രചന : ശൈലേഷ് പട്ടാമ്പി✍

കൈയ്യിലെ നനവ് തന്റെ അരയിൽ കെട്ടിയതോർത്തുമുണ്ടിൽ തുടച്ച് കരപിരാ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന റേഡിയോയുടെ ട്യൂണറെ രാമേട്ടൻ ഒന്നു തിരിച്ചു നോക്കി .
” ഛെ ,ഇന്നും ഇത് ഈ അവസ്ഥയിലാണല്ലോ,
രാവിലത്തെ സുഭാഷിതം കേട്ടില്ലേൽ ഒരു
പൊറുതികേടാ “
നിരാശയോടുകൂടി റേഡിയോ ഓഫ് ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
വയസ്സ് അറുപത് ആയെങ്കിലും ഇന്നും അദ്ദേഹം വളരെ ചുറുചുറുക്ക് ഉളവാക്കുന്ന പ്രകൃതമാണ്.
രാവിലെ ഭാര്യയുടെ കൈ കൊണ്ടുണ്ടാക്കിയ ഒരു കട്ടനും കുടിച്ച് തൂമ്പയും എടുത്ത് പറമ്പിലേക്കിറങ്ങും.

പത്തിരുന്നൂറ് നേന്ത്രവാഴകൾ രാമേട്ടനുണ്ട് രാവും പകലുമില്ലാതെ കഷ്ട്ടപ്പെട്ടുണ്ടാക്കിയ
സമ്പാദ്യം .
“എന്റെ വിഷമങ്ങളും പരിഭവങ്ങളും സന്തോഷങ്ങളും ഇവർക്കെ അറിയു, ആ മണ്ണിൽ വിയർപ്പിന്റെ നനവുണ്ട് “രാമേട്ടൻ ‘ഭാര്യയോടായ് ഇടയ്ക്കിടയ്ക്ക് പറയും.
അവയെ എല്ലാം രാമേട്ടൻ സ്വന്തം മക്കളെ പോലെ ശ്രദ്ധ നൽകി വളർത്തുന്നു.
മക്കളില്ലാത്തോണ്ടാവാം രമേട്ടൻ അവയെ
വേണ്ടുവോളം പരിചരിക്കുന്നുണ്ട്. നല്ല വളർച്ച കാഴ്ച്ചവെക്കുന്ന വാഴകൾ ഇപ്രോവശ്യം മികച്ച വിളവ് നൽകുമെന്ന ഉറപ്പുണ്ട്.
ബാങ്കിലെ കാർഷിക ലോണിന്റെ തിരിച്ചടവ് തുക ഇതിലൂടെ വേണം സമ്പാദിക്കാൻ.
അയൽവാസികൾ ഒന്നും അവരെ ശ്രദ്ധിക്കാറില്ല, നല്ല വിളവ് കാണുമ്പോഴുള്ള അസൂയ വേണ്ടുവോളം ഉണ്ട്താനും.

” എനിക്ക് ആരു കടം തരാനാ ദേവകീ, ഞാനൊരു പാവം കർഷകനായി പോയില്ലെ, ജപ്തി നോട്ടീസ് വരാരായി, നേന്ത്രകുലകൾ വിറ്റുകിട്ടിയ തുക ഒരു വിധം തിരിച്ചടവ് തീരും.
സാറന്മാർക്കറിയുമോ പാവം കർഷകന്റെ നെഞ്ചിടിപ്പ്?”.
തോട്ടത്തിലാണേൽ രാത്രി കാലങ്ങളിൽ
കള്ളുകുടിയന്മാരുടെ ആവാസകേന്ദ്രം,
രാവിലെ കാണാം വാഴയുടെ ചുവട്ടിൽ കുപ്പിയും പേപ്പറുമൊക്കെ.സാമൂഹ്യ ദ്രോഹികൾ ,മ് അവരും വളരട്ടെ ഹ ഹ “
ഇറങ്ങാൻ നേരം ഭാര്യയോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
ഉമ്മറ കോലായിൽ വെച്ച മൺവെട്ടിയെടുത്ത്
തോളിൽ വെച്ച് രാമേട്ടൻ തോട്ടത്തിലേക്ക് യാത്രയായി, വേലി കിടന്ന് വാഴത്തോട്ടത്തിലെത്തിയ രാമേട്ടൻ പതറിപ്പോയി, വാഴകൾ ചവിട്ടിയൊടിച്ചും വെട്ടിയിട്ടും കാണപ്പെട്ടു.
“ന്റെ ദേവിയേ ചതിച്ചോ “
അരാ ഈ കൊടും ചതി എന്നോട് ചെയ്തത്, ഈശ്വരാ “

രാമേട്ടൻ അലമുറയിട്ട് കരയാൻ തുടങ്ങി, അവിടെ ചവിട്ടിയൊടിക്കപ്പെട്ടതും വെട്ടിനിരത്തപ്പെട്ടതും വെറും വാഴകൾ ആയിരുന്നില്ല ഒരു കർഷകന്റെ ജീവിതമാർഗമായിരുന്നു.
തോട്ടത്തിന്റെ ഒരു ഭാഗത്ത് വച്ചിരുന്ന പൊതിയുമെടുത്ത് മൗനമായ് വീട്ടിലേക്ക് നടന്നു
പിന്നീട്,
കർഷകനും കുടുംബവും കടക്കെണിമൂലം ആത്മഹത്യ ചെയ്തു എന്ന വാർത്ത അവിടെ പരന്നു .
സ്വപ്നങ്ങൾ പൊലിഞ്ഞു പോയ ആ വീടിന്റെ വാതിലും കൊട്ടിയടയ്ക്കപ്പെട്ടു.

ശൈലേഷ് പട്ടാമ്പി

By ivayana