊടുത്തിട്ട് ഞാൻ പറയുന്നത് ഇംഗ്ലീഷിൽ എഴുതുവാൻ ആവശ്യപ്പെട്ടു. ഈ സമയം അടുത്ത് കൂടിനിന്നവരെല്ലാം അവൻ എഴുതുന്നത് എന്താണെന്നറിയുവാൻ അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു .ഞാൻ പറയുന്നതിനെല്ലാം വ്യക്തമായി,നല്ല ഗ്രാമറോടുകൂടെ ഇംഗ്ലീഷിൽ ഉത്തരങ്ങൾ ആ ഡയറിയിൽ, ആവൻ എഴുതുവാൻ തുടങ്ങി.അപ്പോൾ എനിക്കും അവിടെകൂടിയിരുന്ന എല്ലാവർക്കും ആ ചെറുപ്പക്കാരൻ ഒരു അത്ഭുതമായി മാറുകയായിരുന്നു.

❣️ഞാൻ അവനോട് കൂടുതൽ സംസാരിച്ചപ്പോൾ, അവന് പ്ലസ്ടു വിദ്യാഭ്യാസം ഉണ്ട്.തമിഴ്നാട് സ്വദേശി ആണ്, രണ്ടാനമ്മ വഴക്ക് പറഞ്ഞ്, അവനെ വീട്ടിൽ നിന്നും പുറത്താക്കിയതാണെന്നും, അച്ഛൻ മരിച്ചു പോയി എന്നും.അവനൊരു അനിയത്തി ഉണ്ട്, തുടങ്ങിയ കാര്യങ്ങൾ,എന്റെ ചെവിയിൽ മറ്റാരും കേൾക്കാതെ പറയുവാൻതുടങ്ങി.
അനിയത്തിയെ കുറിച്ച് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അവനോട് എന്റെ കൂടെ വരുവാനും,അവന് ജീവിക്കുവാനുള്ള വഴി ഒരുക്കി കൊടുക്കാമെന്നും ഞാൻ പറഞ്ഞുനോക്കി.

❣️ഈ പറയുന്ന എനിക്ക് അന്ന് ജീവിക്കുവാനുള്ള വഴി കണ്ടെത്തുവാൻ സാധിച്ചിട്ടില്ലെന്നത് മറ്റൊരു വിരോധാഭാസം.
എന്നാൽ,സ്നേഹത്തോടെ അവൻ അത് നിരസിച്ചു.
അവസാനം കോഴിക്കോട് സ്റ്റേഷനിൽ ഞാൻ ഇറങ്ങുമ്പോൾ,
അവൻ എന്നെ കെട്ടിപിടിച്ചു കരഞ്ഞത് 20 വർഷങ്ങൾ കഴിഞ്ഞ് ഞാൻ ചിന്തിക്കുമ്പോൾ, ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു ഓർമയായി,ഹൃദയത്തിൽ ഇപ്പോഴും മായാതെ കിടക്കുന്നു.

❣️അവൻ യഥാർത്ഥത്തിൽ ഭ്രാന്തനായിരുന്നില്ല , അവന്റെ വേഷം കണ്ട് ഞാൻ അവനെ തെറ്റുധരിക്കുകയായിരുന്നു. അവനോട് യാത്ര പറഞ്ഞു നടന്നു നീങ്ങുമ്പോൾ , അവനേയും,അവന്റെ അനിയത്തിയെയും, മുന്നോട്ടുള്ള ആവന്റെ ജീവിതത്തെ കുറിച്ചുമെല്ലാം, നൂറുനൂറു ചോദ്യങ്ങൾ എന്റെ മനസ്സിൽ വന്നുകൊണ്ടേയിരുന്നു.പിന്നീട് ഒരിക്കലും ഞാൻ അവനെ കണ്ടിട്ടില്ല. ആവന്റെ ഇപ്പോഴുള്ള അവസ്ഥ ഒന്നും എനിക്കറിയില്ല. ആ ഓർമ്മകൾ ഇന്നും ഒരു വേദനയായി എന്നിൽ അവശേഷിക്കുന്നു.

❣️ഈ അനുഭവത്തിൽ നിന്നും ഞാൻ മനസിലാക്കിയ ഒരു സത്യം ഉണ്ട്.
നാം ഈ ലോകത്തെ നോക്കി കാണുന്നത്. നമ്മുടെ ജീവിത അനുഭവങ്ങളിലൂടെയും, അറിവുകളിലൂടെയും മാത്രമാണ്. ഈ ലോകത്തെയും, മറ്റു മനുഷ്യരെയും നമ്മുടെ കാച്ഴപ്പാടുകളിലേക്ക് ഒതുക്കി അതുമാത്രമാണ് ലോകം, അതുമത്രമാണ് ശരി,എന്ന് പലപ്പോഴും നാം തെറ്റുധരിക്കാറുണ്ട്.ഈ വലിയ ലോകത്തെ നമ്മുടെ ചെറിയ അറിവിലേക്ക് ഒതുക്കുവാൻ ശ്രമിക്കുന്നു.

❣️എന്നാൽ, നാം കണ്ടതും, കേട്ടതും, അനുഭവിച്ചതുമായ സത്യത്തെക്കാൾ എത്രയോ വലുതാണ്.ഈ പ്രപഞ്ചവും, മനുഷ്യ ജീവിതവും.
നമ്മുടെ ജീവിതപങ്കാളി, മാതാപിതാക്കൾ, കുഞ്ഞുങ്ങൾ, സുഹൃത്തുക്കൾ,അങ്ങിനെ….നാം ജീവിതത്തിൽ കണ്ടുമുട്ടുന്ന ഓരോ വ്യക്തികളും ഒരു അത്ഭുതങ്ങളാണ്. അവരുടെ കഴിവുകൾ, അറിവുകൾ, സാധ്യതകൾ എല്ലാം നമ്മുടെ ബുദ്ധിക്ക് ഉൾകൊള്ളാവുന്നതിലും എത്രയോ വലുതാണ് എന്ന ഉൾകാഴ്ച നമ്മുക്ക് ലഭിക്കുവാൻ നാം ഇനിയും വളരേണ്ടിയിരിക്കുന്നു.

❣️സമൂഹത്തിന് മാറ്റം വരുന്നോ?ഇല്ലയോ, എന്നതിനേക്കാൾ ഉപരി,
ഞാൻ എന്ന മനുഷ്യനിൽ മാറ്റം വരുന്നുണ്ടോ?എന്നതിനാണ് പ്രാധാന്യം.
❣️ഇന്ന് ഞാനും മാറ്റങ്ങൾക്കുവേണ്ടിയുള്ള ആ യാത്ര തുടരുകയാണ്. മനുഷ്യനെ ബഹുമാനിക്കുവാനും, സ്നേഹിക്കുവാനും, അംഗീകരിക്കുവാനുള്ള തിരിച്ചറിവിന്റെ യാത്ര.
മനുഷ്യനിൽ നിന്നും മനുഷ്യത്വത്തിലേക്കുള്ള ഒരു
തീർത്ഥയാത്ര..

By ivayana