രചന : എൻ. അജിത് വട്ടപ്പാറ✍
മണ്ണുവാരി ക്കളിച്ചോരാ ബാല്യങ്ങൾ
മനസ്സിനുള്ളിലെ നിറമാർന്ന നാളുകൾ,
സ്വാർത്ഥമല്ലാത്ത സ്നേഹ പ്രയാണത്താൽ
മധുരമായ് ഹൃദയം പുഴയായൊഴുകുന്നു.
ദിവ്യ രാഗത്തിനാത്മാർത്ഥ ചേതന
വളരുമീ മണ്ണിൽ പൂർണ്ണ പ്രതീകമായ് ,
അച്ഛനമ്മയും കൂടെ പിറപ്പുമായ്
ദീർഘ നാളത്തെ മാനസ സങ്കല്പം.
മക്കൾ തൻ ഭാവി ശോഭനമാകുവാൻ
സ്നേഹമായ് തീരുംഭാവി പ്രയത്നങ്ങൾ ,
സ്വന്ത ജീവന്റെ എകാന്തതാളിലും
ധന്യ ജീവിതം പിൻമുറക്കേകുന്നു .
ക്ഷേമ മോഹവും ഓമൽ പ്രതീക്ഷയും
കൺകുളിർക്കുന്നു മാനസം നേടുമ്പോൾ ,
അന്ത്യ യാത്ര തൻ ആഘോഷ വേളയും
എത്തി നോക്കുന്നു വാതായനം വഴി .
ജീവജാലത്തിൽ നിസ്സഹായത്വങ്ങൾ
പ്രണയ യാമ നിശബ്ദരാഗങ്ങളായ് ,
അത്മ സാന്ത്വനം പടികൾ താണ്ടീടുമ്പോൾ
വേർപെടും സ്വന്തം ദേഹവും ദേഹിയും.
ജ്ഞാനസ്നേഹത്താൽ ബന്ധം തുടരുവാൻ
പുണ്യതീർത്ഥ സരോവര തീരത്തിൽ ,
വിണ്ണിലെ വെണ്മ മേഘങ്ങൾ ചുറ്റുന്ന
നക്ഷത്രങ്ങൾ പോൽ മിന്നി തിളങ്ങുന്നു.