രചന : അനിൽ ചേർത്തല ✍
മുടന്തന്റെ ഏന്തിൽ കുഴിത്താള മേളം
കോങ്കണ്ണിനുള്ളിലൊ അങ്കത്തുരങ്കം,
പകിടക്കുതന്ത്രമോ കുതികാലു വെട്ടാൻ
കുലം കുത്തൊഴുക്കിൽ അടിവേരറുക്കാൻ,
പെണ്ണിന്റെ മാനത്തിൽ മൗനം ഭജിപ്പാൻ
ഭീഷ്മർക്കു ശരശയ്യ വാങ്ങിക്കൊടുപ്പാൻ,
ശകുനം മുടക്കുവാൻ ശകുനം പിഴക്കുവാൻ
ശപഥo എടുത്തവൻ ശകുനി.
പലകാല പ്രതികാരമഗ്നിക്കടൽ തീർത്തടുക്കി കൊരുത്തിട്ടുടമ്പടിത്താളതിൽ
കോറിക്കുറിക്കുവാൻ നാരായമുനകളിൽ
കുരുവംശ രക്തം കൊതിച്ചു കുതിച്ചവൻ,
പെങ്ങൾക്ക് കുരുടനെ കല്പിച്ച ഭീഷ്മന്റെ
പൊങ്ങപ്രതാപങ്ങൾ തല്ലിക്കെടുത്താൻ,
വംശം കുളം തോണ്ടി അംശം പകുത്തിട്ടനാഥ ശവങ്ങളെ കഴുകൻ കൊറിക്കാൻ,
ഗാന്ധാരദേശത്തിനധിപൻ സുബാലുവിൻ
കണ്ണീർക്കയത്തിൻ കണക്കു തീർത്തീടുവാൻ,
ഹസ്തിനപുരവുമാ ഖാണ്ഡവ പ്രസ്ഥവും
ഏന്താൽ മുടന്തൻ മുറിച്ച താളങ്ങളായ്.
പുരയൊന്നു കൂട്ടി അരക്കിൽ പുരോചനൻ
എരിതീയിൽ ഉരുകാൻ വിധിച്ച തന്ത്രങ്ങളിൽ
പ്രതികാര വക്രത പാണ്ഡവരോടല്ല
കുരുവംശനാശം കുരുത്ത കണ്ണ്.
ഇല്ലറിഞ്ഞില്ല സുയോധനൻ കണ്ണിന്റെ
ഉള്ളിന്റെ ഉള്ളിലെ കുരുട്.
ഇല്ലറിഞ്ഞില്ല കുരുവംശനാശം
കരുതി ഒരുക്കുന്ന കരട്.
അജ്ഞാതവാസവും വനവാസവും
വാതുവീറിൻ വിയർപ്പൊഴുക്കുമ്പോൾ
കണ്ണിലാകോ ങ്കണ്ണിലൂറും ചിരികളിൽ
ശിരസ്സറ്റൊരുടലുമായി ദുര്യോധനൻ
നട്ടെല്ല് കീറി കടഞ്ഞുള്ളോരസ്ഥിയിൽ
ചെത്തിയൊരുക്കിയ ബുദ്ധിപ്പകിടയിൽ
എല്ലാരുമൊന്നുപോൽ കൃഷ്ണനുമുരുളുന്ന
കാഴ്ച്ചയിൽ കോങ്കണ്ണു ചിമ്മാത്ത സൗബലൻ.
ശകുനി കുതന്ത്ര കുനുഷ്ട്ടുപ്പിലെത്രയോ
മധുരക്കനികൾ പുഴുത്തു കറുത്തുപോയ്
ഭീഷ്മരും കർണ്ണരും ദ്രോണരും ശല്ല്യരും
ഭീമാന്ധകാരത്തിലിരുളാണ്ടിരുന്നുപോയ്.
ശക്തിതല ബുദ്ധിയും ബാഹുബല സിദ്ധിയും
അന്ധബോധത്തിന്നുറക്കറയാക്കിയ
താക്കോല് വിരലിൽ ചുഴറ്റിത്തിരി ച്ചോരാ
വിരുതന്റെ വരുതിയിൽ കൂപ്പുകുത്തി,
വിതുരരും കൃഷ്ണനും ഗാന്ധാരി കുന്തിയും
സകലരും ജഡശില്പമായി നിൽക്കെ,
രണഗാഥയീണമിട്ടറുതിക്കു കരുതിയാ
കോങ്കണ്ണൻ ഉന്നം പിടിച്ചു നിന്നു,
യുദ്ധമിരുപക്ഷവും നഷ്ടങ്ങൾ തിട്ടപ്പെടുത്തുവാൻ
കഴിയാത്ത ഗദ്ഗദത്തിൽ,
കുരുക്ഷേത്രഭൂവിലെ വിജയി ഒരേയൊരാൾ
ഗാന്ധാര ജാതൻ മുടന്തൻ കൊങ്കണ്ണൻ.
സഹദേവപാശത്തിലറ്റ ശിരസ്സിലും
ശകുനിക്കു മാത്രം ചിരി പരന്നു,
ഏന്തും മുടന്തിന്റെ ഉള്ളിൽ കുശുമ്പിന്റ
കോങ്കണ്ണു മിന്നിത്തെളിഞ്ഞു നിന്നു.
കാലങ്ങൾ എത്രയോ കാതങ്ങൾ പിന്നിട്ടു
രഥചക്രമാരഥ്യ തുടരുമ്പോഴും
ഇന്നും ചിരിക്കുന്നു ഇന്നും ജ്വലിക്കുന്നു
പല കണ്ണിൽ കോങ്കണ്ണായ് ആ മുടന്തൻ.
ശകുനം മുടക്കുവാൻ ശകുനം പിഴക്കുവാൻ
ശപഥo എടുത്തവൻ ശകുനി..