രചന : ഫർസാന അലി✍

മുഴുവനാകാശം പോയിട്ട് ഒരു ആകാശത്തുണ്ട് പോലും സ്വന്തമായിട്ടില്ലെന്ന തിരിച്ചറിവുണ്ടായാൽ ഏതെങ്കിലുമൊരു പക്ഷി പറക്കൽ നിർത്താൻ സാധ്യതയുണ്ടോ?
മണി ഒന്നായെന്നറിയിച്ച് ചുവരിലെ കുക്കൂ ക്ലോക്ക് ശബ്ദിച്ചപ്പോഴാണ് ഇത്തരമൊരു ആലോചന തലയിൽ മുറുകിയത്. അടുത്ത മണിക്കൂറിൽ ഇനിയെന്താവും ചിന്തിച്ചുകൂട്ടാൻ സാധ്യത എന്ന് പറയാനൊക്കില്ല. അഞ്ചു വർഷം കഴിഞ്ഞുള്ള ഇന്ത്യയുടെ സാമ്പത്തികനിലയെ കുറിച്ചോർത്താണ് രാവിലെ മുഴുവൻ തല പുണ്ണാക്കിയത്. ഒന്നിൽനിന്നും യാതൊരു ബന്ധവുമില്ലാത്ത മറ്റൊന്നിലേക്ക് ചാടിച്ചാടിയാണ് ചിന്തകളുടെ പോക്ക്. തിളച്ചു മറിയുന്ന വെയിലുള്ള ഫെബ്രുവരി മാസത്തിൽ എങ്ങനെ ചിന്തകൾക്ക് ചൂടേറാതിരിക്കും! മുറിയ്ക്കുള്ളിൽ തട്ടിത്തടഞ്ഞുനിന്ന പുഴുങ്ങിയ ആവിയും മനസ്സിലേക്കെടുത്ത് കട്ടിലിൽ വെറുംപായ വിരിച്ച് കിടപ്പാണ് ഞാൻ. സ്പ്രിങ് മാറ്റ്രെസ്സ് ഇല്ലാഞ്ഞിട്ടൊന്നുമല്ല, ഈയിടെ ഇതാണ് ശീലം.

ഞാൻ സുസ്‌ന മാത്യൂസ്. ഇരുപത് ദിവസത്തോളമായി തടങ്കലിലാണ്. ഭ്രാന്ത് മുറുകിമുറുകി കഴുത്തിലൊരു കുരുക്കിട്ടേക്കാം എന്ന ചിന്തപോലും ആദ്യനാളുകളിൽ എനിക്കുണ്ടായിരുന്നു കേട്ടോ. അതുവരേയ്ക്കും അതിവേഗത്തിലോടിക്കൊണ്ടിരുന്ന ജീവിതമല്ലായിരുന്നോ. ഒന്ന് ബ്രെയ്ക്കിടാനോ, പിറകിലോടുന്നവരെ, അല്ലാ, കൂടെ ഓടുന്നവരെയെങ്കിലും ഒന്ന് ശ്രദ്ധിക്കാനോ ആവാതെപോയ കുറെയേറെ വർഷങ്ങൾ.
അല്പനേരം മുൻപാണ് കാരണമേതുമില്ലാതെ അടുക്കള വശത്തേക്ക് ചെന്നത്. സണ്ണിച്ചായന്റെ കണ്ണിൽ പെട്ടില്ല. പിന്നാമ്പുറത്തെ കാഴ്ചകളിലേക്ക് ഒന്നെത്തി നോക്കാനായി കതക് തുറക്കാൻ ശ്രമിച്ചപ്പോഴാണ് തുരുമ്പിച്ച വിജാഗിരിക്ക് നേരെ നോട്ടം കുതറിയതും ഒരു ഭീമൻ വേട്ടാളൻ കൂട് കണ്ണിൽപ്പെട്ടതും. യക്കി! ഈവക കാഴ്ചകളൊക്കെ സിറ്റി ഗേൾ ആയി വളർന്ന എനിക്ക് അസഹനീയമാണ്.

വേട്ടാളൻ കൂടിന്റെ നിർമ്മിതിയെക്കുറിച്ച് അറിയാമോ? മണ്ണിൽ ഉമിനീർ ചേർത്ത് ഉരുട്ടിക്കുഴച്ചുണ്ടാക്കിയ മൺകുടരൂപത്തിലുള്ള ഒരു കുഞ്ഞൻ കൂടാണ് ആ വിജാഗിരിയിൽ വേട്ടാള ആദ്യം ഉറപ്പിച്ചിട്ടുണ്ടാവുക. (അതേന്ന്, പെണ്ണ് തന്നെ. മനുഷ്യനെ പോലെ വേട്ടാളന്റേം വർഗ്ഗനാമം പുല്ലിംഗമാണ്.) എവിടെ നിന്നെങ്കിലും ഏഴോ എട്ടോ എട്ടുകാലിക്കുഞ്ഞുങ്ങളെയോ ശലഭ ലാർവകളെയോ കൊമ്പിനുള്ളിൽ വരിഞ്ഞ് ഇറുകെപ്പിടിച്ച് കൊണ്ടുവന്ന് കൂട്ടിലേക്ക് തട്ടിയിടും. അവയ്ക്ക് മേലെ മുട്ടയിട്ട്-കൂടിലേയ്ക്ക് കയറാതെ പുറത്തുനിന്നും സ്പ്രേ ചെയ്യലാണ് മുട്ടകൾ-മണ്ണാലെ കൂട് അമർത്തിമൂടും. മുട്ട വിരിഞ്ഞ ലാർവ എട്ടുകാലിക്കുഞ്ഞുങ്ങളെയും ശലഭലാർവകളെയും അകത്താക്കി ഉറങ്ങും. ഏറെനാൾ തുടരുന്ന ഉറക്കം. കൂടിനോട് ചേർന്ന് തിരശ്ചീനമായോ ലംബമായോ ഒരേ വ്യാസത്തിൽ ധാരാളം പുതിയ മൺദ്വാരങ്ങൾ പിന്നീട് വേട്ടാള പണിയും. അത്രതന്നെ. ബേ.. യക്കി! വായിലേയ്ക്ക് അറപ്പ് നുരച്ച് കേറുന്നു.
‘സുസ്നക്കുഞ്ഞേ.. ഭക്ഷണം തയാറായിട്ടുണ്ട്. വന്ന് കഴിച്ചേക്ക്..’
സണ്ണിച്ചായന്റെ കരകരപ്പുള്ള ഒച്ച.

നെറ്റിയിൽ പുറംതിരിച്ചുവച്ച കൈ എടുത്തുമാറ്റി മുറിയുടെ വാതിൽക്കലേക്ക് നോക്കി. അതെ, വെളുത്ത തൂവാല ത്രികോണാകൃതിയിൽ മടക്കി മൂക്കും വായും മറച്ച് തലയ്ക്ക് പിറകിലേക്ക് കെട്ടിയിട്ടുണ്ട്. നീല മാസ്കിന്റെ ഒരു ഭാഗം അതിനടിയിലൂടെ മൂക്കിന്റെ പാലത്തിൽ കേറി നിക്കുന്നത് സൂക്ഷിച്ചു നോക്കിയാൽ കാണാം. വായും മൂക്കുമടച്ച മാസ്കൊന്നുകൂടെ ശരിപ്പെടുത്തി ഞാനെണീറ്റിരുന്നു. ഒരിറ്റ് വെളിച്ചമെങ്കിലും തെളിയിച്ച് അന്ധകാരത്തെ ഇല്ലായ്മ ചെയ്യാനായി പഴയകാല വീടുകളുടെ ഉത്തരത്തിലെ ഓടുകൾക്കിടയിൽ ഒരു ചില്ല് വയ്ക്കുന്നത് കണ്ടിട്ടില്ലേ? കട്ടിലിൽ എണീറ്റിരുന്ന എന്റെ മടിയിൽ വെളിച്ചം തത്തിക്കളിക്കുന്നുണ്ടിപ്പോൾ. അതിനെ കൈപ്പിടിയിലൊതുക്കാനും ശ്രമിക്കുന്നുണ്ട്. സംശയിക്കേണ്ട, ആ കാഴ്ച കാരണം തന്നെയാണ് എന്റെ കണ്ണുകൾ നിറഞ്ഞത്.

പെട്ടെന്നാണ് സണ്ണിച്ചായനെ കാണാതായത്. അല്ലെങ്കിലും കുടത്തിൽനിന്നും പുറത്തേയ്ക്ക് വന്ന ഭൂതത്തെപ്പോലെ മുൻപില്ലാത്ത പല അത്ഭുതസിദ്ധികളും മൂന്നാഴ്ചകളായി അയാൾക്കുണ്ട്. വീട്ടിലെ കാര്യം നടത്തിപ്പുകാരനാണെങ്കിലും ഒരു സുഹൃത്തെന്നപോലെ കഴിഞ്ഞ കൊല്ലംവരേയ്ക്കും എന്തുമാത്രം ലോഹ്യത്തിൽ എന്നോട് ഇടപഴകിയ ആളായിരുന്നെന്നോ! കൊച്ചിൻ എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീയിൽ നിന്നും പലർക്കായി വാങ്ങിക്കൂട്ടുന്ന കുപ്പികളിൽ ഒന്നിന്റെ അവകാശിപോലും സണ്ണിച്ചായനായിരുന്നു. സദാ ധരിക്കുന്ന കാവി നിറമുള്ള മുണ്ടും റബർ പാലിന്റെ കറവീണ കുടുക്കിടാത്ത കുപ്പായവുമിട്ട്, ഈവട്ടം ചൈനയിലേക്ക് തിരിച്ചുപോവുമ്പോ കുഞ്ഞിന് ജാതിക്കാ അച്ചാറിട്ടത് വേണോ അതോ അരിനെല്ലിക്കാ മതിയോ എന്ന് പിന്നാലെ നടന്ന് ചോദിച്ചോണ്ടിരുന്ന ആളാണിപ്പോ.. ആഹ്.

നല്ല വിശപ്പുണ്ട് കേട്ടോ. ഇവിടെ നിന്നൊന്നിറങ്ങട്ടെ, ദേഹം വെറുതെയിരുന്നാൽ കെട്ടുപോവുന്നതാണ് വിശപ്പ് എന്ന സിദ്ധാന്തം തെറ്റാണെന്ന് നാലാൾക്കാരോട് പറയണം. എന്നിട്ട് പറ്റിയാൽ ഒന്ന് തർക്കിക്കണം. എന്റെ വാദങ്ങൾ കേട്ട് കേട്ട് മറ്റുള്ളവർക്ക് ഭ്രാന്ത് പിടിക്കണം.

വെണ്ണപോലെ മൃദുവായ കപ്പയുടച്ചതാണ് തീന്മേശയിലെ അടച്ചുവച്ച സ്റ്റീൽ പ്ളേറ്റിൽ. വെളിച്ചെണ്ണയിലിട്ട് പൊട്ടിച്ച കടുകും അഞ്ചാറല്ലി കറിവേപ്പിലയും കപ്പയ്ക്ക് മേളിൽ കിടന്ന് തിളയ്ക്കുന്നു. കുണ്ടുള്ള ചെറിയ പിഞ്ഞാണത്തിൽ പച്ച വെളിച്ചെണ്ണയൊഴിച്ച കുഞ്ഞുള്ളിച്ചമ്മന്തി. മാസ്ക്ക് താഴ്ത്തി കഴിക്കാനാരംഭിച്ചു. വായിലാകെ കയ്പ്പ്‌ നിറഞ്ഞു. -മനസ്സ് നിറഞ്ഞ് ഒരാൾക്കായി പാചകം ചെയ്താൽ സ്വാദൊക്കെ വഴിക്കുവരും- മമ്മയുടെ പാചകത്തെ പുകഴ്ത്തുമ്പോഴെല്ലാം ലഭിക്കാറുള്ള മറുപടി ഓർത്തതും തൊണ്ടയിൽ കനം തൂങ്ങി.

കഴിപ്പ് കഴിഞ്ഞെന്നത് സണ്ണിച്ചായൻ മനസ്സിലാക്കിക്കോട്ടെയെന്ന് കരുതി തന്നെയാണ് കൈ കഴുകി തിരികെ മുറിയിലേയ്ക്ക് കയറവെ മരക്കസേര ഒച്ചയോടെ മേശയ്ക്ക് കീഴിലേക്ക് തള്ളിയത്. അല്ലെങ്കിൽ ഉണങ്ങിപ്പിടിച്ച കപ്പയവശിഷ്ടങ്ങളുമായി ഈ പ്‌ളേറ്റ് ഇന്ന് വൈകുന്നേരം വരെ ഇവിടെ കിടക്കും. വീണ്ടും വെറുംപായയിലേയ്ക്ക്. ഒരുപറ്റം വേട്ടാളകൾ ചിറകടിച്ച് ചിന്തയിലേക്ക് വന്നതോടൊപ്പം മൊബൈൽ ശബ്ദിച്ചു.
‘ഹലോ.. ഹെൽത്ത് സെന്ററീന്നാണ് വിളിക്കുന്നത്. സുസ്ന മാത്യൂസ്‌ അല്ലേ? നേരിയതായെങ്കിലും പനിയോ ജലദോഷമോ ചുമയോ.. എന്തെങ്കിലുമുണ്ടോ?’
തള്ളിവന്ന തുമ്മൽ ഞാൻ മൂക്കിനുള്ളിലേയ്ക്ക് ഉന്തിവിട്ടു.
‘പൊതുജനസമ്പർക്കം തീർത്തും ഒഴിവാക്കണം. പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ..? ആറാം വാർഡിലല്ലേ വീട്?’ പലവട്ടം പറഞ്ഞു കഴിഞ്ഞതല്ലേ ഇതെല്ലാം എന്ന ചോദ്യം ഇന്നലത്തെപ്പോലെ സുന്ദരമായി വിഴുങ്ങി.
‘നിങ്ങൾ ഇപ്പോൾ പട്ടണത്തിലാണല്ലേ? ഒരു സലൂണിൽ വെച്ച് നിങ്ങളെ കണ്ടുവെന്ന് ഒരാൾ ഞങ്ങൾക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.’

‘ആ.. ഇടയ്ക്ക് വിളിക്കും. ഞങ്ങളറിയാതെ എങ്ങും പോയേക്കരുത്.’
ദിവസവും എന്നെ വിളിച്ചു സുഖവിവരം അന്വേഷിക്കുന്ന രണ്ടാമത്തെ ഫോൺവിളിയും ദാ ഇപ്പോൾ അവസാനിച്ചിരിക്കുന്നു. രാവിലെ ഒരു സ്ത്രീയാണ്. അവരുടെ ഹലോക്കിത്തിരി നീട്ടം കൂടുതലുണ്ട്. സംസാരത്തിനിടെ, വലത്തേ പുരികത്തിൽ വീണുകിടക്കുന്ന ചുരുളന്മുടി വിരലിൽ ചുറ്റുന്നുണ്ടാവും അവർ. മെലിഞ്ഞൊരു സ്ത്രീയായിരിക്കണം. ഉച്ചയ്ക്കുശേഷം പുരുഷനാണ് വിളിക്കാറ്. അയാൾക്ക്‌ നിശ്ചയമായും കുടവയർ കാണും. സംസാരത്തിനിടയ്ക്ക് അണപ്പല്ലിന്റെ മധ്യത്തിലേയ്ക്ക് നാക്കിൻതുമ്പിട്ട് തോണ്ടുന്നത് കൊണ്ടുതന്നെയാവണം, അക്ഷരങ്ങൾ മുറിയാറുണ്ട് അയാളിൽ.

ഇന്നേയ്ക്ക് ഇരുപതാം നാളാവുന്നു. സൗഖ്യാന്വേഷികളുടെ ധാരാളിത്തം സഹിക്കാൻവയ്യാതെ സോഷ്യൽ മീഡിയകളുടെ ഉപയോഗം ഏകദേശം നിർത്തിവച്ച മട്ടാണ്. ഇന്നേവരെ വിശേഷം തിരക്കാത്ത ബന്ധുക്കാരുടെ മെസ്സേജ് കുമിഞ്ഞുകൂടുന്നത് കാണുമ്പോഴാണ് അരിശം മൂർച്ഛിക്കൽ. ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ എത്രയെണ്ണത്തിനെ നിർദ്ദയം ബ്ലോക്ക് ചെയ്തുകഴിഞ്ഞു! അവരൊന്നും വിചാരിക്കും പോലല്ല കാര്യങ്ങൾ. മനസ്സ് നിറയെ സംഘർഷമാണ്. യുദ്ധഭൂമിയിൽ ഒറ്റക്ക് നിൽക്കുന്ന പടയാളിയെപ്പോലെ തോന്നും എനിക്കെന്നെ. കിരീടം വച്ച എണ്ണിയാലൊടുങ്ങാത്തത്രയും പെരുകിവരുന്ന നികൃഷ്ട ജീവിയാണ് എതിരാളി. ഇനിയും എട്ട് ദിവസങ്ങൾ കൂടെ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ എനിക്കുണ്ടായ വെളിപാടുകളിൽ ഒന്ന്, ഒറ്റപ്പെട്ടവളുടെ വേദാന്തം എന്ന നിലയ്ക്ക് പറഞ്ഞുതരാം.
-ആരോടെങ്കിലും മിണ്ടണമെന്നൊന്നുമില്ല, ഒരാളിലേക്കുള്ള സമീപക്കാഴ്ചപോലും ഏറെ ആഹ്ലാദകരമാണ്‌-

നാട്ടിൽ വിമാനമിറങ്ങിയാൽ മൂക്കിന്റെ അങ്ങേത്തലപ്പ് വരേയ്ക്കും കൊച്ചിയുടെ മണം വലിച്ചെടുക്കലാണ് എക്കാലത്തും ആദ്യപടി. മറൈൻഡ്രൈവിലെ പുതിയ ഫ്ലാറ്റിലേക്കായി വാങ്ങിക്കൂട്ടിയ ഫർണിച്ചറും കാർപ്പെറ്റും മമ്മ ക്രമീകരിച്ചിരിച്ചത് കാണാനുള്ള ആർത്തിയായിരുന്നു അന്ന് പക്ഷെ മനസ്സ് നിറയെ. വഴി മൊത്തം ചടച്ച മട്ടായിരുന്നു. പ്രതിഷേധങ്ങൾക്കും സമരത്തിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ. സ്റ്റേജ് കെട്ടിയുള്ള പ്രസംഗങ്ങൾ. ട്രാഫിക്കിലെ ചുവപ്പുനാടയിൽ കുരുങ്ങി ഞങ്ങളുടെ കാർ നിന്ന നേരത്താണ് ചെറിയ പ്ലക്കാർഡുകളും പിടിച്ചു കുറച്ചു സ്ത്രീകളും കുട്ടികളും റോഡ് മുറിച്ചുപോയത്. അപ്പോഴൊക്കെ എന്റെ ചെന്നിയിലൂടെ വിയർപ്പ് കുതിച്ചിറങ്ങി.

‘സുസ്നാ.. ഒരു കാര്യം പറഞ്ഞില്ലെന്ന് വേണ്ട. റോഡിലേക്ക് ഇറങ്ങാനുള്ള യാതൊരു പദ്ധതിയും മനസ്സിൽ തയ്യാറാക്കണ്ട. കണ്ടില്ലാന്നും കേട്ടില്ലാന്നും നടിക്കാൻ അറിയില്ലെങ്കിൽ നീ അത് പരിശീലിക്ക്. നമ്മളെ ബാധിക്കാത്തതൊന്നും നമ്മുടെ പ്രശ്നങ്ങളല്ലാ, അത്രതന്നെ! നിന്റെ തലതെറിച്ച ആക്ടിവിസം കാരണം കുറെ ഉറക്കം പോയിട്ടുണ്ട് എനിക്കും മമ്മയ്ക്കും. വൈകിയുണ്ടായ ഒറ്റക്കുട്ടിയല്ലേ എന്നോർത്താണ് അന്നെല്ലാം സഹിച്ചതും ക്ഷമിച്ചതും. ഇപ്പോ അതുപോലല്ല..’
ഖദർ കുപ്പായത്തിന്റെ കോളർ പൊക്കി താടി ചൊറിഞ്ഞ അപ്പ മുരണ്ടു. സമരപ്പന്തൽ. കല്ലേറ്. ലാത്തിച്ചാർജ്ജ്‌. പോലീസ് സ്റ്റേഷൻ. ഇവയെല്ലാം കണ്ടു തഴക്കംവന്ന എന്റെ കണ്ണുകളിൽ പഴയ വിപ്ലവവീര്യം മിന്നുന്നത് അപ്പക്ക് കാണാനായിക്കാണും. ഞാൻ ഒന്നും മിണ്ടാനൊട്ട് പോയുമില്ല.

പക്ഷെ ഒന്നും വചാരിച്ചത്ര സുഗമമായിരുന്നില്ല കേട്ടോ. അപ്പക്ക് ചറപറാ ഫോൺ വരാൻതുടങ്ങി. സ്വതേ ഗൗരവക്കാരൻ അതീവ ഗൗരവക്കാരന്റെ വേഷംകെട്ടി. താടി ചൊറിഞ്ഞ് പൊരിഞ്ഞ ആലോചനയിൽ മുഴുകിയ അപ്പയെ ഞാൻ ഇടംകണ്ണിട്ട് നോക്കി.
‘താൻ വണ്ടി വയനാട്ടിലേക്കെട്ക്ക്… നേരെ വിട്ടോ..’ ഡ്രൈവറെ നോക്കിയശേഷം അപ്പ എനിക്ക് നേരെ തിരിഞ്ഞു. ‘ഹെൽത്ത് ഡിപ്പാർട്മെന്റിന്റെ കോളാണ്. നീ ലാൻഡ് ചെയ്ത വിവരം ആരോ അറിയിച്ചിട്ടുണ്ട്. ക്വാറന്റൈൻഡ് ആവണമെന്ന നിർദേശമുണ്ട്.’
‘മാതാവേ.. അപ്പക്ക് പറയരുതായിരുന്നോ വൈറസ് ബാധ ആരംഭിക്കുന്നതിനും മുൻപേ ചൈനയിൽ നിന്നും പോന്നതാണ് ഞാനെന്ന്. അതുംപോരാഞ്ഞിട്ട് ഒരാഴ്ചക്കാലം സിംഗപ്പൂരിൽ ചെലവഴിച്ചല്ലേ എന്റെ വരവ്. ഇവിടെ എയർപോർട്ടിൽ ഇറങ്ങിയ ഉടനെ തന്നെ എന്റെ വിവരങ്ങളെല്ലാം എഴുതി കൊടുത്തിട്ടുമുണ്ട്.’ ബാഗിലെ സൈഡ് പോക്കറ്റിൽ നിന്നെടുത്ത പാസ്സ്പോർട്ടിൽ സിംഗപ്പൂർ വിസ ഇഷ്യൂ ചെയ്ത പേജിനായി ഞാൻ പരതി.

‘അതൊന്നും പറഞ്ഞാൽ പറ്റില്ല. നീ ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി.’ ഒരു എക്സ് മുൻസിപ്പൽ ചെയർമാന് നാടിന്റെ ആരോഗ്യകാര്യങ്ങളിൽ മറ്റാരേക്കാളും ശ്രദ്ധവേണമെന്ന അപ്പയുടെ കാർക്കശ്യം. അറ്റ്ലീസ്റ്റ് മമ്മയെ ഒന്ന് കണ്ടിട്ട് പോവാമെന്നുള്ള എന്റെ കെഞ്ചലിനുപോലും പുല്ലുവിലയായിരുന്നു. സകലമാന സ്വാതന്ത്ര്യത്തോടു കൂടെയും കെട്ടഴിച്ചുവിട്ട മട്ടിൽ ആളുകൾ ജീവിക്കുന്ന ഒരു നാട്ടിൽ ഞാൻ മാത്രം ആരോരുമായും ഇടപഴകാതെ കഴിയണമെന്ന്! അങ്ങനെയാണ് ഹൈറേഞ്ചിലുള്ള ഈ തടങ്കൽപാളയത്തിലേയ്ക്ക് യാത്ര നീണ്ടത്. അലസം മേയുന്ന കാട്ടുപോത്തിനെ വരുന്ന വഴി കണ്ടതും എനിക്ക് തോന്നിയ കുശുമ്പിനു കയ്യുംകണക്കുമില്ല.

1940 ന്റെ അവസാനത്തിലാണ് അപ്പയുടെ വല്യച്ചാച്ചൻ തെക്കുനിന്ന് മലബാറിലോട്ട് കുടിയേറിയത്. അതും ഈ കാട്ടുമുക്കിലേക്ക്. അങ്ങേര് അറിയാതെങ്ങാനും ഒരു ദിക്കിലേക്ക് കൈ ചൂണ്ടിപ്പോയാൽ ആ ഇടം പിന്നീട് സ്വന്തം പേരിലാവും എന്നതായിരുന്നത്രേ അക്കാലത്തെ പറച്ചിൽ. തടങ്കലെന്ന് കേട്ട് നിങ്ങൾ തെറ്റിദ്ധരിക്കേണ്ട. ഇതാണ് ലോകമെന്നും ഇതിനുള്ളിലാണ് ജീവിതമെന്നും ഈ സുസ്‌നക്ക് ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ വല്യച്ചാച്ചൻ വാങ്ങിക്കൂട്ടിയ അൻപത് ഏക്കറ വിസ്താരമുള്ള തോട്ടത്തിന്റെ ഒത്തനടുക്കാണ് ഈ തറവാട് വീട്. ഇപ്പോ റസ്റ്റ് ഹൌസ് ആയിട്ട് അപ്പ ഉപയോഗിക്കുന്നു. എത്രയൊക്കെ ഏന്തിവലിഞ്ഞു നോക്കിയാലും അടുത്തെങ്ങും ഒരു വീടുപോലും കാണാനൊക്കില്ല എന്നത് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.

ഗേറ്റിൽ നിന്ന് വളഞ്ഞു പിണഞ്ഞു പോണിടത്ത് നിന്നും തുടങ്ങുന്നുണ്ട് കോൺക്രീറ്റിട്ട മുറ്റം. പണ്ട് സ്കൂൾപ്പൂട്ടാവുമ്പോ തങ്ങാനേറെ കൊതിയായിരുന്നു ഇവിടെ. തൊടി മുഴുവനും റബ്ബറും തെങ്ങും ജാതി മരവും അടക്കാമരവും എന്നുവേണ്ട, എരുമ, പശു, ആട് എന്നിവയെ സ്വസ്ഥമായി വളർത്താനുള്ള ഏർപ്പാടും പണ്ടുമുതലേ ഉണ്ട്. ഇന്നും അപ്പ അതിന് മുടക്കം വരുത്തിയിട്ടില്ല. വിള നശിപ്പിക്കാൻ കയറിവരുന്ന പന്നിക്കൂട്ടത്തെ ഷോക്കടിപ്പിക്കാനുള്ള ഇലക്ട്രിക് ഫെൻസാണ് കാടുമായി ഇപ്പോ ചേരും എന്നമട്ടിലുള്ള തോട്ടത്തിന്റെ അതിര്. ഫെൻസ് കഴിഞ്ഞ് നേരെ നോക്കിയാൽ തിരുവാലിപ്പുയുടെ ഒരു കൈവഴി കുണുങ്ങലോടെ ഒഴുകുന്നത് കാണാം. എന്തൊരു തണുപ്പാണെന്നോ പുഴവെള്ളത്തിന്! അസംഖ്യം കണ്ണില്ലാക്കുരുടികളും പള്ളത്തിക്കുഞ്ഞുങ്ങളും പരൽമീനുകളും കാണാം തെളിവെള്ളത്തിൽ; ലോകത്തിൽ വച്ചേറ്റവും മികച്ച ഫിഷ് സ്പാ ഞാൻ ആസ്വദിച്ച ഇടം.

ദേ, ഒരു അടക്കാകുരുവി. ഇപ്പോ പറന്നു വന്നതാണ്. കൊക്കിൽ തിരുകിയ കായുമായി മുറ്റത്തേക്ക് തുറന്നിട്ട ജനാലപ്പൊളിയിലാണ് ഇരിപ്പ്. ആ ജീവിയോട് അപാരമായ അസൂയ തോന്നി. പെട്ടെന്നാണ് എന്റെ ആഫ്രിക്കൻ തത്തകളെ ഓർത്തത്. പെൺതത്ത മുട്ടയിട്ട സമയത്തായിരുന്നു നാട്ടിലേയ്ക്ക് പുറപ്പെട്ടത്. ചോളം പൊടിച്ചതും മത്തൻ വിത്തുകളും രണ്ടുനേരം വീതം കഴിക്കാനായി കൊടുക്കാൻ ചൈനീസ് വേലക്കാരിയെ ഏല്പിച്ചിട്ടുണ്ട്. ഹൌ ദാ ഹൌ ദാ എന്നും പറഞ്ഞ് തലകുലുക്കി എല്ലാം സമ്മതിച്ചതുമാണ്. പക്ഷെ ആ സ്ത്രീയെ ഒന്ന് ഫോണിൽ കിട്ടിയിട്ടുപോലും ഇപ്പോൾ ആഴ്ചകളായി.

തത്തകളെ ജോഷിയെ ഏൽപ്പിക്കാനായിരുന്നു ആഗ്രഹം. അതിനായുള്ള സകല തയാറെടുപ്പുകളുംനടത്തിയതുമാണ്. ആഹ്, അതെങ്ങനെ! അങ്ങേര് സകലതും അലങ്കോലമാക്കുമെന്ന് നേരത്തെത്തന്നെ അറിയാൻ എനിക്ക് ദിവ്യദൃഷ്ടി ഒന്നുമില്ലല്ലോ.
കൃത്യം പത്തു ദിവസത്തെ ഇടവേളകളിലെ സന്ദേശങ്ങൾ വീചാറ്റ് ആപ്പിൽ എന്റെ മറുപടിയും കാത്ത് ജോഷിയുടേതായി വന്നുകിടപ്പുണ്ട്. അതിലേയ്ക്ക് നോക്കുംതോറും എനിക്ക്‌ കലിയിളകും. അണപ്പല്ലുകൾ ഞെരിയുന്ന ശബ്ദം സ്വയം കേൾക്കാനാവും.
ആ സന്ദേശങ്ങളെല്ലാം നിങ്ങളും കൂടെയൊന്ന് വായിക്കൂ.
-ഇവിടെയെങ്ങും ഭയം ഭരിക്കുകയാണ്. ചൈനയാകെ പിടിവിട്ടുപോയി… ആവശ്യത്തിനുള്ള മാസ്ക്ക്പോലും കിട്ടാനില്ല. ജിങ് ദോങ് ആപ്പിൽ ഓർഡർ ചെയ്താണ് ഭക്ഷ്യസാധങ്ങൾ വരുത്തിക്കുന്നത്. പത്തു ദിവസമായി ഞാൻ പുറത്തേക്കൊന്നിറങ്ങിയിട്ട്…

ഫ്രിഡ്ജിലാകെ ഭക്ഷണസാധനങ്ങൾ കുത്തിനിറച്ച് ഇട്ടതാണ്. രണ്ട് ദിവസത്തിൽ ഒരിക്കൽ ഓരോ ഫാമിലിയിൽനിന്നും ഒരാൾക്ക് വീതം സൂപ്പർ മാർക്കറ്റിലേക്ക് പോകാമെന്നതാണ് നിർദേശം. അതും ബഹിരാകാശസഞ്ചാരികളെ പോലെ ശരീരം മുഴുക്കെ മൂടുന്ന വേഷവും ധരിച്ച്! വല്ലാതെ ശ്വാസംമുട്ടുന്നു സുസ്‌നാ…
-പഴക്കം ചെന്ന പച്ചക്കറികളാണ് ആപ്പിലൂടെ കിട്ടുന്നവയിൽ മിക്കതും. കഴിച്ചിട്ടും കഴിച്ചിട്ടും വിശപ്പാറുന്നില്ല. തായ് ചി മുടക്കിയിട്ടാവാം ആണിയിളകിയ ഉരുപ്പടി പോലെയായി ദേഹം! ഈ സ്പ്രിങ് ഫെസ്റ്റിവലിനെങ്കിലും ഓസ്‌ട്രേലിയയിൽ പെങ്ങളുടെ അടുത്തേയ്ക്ക് പോവാമെന്ന് വച്ചതായിരുന്നല്ലോ. കേവലം നൂറ്റി ഇരുപത് സ്‌ക്വയർ മീറ്ററിലേയ്ക്ക് സഞ്ചാര സ്വാതന്ത്ര്യം ഒതുക്കപ്പെട്ടാൽ ഇനി എന്ത് ചെയ്യാനാ…!
-തന്നെ.. തന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു സുസ്‌നാ.. ഒരിക്കലെങ്കിലും എന്റെ കാൾ ഒന്ന് അറ്റൻഡ് ചെയ്യ്, പ്ലീസ്. പിണക്കം മാറ്റ്. സംസാരിക്കാതിരുന്ന് എന്റെ തലയ്ക്കകമാകെ വെള്ളം കിലുങ്ങുമാറായിട്ടുണ്ട്…

അവസാനമായിട്ട്, ഇന്ന് രാവിലെയെത്തിയ ആർ യു ഓക്കെ സുസ്നാ? പ്ലീസ് റിപ്ലൈ മീ എന്ന മെസേജും.
ജോഷിയെന്ന് വിളിക്കുന്നുവെങ്കിലും എന്നേക്കാൾ പതിനേഴു വയസ്സ് മൂപ്പുണ്ട് കേട്ടോ അങ്ങേർക്ക്. പക്ഷെ എന്തും ഏതും തുറന്നു സംസാരിക്കാവുന്ന നാല്പത്തൊമ്പതുകാരൻ മലയാളി. ചൈനയിൽ മെഡിക്കൽ ടെക്നോളജിസ്റ്റായിട്ട് പതിനേഴ് വർഷങ്ങളായിട്ട് ജോലി. ഉള്ളതത്രയും വിദേശസുഹൃത്തുക്കൾ. ഒമാനിലെ കമ്പനിയിൽനിന്നും രണ്ട് വർഷത്തേക്കായി ചൈനയിലെ ബ്രാഞ്ചിലേയ്ക്ക് ബോസ് എന്നെ അയച്ചപ്പോൾ ഉണ്ടായിരുന്ന ആവേശം കെട്ടടങ്ങാൻ മൂന്നാഴ്ച മാത്രമേ വേണ്ടിവന്നുള്ളൂ. സിറ്റി മുഴുവൻ കറങ്ങിക്കഴിഞ്ഞ് മടുത്തപ്പോൾ കൂടെ ജോലി ചെയ്യുന്ന ചൈനക്കാരിയുടെ കൂടെ അവളുടെ ഗ്രാമത്തിലേക്ക് പോയി. കൃഷിയും മീൻപിടിത്തവുമായി കഴിയുന്ന ഗ്രാമവാസികളുടെ കൂടെക്കൂടി പുഴയിൽ നീന്തിയും ചൈനീസ് വിഭവങ്ങൾ പാകം ചെയ്തും ആനന്ദം കണ്ടെത്താൻ ശ്രമിച്ചു. പക്ഷെ എന്തൊക്കെ ചെയ്തിട്ടും മനസ്സിനെ തൃപ്തിപ്പെടുത്താനാവാത്ത അവസ്ഥ. അങ്ങനെയാണ് താല്പര്യമൊട്ടുമില്ലാത്ത ആരോഗ്യ പരിപാലനം ഒരു വെല്ലുവിളിപോലെ സ്വയം ഏറ്റെടുത്തത്.

ആറു മണിയുടെ പതിവ് ജോഗ്ഗിങ്ങിനായി ഇറങ്ങിയ ഒരു നാളിലാണ് എതിർദിശയിലെ അപ്പാർട്മെന്റിന്റെ ഡോറടച്ചിറങ്ങുന്ന ജോഷിയെ ആദ്യമായി കണ്ടത്. ഒമാനിലുണ്ടായിരുന്ന കാലം മുഴുവൻ അപരിചിതരായ മലയാളികളോട് അകലം സൂക്ഷിച്ചാണ് ജീവിച്ചിരുന്നതെങ്കിലും അങ്ങേരെ കണ്ട സെക്കൻഡിൽ മനസ്സൊന്ന് കിലുങ്ങി. ഉല്ലാസത്തിന്റെ മണിയടിയൊച്ച. നേരിയ ചിരിയോടെയും കൈ പിടിച്ചു കുലുക്കലോടെയും തുടങ്ങിയ ബന്ധം. ഞാൻ പിന്നെ അങ്ങനെയാണ്, ഇടിച്ചു കേറിക്കോളും എല്ലാവരിലേക്കും.
മഞ്ഞുകാലത്ത് പോലും വെളുപ്പിനെ ആറു മണിക്ക് ജോഗ്ഗിങ്ങിനായിറങ്ങും ഞങ്ങൾ. നടത്തവും പാർക്കിലെ അഞ്ചു റൗണ്ട് സൈക്ലിങും കഴിഞ്ഞാൽ തടാകത്തിനു അരികെയുള്ള പുല്ലു പതിച്ചയിടത്ത് തായ് ചി പരിശീലനത്തിലേർപ്പെടും ജോഷി. ഏകാഗ്രതയുടെ മൂർത്തീഭാവം കാണാം അന്നേരം. കിതപ്പ് ഊതിയാറ്റി പുല്ലിൽ ചെരിഞ്ഞു കിടന്ന് അങ്ങേരെ നോക്കലാണ് എന്റെ വിനോദം. പതിരില്ലാത്ത ഉറച്ച ദേഹകാന്തി കാണുമ്പോൾ, മുപ്പത്തിയഞ്ചാം വയസ്സിൽ വിഭാര്യനായതിന് പിറകിലെ കരണമറിയാൻ മനസ്സിന് വല്ലാത്ത വ്യഗ്രതയുണ്ടാവും. പിന്നെ, ഒരിറ്റു വെള്ളം കുടിച്ച് ആ വ്യഗ്രത ഞാനങ്ങ് ശമിപ്പിക്കും.

ഞങ്ങളുടെ അവസാന ഐറ്റമായ ഇരുപത് പുഷ് അപ്പ്സ് കൂടെ കഴിഞ്ഞാൽ നേരെ വെജിറ്റബിൾ മാർക്കറ്റിലേക്ക്. ഇലവിഭവങ്ങൾ ജോഷി തെരഞ്ഞെടുക്കുന്നത് കാണാനേയൊരു ചന്തമാണ്‌. ഓരോരോ ഇലയും തണ്ടും കണ്ണടക്കുള്ളിലെ തവിടൻ കണ്ണുകൾക്ക് നേരെയടുപ്പിച്ച് അല്പനേരം നോക്കും. കണ്ണട നെറ്റിയിലേക്ക് പൊക്കിവച്ചാണ് രണ്ടാംവട്ട നോട്ടം. പുഴുക്കുത്തേറ്റ ഇലകളോ പുഴു നുരയ്ക്കുന്ന ബ്രോക്കോളിയോ കോളിഫ്ളവറോ കണ്ടാൽ മറ്റൊന്നും ചിന്തിക്കാതെ വാങ്ങും. അങ്ങനെ, ഓരോ ദിവസവും ഉച്ചഭക്ഷണത്തിനും രാത്രിഭക്ഷണത്തിനും ആവശ്യമായ വകകൾ മാത്രം വാങ്ങി തിരിച്ചു അപ്പാർട്മെന്റിലേയ്ക്ക് കയറുന്നതോടെ ആ ദിവസത്തെ ഞങ്ങളുടെ കണ്ടുമുട്ടലിനും അന്ത്യമാവും.

വീകെന്റിൽ ബിരിയാണിയോ ബീഫ് ഉലർത്തിയതോ തയാറാക്കിയാൽ ജോഷി എന്നെ അപ്പാർട്മെന്റിലേയ്ക്ക് ക്ഷണിക്കും. പിന്നെ കസിനോയിൽ പോയിരുന്നു രാവേറുവോളം ചൂതാടും. എന്നെപ്പോലല്ല, തോറ്റ് തുന്നം പാടിയാലും നല്ല കൂളായിട്ട് നിൽക്കും അങ്ങേര്. ഏതൊരു വിനോദത്തിന്റെയും ഭാഗമാവുന്നത് മനസ്സിനെ സമ്മർദ്ദത്തിലാഴ്ത്താനാവരുത് സൂസ്നാ എന്നും പറഞ്ഞ് ബീറിന്റെ കുപ്പി ചുണ്ടിലേയ്ക്ക് ചേർക്കും. ഇടയ്ക്ക് നല്ലയുഗ്രൻ ചൈനീസ് ചാരായവും മോന്തും. കഴിഞ്ഞ കൊല്ലത്തെ ക്രിസ്മസിന് ഗ്വാങ്ചോവിലെ കത്തോലിക്കൻ പള്ളിയിൽ പാതിരാകുർബാനകൊള്ളാൻ പോയതും ഞങ്ങളൊന്നിച്ചാണ്. ആകപ്പാടെ ചിരിയും ചിന്തയും ഇടയ്ക്കിടെ കുഞ്ഞു കലഹങ്ങളുമായി, ഒരു പ്രത്യേക പേരിൽ തളച്ചിടാൻ സാധിക്കാതെപോയ ഒരു കൂട്ടുകെട്ട്.

ഒരു പെണ്ണ് പ്രണയത്തിലാവുക എപ്പോഴാണെന്നതിനെക്കുറിച്ച് നിങ്ങൾക്ക് വല്ല തിട്ടവുമുണ്ടോ? സത്യം പറയാമല്ലോ, അതീവസുന്ദരനായിട്ടും അല്പസ്വല്പം എന്നെ വെള്ളം കുടിപ്പിക്കുമാറ് ഉരുക്കുശരീരം സ്വന്തമായുണ്ടായിരുന്നിട്ടും അങ്ങേരോട് എനിക്ക് പ്രണയം തോന്നാൻ ഏഴു മാസമെടുത്തു. ഒരിക്കൽ അപ്പാർട്മെന്റിലേയ്ക്ക് ചെന്നപ്പോൾ കണ്ടത് ചാരനിറത്തിൽ ചബ്ബിയായുള്ള ഈജിപ്ഷ്യൻ കാറ്റിനെ മടിയിലിരുത്തി ലാളിക്കുന്ന ജോഷിയെയാണ്. ഇടയ്ക്ക് സ്പൂണിൽ കോരി പാലും കൊടുക്കുന്നുണ്ട്. പെട്ടെന്ന്, അതിന്റെ നെറുകയിൽ ജോഷിയുടെ സോൾട്ട് ആൻഡ് പെപ്പർ താടി മൃദുവായി ഉരയുരയുന്നത് കണ്ടപ്പോഴാണ് എനിക്കങ്ങേരോട് പ്രണയം തോന്നിയതെന്ന് പറഞ്ഞാൽ നിങ്ങളൊരു പക്ഷെ വാപൊത്തി ചിരിച്ചേക്കാം. എന്നാലും സാരമില്ല, അതാണ് വാസ്തവം. ഹോ, പിന്നീട് പ്രണയവിചാരങ്ങളുടെ ഒരു കൂട്ടക്കളിയായിരുന്നു. ഉറക്കമില്ലാതാവൽ, വിശപ്പില്ലാതാവൽ, കണ്ണു തുറന്ന് പിടിച്ച് സ്വപ്നം കാണൽ തുടങ്ങിയ ക്ലിഷേകളുടെ സ്ഥിരത്തോഴിയായി മാറി ഞാൻ. നെഞ്ചും വിരിച്ചു നടന്നയെന്റെ ശരീരത്തിന് സുന്ദരമായൊരു ഒതുക്കം കൈവന്നപോലെ. ജോഷിയുടെ മുന്നിൽ പെടുമ്പോഴെല്ലാം ലബ് ഡബ് എന്നുറക്കെ നിലവിളിച്ച് ഹൃദയം നിലംതൊടാൻ പോയി.

സഹിക്കാൻ പറ്റാതായപ്പോൾ ഒന്നും നോക്കിയില്ല, നേരെച്ചെന്ന് പ്രണയം പ്രസ്താവിച്ചു.
ആദ്യം, അങ്ങേര് ഒറ്റ നിൽപ്പായിരുന്നു; കണ്ണിമ ചിമ്മാതെ. പിന്നെ, വലിച്ചൂരിയ കണ്ണടയുടെ കാൽ ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയിലാക്കി നിറുത്താതെ കറക്കാൻ തുടങ്ങി. താടി ചൊറിഞ്ഞുകൊണ്ടിരുന്നു.
“നോ സുസ്നാ.. ലുക്ക് അറ്റ് യൂ, നീ കൊച്ചാണ്. നമുക്കിടയിൽ അങ്ങനൊന്ന്.. ഏയ്, അതൊന്നും ശരിയാവില്ല.” അന്നേവരെ കാണിക്കാത്ത ഗൗരവത്തിന്റെ മുഖഭാവമായി പെട്ടെന്ന് ജോഷിക്ക്; എന്റെ അപ്പയെക്കാൾ പ്രായം കൂടിയപോലെ. ഇപ്പോഴും അതാലോചിക്കുമ്പോൾ അമർഷം തോന്നും. ഞാൻ ജെറെന്റോഫൈൽ ആണെന്നെങ്ങാനും കെളവന് തോന്നിക്കാണണം, ഹല്ല പിന്നെ!
അപമാനത്തിന്റെ ക്ഷീണം എന്നിൽ പിടിപെട്ടുകഴിഞ്ഞിരുന്നു. ആയതിനാൽ വിശദീകരിക്കാനൊന്നും മെനക്കെട്ടില്ല. പകരം മേശയ്ക്ക് ഒത്ത നടുക്കുണ്ടായിരുന്ന മണിപ്ലാന്റിന്റെ ഇളംതണ്ടിട്ട ഗ്ലാസ് ട്യൂബ് തട്ടിത്തെറിപ്പിച്ചു തറയിലേക്കിട്ടു. കുടിച്ചു പാതിയാക്കിയിരുന്ന ഊലോങ് ടീ ജോഷിയുടെ വെള്ള ടീ ഷർട്ടിലേയ്ക്കും തൂത്തു. കൂടെ അസ്സൽ കുറച്ചു ഇംഗ്ലീഷ് തെറികളും. തിരിച്ചൊന്നും പറയാനോ ചെയ്യാനോ ആവാതെ നിന്നിടത്ത് ഉറച്ചുപോയ നിലയ്ക്കായിരുന്നു ജോഷി. ഉറഞ്ഞു തുള്ളിയിറങ്ങിപ്പോന്ന അന്നത്തെ രാത്രിയിൽ തന്നെയാണ് നാട്ടിലേക്കെന്ന ലക്ഷ്യംവച്ച് സിംഗപ്പൂരിലേക്ക് ഫ്ലൈറ്റ് കേറിയതും. പ്രതീക്ഷിച്ചപോലെത്തന്നെ യാതൊരു അനക്കവും അങ്ങേരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല; കിരീടം വച്ച കീടം ചൈനയെ പിടിമുറുക്കുംവരെ.

‘കുഞ്ഞേ, ഞാൻ വീടുവരെ ഒന്ന് പോയിവരാം. റബേക്കയുടെ ഇടവകയില് പെരുന്നാളാണ്, അവളങ്ങോട്ട് പോണു. അമ്മച്ചി മാത്രേ വീട്ടിലുള്ളൂ. ഏഴു മണിക്ക്തന്നെ കഞ്ഞിയും കൊടുത്ത് അമ്മച്ചിയെ കിടത്തിയശേഷം ഞാൻ ഇങ്ങെത്തിക്കോളാം. വെറും ഒരു മണിക്കൂർ മതി.’ സണ്ണിച്ചായനാണ്. വീണ്ടും കതകിൽ അതേ നിൽപ്. അതേ തൂവാല മാസ്ക്. കൈപ്പത്തികൾ ഒഴിച്ചാൽ ബാക്കിയെല്ലാം വസ്ത്രത്തിൽ പൊതിഞ്ഞ് കുട്ടപ്പനായാണ് ആളെനിക്ക് മുന്നിൽ ഈ ഇരുപത് ദിവസങ്ങളിലും വന്നത്.
‘മാത്യൂസ് സാറേ, എനിക്ക് പേടിയാണ്. സുസ്‌നക്കുഞ്ഞിന് അസുഖമെങ്ങാനും ഉണ്ടെങ്കിൽ കാവല് നിക്കുന്ന എനിക്കും പകരൂലേ? രോഗി തൊട്ട സ്ഥലത്ത് അറിയാതെ തൊട്ടുപോയാൽ പകര്ന്ന രോഗാണ്; ടീവീലും പത്രത്തിലും ഒക്കെ അങ്ങനല്ലേ പറയണത്. മൂക്കൊന്ന് ചൊറിയാൻ പോലും പേടിക്കണംന്നാ.. എനിക്ക് വല്ലതും പറ്റിയാൽ എന്റെ റബേക്കയും അമ്മച്ചിയും…’ തോട്ടത്തിലെ കാര്യങ്ങൾ മാത്രം നോക്കിയത് മതി, ഇനി മുതൽ ഇവളെക്കൂടെ നോക്കണം എന്ന് അപ്പ പറഞ്ഞപ്പോൾ കരയുന്ന മട്ടിലായിരുന്നു സണ്ണിച്ചായൻ.

ദാ കിടക്കുന്നു അപ്പയുടെ യൂഷ്വൽ സോങ്‌സ്! സണ്ണിക്കും കുടുംബത്തിനും തലമുറകളായി ചെയ്തു കൊടുത്ത സഹായങ്ങൾ! തേങ്ങയും ചക്കയും മുതൽ അഞ്ചു സെന്റ് സ്ഥലം വരെ.
ഒരിക്കൽ മുൻപിലേക്ക് കൈ നീട്ടിയവൻ പിന്നീടൊരു കാലത്തും ആ കൈ പിൻവലിക്കാൻ പാടില്ലെന്ന മാടമ്പിനയം. എന്റെ ചെന്നിയിലൂടെ അന്നേരം വീണ്ടും വിയർപ്പ് കുതിച്ചിറങ്ങിയതാണ്. വെള്ള ഖദർ കുപ്പായത്തിന്റെ കോളറിലേക്ക് അപ്പ കണ്ണെത്തിച്ചതും കൈയുംകൂപ്പി സണ്ണിച്ചായൻ ഒറ്റ കരച്ചിൽ. അപ്പോൾ തന്നെ അപ്പയുടെ പിന്തിരിഞ്ഞുള്ള ഒരു നടത്തം; അയാളെ പിന്നാലെ വരുത്തിക്കാൻ മാത്രമായിട്ട്!
അന്നുമുതൽ കേരളനാടിന്റെ ആരോഗ്യത്തെ സംരക്ഷിക്കുക എന്ന മഹാദൗത്യം വീണ ചുമലുകളോടെയാണ് സണ്ണിച്ചായന്റെ നടത്തം. മുറിയുടെ ജനലിന്റെയടുത്ത് പാത്തും പതുങ്ങിയുമുള്ള അയാളുടെ നിൽപ്പ് മുറ്റത്തെ വെളിച്ചത്തിൽ നീണ്ടു കിടക്കുന്ന നിഴലിനാൽ പലവുരു എനിക്ക് അറിയാനായിട്ടുണ്ട്. സ്വതവേ ഫോണിൽ മെല്ലെ സംസാരിക്കാൻ അറിയാത്ത ആളായത് കൊണ്ട്, ഉണ്ട് സാർ, കുഞ്ഞ് മുറ്റത്തോട്ടുപോലും ഇറങ്ങാറില്ല, ഞാൻ നോക്കിക്കോളാം സാർ എന്നീ വാചകങ്ങൾ ഫോണിൽ പറയുന്നത് സ്ഥിരം കേൾക്കാറുമുണ്ട്.

സണ്ണിച്ചായൻ ഇറങ്ങിയതും- ഇത്രയും ദിവസങ്ങൾക്കിടയിൽ ആദ്യമായാണ് എന്നെ തനിച്ചാക്കി പോവുന്നത്- മാസ്കും തലയിലൊരു സ്കാർഫും ചുറ്റി മോഷ്ടാവിനെ പോലെ ഞാൻ മുൻവശത്തേക്ക് ചെന്നു. കാത്തുകാത്തു നിന്നൊരു നിമിഷമാണ്. പക്ഷെ.. ദുഷ്ടൻ. പുറത്തുനിന്നും ഓടാമ്പലയിട്ട്, ചാവി കൊണ്ട് പൂട്ടിയാണ് പോയിരിക്കുന്നത്. ഓടിച്ചെന്ന് നോക്കിയപ്പോൾ മുൻവശത്തെ കതകിന്റെ അവസ്ഥയും തഥൈവ!
ആലോചിക്കാൻ സമയമേറെയില്ല. നേരെ ഗോവണി കയറി മുകളിലത്തെ മുറി തുറന്ന് ടെറസ്സിലേക്കിറങ്ങി. പുരപ്പുറത്ത് വാട്ടർ ടാങ്കിനോട് മുട്ടി വളരുന്ന മുഴുത്ത പേരയ്ക്ക മരത്തിൽ പിടിച്ച് ചില്ലകളിൽ ചവിട്ടി ചവിട്ടിയിറങ്ങി. ഇതൊന്നും എനിക്കൊട്ടും പ്രയാസമുള്ളതല്ല കേട്ടോ. മാസ്ക്കെടുത്ത് മാറ്റി അതിസുന്ദരനൊരു ശ്വാസം ഉള്ളിലേയ്‌ക്കെടുത്തു. ഒട്ടും പുഴുക്കമില്ലാത്ത സ്വാതന്ത്ര്യത്തിന്റെ മണമുള്ള വായു! നിങ്ങൾ വിശ്വസിക്കണം, അരിപ്പയിലൂടെ ഇറങ്ങാത്ത, വെളിച്ചംതട്ടിയ കാറ്റ് എന്റെ ശ്വാസകോശങ്ങൾ തിക്കുമുട്ടില്ലാതെ അനുഭവിച്ചിട്ട് മൂന്നാഴ്ചയായി.

നേരം ആറുമണിയാണ്. നേരിയ ഇരുട്ട്. വായു അനക്കത്താൽ തൊടി നിറയെയുള്ള മരങ്ങളുടെ ചില്ലകൾ പതിയെ പതിയെ ഇളകുന്നതൊഴിച്ചാൽ കാറ്റെന്ന് പറയാൻ യാതൊന്നുമില്ല. ആവശ്യത്തിലേറെ ഫ്യൂരിഡാൻ കുത്തിക്കേറ്റി കമ്പോളത്തിലേയ്ക്ക് കൊടുക്കാനായി അപ്പ തയ്യാറാക്കുന്ന കൈതച്ചക്കകൾ നട്ട വളപ്പും കടന്ന് താഴേക്കിറങ്ങി. അല്പം മാറിയുള്ള സ്ഥലത്ത് കാണുന്നത് ഫ്യുരിഡാൻ തളിക്കാത്ത നാടൻ കൈതച്ചക്കകളാണ്. അതന്നെ, ഫോർ കമ്പനി യൂസ്. റമ്പൂട്ടാൻ മരങ്ങൾക്ക് എതിരിലായുള്ള സിമന്റിട്ട വെള്ളക്കെട്ടിൽ കിടന്ന് ആർമാദിക്കുന്നുണ്ട് അഞ്ചാറ് എരുമകൾ. തവള കരയുംപോലെ മുക്കറയിടുന്ന എരുമക്കുട്ടിയെ കുറച്ചുനേരം നോക്കിനിന്നു ഞാൻ. ഒരു പ്രത്യേക സൗന്ദര്യം ഒക്കെയുണ്ട് കേട്ടോ ഈ മൃഗത്തിന്. വളഞ്ഞ കൊമ്പിൽ ഒന്ന് തലോടാൻ തോന്നിയപ്പോഴാണ് ഷെഡിനു മുന്നിലെ തറയിൽ ഗോലിയുടെ പരുവത്തിൽ ഉണക്കാനായി നിരത്തിയിട്ട ചാണകയുരുളകൾ കണ്ടതും അതെന്തിനാണെന്ന് ആലോചിച്ച് വെറുതെ വശംകെട്ടതും.
ഫെൻസും കടന്ന് പുഴയ്ക്ക് നേരെയാണ് എന്റെ പോക്ക്. പുഴക്കരയുടെ വലതു വശത്ത് മുളങ്കൂട്ടമാണ്.

നല്ല വണ്ണമുള്ള തിങ്ങി വളഞ്ഞു വളരുന്ന മുളകൾ. വെയിലാറിയിട്ടും ബാക്കിയായ ചൂടുണ്ട് പഞ്ചാരമണലിന്. നീണ്ടു കിടക്കുന്ന പുഴയ്ക്ക് നാലാൾ വീതിയേ കാണൂ. മമ്മ പറഞ്ഞത് ശരിതന്നെയാണ്; രണ്ട് പ്രളയം കഴിഞ്ഞപ്പോഴേക്കും പുഴയുടെ മുഖച്ഛായ തന്നെ മാറി. ചിരവിയ തേങ്ങയും ശർക്കരയുമിട്ട അവലും കട്ടൻ ചായയുമായി വൈകുന്നേര സൊറ പറച്ചിലിനായി കോളേജ് കാലത്ത് കസിൻസിനോടൊത്ത് നിരന്നിരുന്ന കരിമ്പാറമേലപ്പടി മണലാണ്. നിറയെ കൊഴുത്തുരുണ്ട സുമുഖൻ വെള്ളാരംകല്ലുകളും. അതിനും പുറമെ മലമുകളിലെ ഉരുൾപൊട്ടൽ വലിച്ചു കൊണ്ടുവന്നിട്ട ഉണക്കമരം കൂടെ ആയപ്പോൾ ഏതോ സിനിമയിലെ ഗാനരംഗം എന്റെ ഓർമ്മയിൽ വരുന്നുണ്ട്.

കുഞ്ഞുനാളിൽ പുഴയുടെ അക്കരേയ്ക്ക് നീന്തിച്ചെന്ന് വെള്ളത്തിലേക്ക് ഊക്കിൽ കുതിക്കാനായിട്ട് ഞങ്ങൾ കേറി നിൽക്കാറുള്ള ഉരുണ്ട പാറമേൽ ഇരിക്കാൻ കൊതി തോന്നിപ്പോയി. നടത്തത്തിനിടയിലാണ് മണലിൽ ഒരു കുഴി കണ്ടത്. മുട്ടിൻകൈയോളം ആഴത്തിൽ ഊറിയ പുഴവെള്ളം; നല്ല തെളിമയുള്ളത്. സമീപത്ത് ചെറിയൊരു കരണ്ടി. കുഴിയ്ക്ക് ചുറ്റും രണ്ടുഅട്ടികളായി വെള്ളാരങ്കല്ലുകൾ. ചുറ്റിലും നോക്കിയപ്പോഴാണ് അല്പം മാറിയുള്ള പാറപ്പുറത്ത് വിരിച്ചിട്ട കള്ളിമുണ്ടും ഏതാനും അലുമിനിയം പാത്രങ്ങളും ചുരുട്ടിവച്ച നീല നിറത്തിലുള്ള മീൻവലയും കണ്ടത്. അതെ. കാടിറങ്ങിവന്ന ആദിവാസികളായിരിക്കാം മുളങ്കൂട്ടത്തിനുള്ളിൽ! അക്കാര്യം ഏകദേശം ഉറപ്പായതും വിചിത്രമായ ആനന്ദം എനിക്കുള്ളിൽ പരുവപ്പെടുന്നുണ്ട്.
വഴി വെട്ടിയൊതുക്കിയ പോലുള്ള ഭാഗത്തുകൂടെ ഞാൻ മുളകൾക്കുള്ളിലേയ്ക്ക് നൂണ്ടു കേറാനൊരുങ്ങി. മുന്നിലായി, മൂന്ന് തടിയൻ വെള്ളാരങ്കല്ലുകൾ കൂട്ടിവച്ചുണ്ടാക്കിയ അടുപ്പിൻമേൽ ചിരട്ട കൊണ്ടടച്ചുവച്ച പുട്ടുകുറ്റി. അല്പനേരം മുൻപ് അണഞ്ഞതെന്നു തോന്നുന്ന വിറകുകൊള്ളികൾ.

‘കുഞ്ഞേ.. എത്ര നാളായി കണ്ടിട്ട്..? കുഞ്ഞെപ്പോ വന്ന്..?’
ശിരസ്സ് കുനിച്ച് ഉള്ളിൽനിന്നും പുറത്തേക്കിറങ്ങിയ സ്ത്രീ എന്റെ പ്രവേശനം മുടക്കി. മാത. തോട്ടത്തിൽ അടയ്ക്ക പറിക്കാൻ വരുന്ന ഉണ്ണീരന്റെ ഭാര്യ. മുന്നിലെ നിരപ്പായ കറമ്പൻ പാറയിലേയ്ക്ക് വെറ്റിലനീര് നീട്ടിത്തുപ്പി തോളിലെ മുണ്ടിന്റെ തലപ്പിനാൽ അവർ ചിറിയൊപ്പി.
‘ഞങ്ങള് ഒരാഴ്ചയായി കാടിറങ്ങിയിട്ട്.. ഓര്ക്ക് ഇവിടെ പണിയ്ണ്ട്. എന്തേലും വച്ചുണ്ടാക്കി ഓര് വരുന്നവരെ ഞാനിവിടെ കൂടും. മോന്തിക്ക് മീൻ പിടിച്ച് ചോറിന്റൊപ്പം ചുട്ട് തിന്നും. പാറക്കെട്ടില് കെടന്നുറങ്ങും..’ ചോദിക്കാതെ തന്നെ കാര്യങ്ങൾ വിശദീകരിച്ച മാതയിൽ ഈ നാൽപ്പതാം വയസ്സിലും ലേശം നാണം ബാക്കിയുണ്ട്. അന്യായ കുശുമ്പ് വീണ്ടും.

എന്റെ പത്താം വയസ്സിലാണ് മംഗലം കഴിഞ്ഞെന്ന് പറഞ്ഞ് ആദ്യമായി മാതയെ ഉണ്ണീരൻ വീട്ടിലേക്ക് കൊണ്ടുവന്നത്. ആദ്യമാദ്യം അയാളുടെ നിഴലിൽ നിന്നും മാറാൻ കൂട്ടാക്കാതിരുന്ന മാത പിന്നീട് ഞങ്ങളുടെയെല്ലാം കൂട്ടായി മാറി. പേരക്ക പറിക്കാനും കുടംപുളി പറിച്ച് ഉണക്കാനും വാളംപുളി തൊണ്ട് കളയാനുമെല്ലാം പുറം പണിക്കാരികളോടൊപ്പം ഉണ്ണീരനൊപ്പം മലയിറങ്ങുന്ന മാതയുമുണ്ടായി. പക്ഷെ അടുക്കളയിലേയ്ക്ക് മാതയ്ക്ക് പ്രവേശനമില്ലായിരുന്നു. പ്രത്യേകവിധത്തിൽ അണിയുന്ന മാതയുടെ സാരിത്തുമ്പ് അടുക്കളപ്പുറത്തെ പാത്രങ്ങളിൽ അറിയാതെ പോലുമൊന്ന് തൊട്ടുപോയേക്കരുതെന്ന ശാസനയോടെ അമ്മച്ചി-അപ്പയുടെ അമ്മ- അടുക്കളപ്പുറത്ത് സദാ റോന്തുചുറ്റും. മറ്റുള്ളവരെ വെണ്ണീറാക്കാൻ കെൽപ്പുള്ള നോട്ടമായിരുന്നു അമ്മച്ചിക്ക്. അന്നൊക്കെ, എനിക്കൊട്ട് ചെന്നിയിലൂടെ വിയർപ്പിറങ്ങാനുള്ള മൂപ്പും എത്തിയിട്ടില്ല.

ഇവിടെനിന്ന് റസ്റ്റ്‌ ഹൌസിലേക്ക് നോക്കുംതോറും തൽസ്ഥാനത്ത് ഒരു വേട്ടാളൻ കൂട് ഉയർന്നുവരുംപോലെ തോന്നുന്നുണ്ടോ? എനിക്ക് തോന്നുന്നുണ്ട്. വല്യമ്മച്ചിയെന്ന വേട്ടാളസ്ത്രീയെയും സങ്കല്പിക്കാനാവുന്നുണ്ട്. അനേകം എട്ടുകാലിക്കുഞ്ഞുങ്ങൾ എന്റെയുള്ളിൽ പുളയുന്നു; മൃതപ്രായമായവ. ഓരോന്നിനും വ്യത്യസ്ത മുഖങ്ങൾ. പക്ഷെ നിറമൊന്ന്. കുട്ടിക്കാലം മുതൽ ഇന്നേവരെ കഴിച്ചതെല്ലാം ഛർദ്ദിച്ചുകളയാനുള്ള വെമ്പലുണ്ടാവുന്നുണ്ട്. ഞാനൊന്ന് മുതുകു വളച്ച് മുന്നോട്ടേക്കാഞ്ഞു.

‘കുഞ്ഞ് ആകെ ചടച്ചല്ലോ. വല്ലായ്ക ഉണ്ടോ? ഞങ്ങളെ പോലെ മൂക്ക് തുളച്ചിട്ടുണ്ടല്ലേ..’ കറുത്ത മൂക്കിലെ വട്ടത്തിലുള്ള സ്വർണ്ണ മൂക്കുത്തിയിൽ തൊട്ടു ചിരിച്ചു മാത. ഞാനൊന്നും പറയാതെ, കണ്ണെടുക്കാതെ മാതയെത്തന്നെ നോക്കിനിൽക്കുകയാണ്. എത്ര ദിവസത്തിനുശേഷമാണ് ഒരു മനുഷ്യനെ ഇങ്ങനെ നേർക്കുനേർ കാണുന്നത്! സന്തോഷത്തെ നിറച്ച, ഭയമേതുമില്ലാത്ത കണ്ണുകളോടെ ഒരാൾ എന്നോട് വിശേഷങ്ങൾ ആരായുന്നത്!
‘മാത എനിക്കിത്തിരി ചായ തിളപ്പിച്ച് തരാമോ?’
പുട്ടുകുറ്റിയിലേയ്ക്ക് എന്റെ കണ്ണ് പോയതും അവിവേകം കേട്ടെന്നവണ്ണം മാത ഞെട്ടി. ‘അയ്യോ.. അത്.. കുഞ്ഞ് ഞങ്ങടെ ഒന്നും കഴിക്കണ്ട. അത് പറ്റൂലാ. ആ തടിയനില്ലേ വീട്ടിൽ ചായ ഉണ്ടാക്കിത്തരാൻ?’

പണ്ടത്തെ മാതയല്ല, കാടിറങ്ങി കാടിറങ്ങി ദുഷിച്ച പല സംഗതികളും അഭ്യസ്തരായ മനുഷ്യരിൽനിന്നും വശപ്പെടുത്തിയ മാതയാണ് എന്റെ മുന്നിൽ. ചെന്നിയിൽ വിയർപ്പ് പൊടിഞ്ഞു. കയ്യിലെ അഴുക്കു മുണ്ട് കൂട്ടിപ്പിടിച്ച് പുട്ടുകുടം അടുപ്പിൽ നിന്ന് ധൃതിയിൽ വാങ്ങിവച്ചു മാത.
‘എനിക്ക് മാതയുടെ ചായ കുടിക്കണം. ഉണ്ടാക്കിത്തരൂ. പേടിക്കണ്ട. ആരും അറിയാൻ പോണില്ല. ഉറപ്പ്.’ പലവട്ടം എന്നെയും റസ്റ്റ് ഹൌസിനെയും മാറിമാറി നോക്കി മാത. ശങ്ക!
ചെറുകീടങ്ങൾ ലോകത്തിന് സമ്മാനിച്ച വികാരം.
ശങ്ക!
ലോകത്തെ സകല മനുഷ്യരെയും ഭരിക്കുന്ന വികാരം.
ഇന്ന് ഞാൻ തടങ്കലിലായതിന് കാരണവും മറ്റെന്താണ്!

സ്റ്റീൽ ഗ്ലാസെടുത്ത് വിരലുകളഞ്ചും ഉള്ളിലേയ്ക്ക് തള്ളി പുഴവെള്ളത്തിൽ വീണ്ടും വീണ്ടും ഉരച്ച് കഴുകി ചൂടുചായ പകർന്നു മാത. ദാ, കണ്ണടച്ചാണ് ഞാൻ ചായ വലിച്ചുകുടിക്കുന്നത്. പരിചിതമല്ലാത്ത തേയിലയുടെ രുചിവ്യത്യാസം അറിയുന്നില്ല. പുകച്ചുവ അറിയുന്നില്ല. ഏറെയിടാൻ ബാക്കിയായ പഞ്ചസാരത്തരികളുടെ അഭാവവും അറിയുന്നില്ല. ചായ ഇറങ്ങിപ്പോവുന്ന വഴി ആസ്വദിക്കുംമട്ടിൽ മൊത്തി മൊത്തിക്കുടിച്ചു. ചായച്ചണ്ടി നീട്ടി പാറപ്പുറത്തേക്ക് തൂത്തു. വായിലൂടെ ഒരുഗ്രൻ കാറ്റൂതിവിട്ടു.

ഇരുതോളുകളിലും കൈവച്ച് മനസ്സുകൊണ്ട് നന്ദി പറഞ്ഞപ്പോൾ എന്റെ കണ്ണിലെ നനവ് കണ്ട് മാത വാപൊളിച്ചു. ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നപ്പോൾ മനസ്സിന്റെ കോണിലെവിടെയോ ഒരു പൊടി സന്തോഷം വിരിഞ്ഞു. പുഴയ്ക്ക് മേലെ ഞൊറിവുകൾ ചാർത്തി വീശിയ കാറ്റെന്നെ തണുപ്പിച്ചു. പെട്ടെന്ന് സണ്ണിച്ചായനെ ഓർമ്മവന്നതും കഴുത്തിൽ കിടന്ന മാസ്ക്കെടുത്തുയർത്തി മൂക്കും വായും പൊത്തി. നടത്തത്തിനിടെ ഫോൺ ചിലച്ചു. ജോഷിയുടെ മെസ്സേജ്.
-സുസ്നാ.. താനിങ്ങനെ എന്നെ അവഗണിക്കരുത്. തന്നെ വേണമെനിക്ക്. നമ്മൾ നേരാംവണ്ണമൊന്ന് സംസാരിച്ചിട്ട് എത്ര നാളായി! സകലതിനെപ്പറ്റിയും മിണ്ടിപ്പറഞ്ഞിരിക്കാൻ പ്രായവ്യത്യാസം ഒരു തടസ്സമല്ലെങ്കിൽ നിന്നെ പ്രണയിക്കാനും എന്റെ പ്രായം ഒരു പ്രശ്നമല്ലെന്ന് ഇപ്പോൾ മനസ്സിലായി. നീ വേണം കൂടെ. പ്ലീസ് റസ്പോണ്ട്.. പ്ലീസ്..

ഇത്തവണ പുഴക്കാറ്റ് ഇരച്ചുകേറിയത് ഹൃദയത്തിനുള്ളിലേക്കാണ്. എന്റെ കണ്ണുകൾ പുഞ്ചിരിക്കുന്നത് കാണുന്നില്ലേ? എനിക്കുള്ളിലിപ്പോൾ വിജയിയുടെ ആർപ്പുവിളികൾ മുഴങ്ങുന്നുണ്ട്. നിങ്ങൾക്കറിയാമോ, ചില നേരങ്ങളിലെങ്കിലും എല്ലാ മനുഷ്യരിലും ഒരു പ്രവാചകൻ പിറക്കും. തന്റെ വേദനയും മറന്ന് അന്യന്റെ മുറിവേറ്റ ഹൃദയത്തെ അവൻ ഊതിത്തണുപ്പിക്കും. അങ്ങനെയെങ്കിൽ ജോഷിയെ ഊതിത്തണുപ്പിക്കേണ്ടവൾ ഈ സുസ്ന പ്രവാചകയല്ലയോ. ഞാൻ ഊറിച്ചിരിച്ചു. നടത്തം വേഗത്തിലാക്കി.
കതകിലെ വേട്ടാളൻ കൂടുകളിളക്കി ചത്തതെങ്കിലും സകല എട്ടുകാലികളെയും സ്വതന്ത്രമാക്കണം എന്ന പുതുചിന്തയുണ്ടായി. എന്നിലെ മുറുമുറുപ്പിന് ശബ്ദം കൂടി. മരിച്ച ശേഷമെങ്കിലും നല്ല വായുതട്ടാതിരിക്കാൻ മാത്രം പാതകമൊന്നും ആരും ചെയ്തിട്ടില്ലല്ലോ. ആയാസരഹിതയായ്‌, തെല്ലുല്ലാസത്തിൽ ഞാൻ പേരക്കൊമ്പിലേയ്ക്ക് വലിഞ്ഞുകേറി.

ഫർസാന അലി

(വാക്കനൽ പേജ്)

By ivayana