എൻ.കെ അജിത്ത് ആനാരി✍
കുഞ്ഞു പ്രായത്തിലേ മതചിന്തകടത്തിവിട്ട് ആ പാരമ്പര്യത്തിൽ അഭിമാനിക്കുകയും, അങ്ങനെയുള്ളവർക്ക് വിവാഹമാർക്കറ്റിൽ വിലയേറ്റുകയും ചെയ്യുന്ന പാരമ്പര്യവാദികളെയാണ് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ, മതത്തിൻ്റെ പേരിൽ അവർ കാട്ടിക്കൂട്ടുന്ന വങ്കത്തങ്ങൾ ചൂണ്ടിക്കാട്ടി നിരുത്സാഹപ്പെടുത്തേണ്ടത്.
അവരാണ് കുറ്റിയടിച്ച് കെട്ടിയ പോലെ സാമൂഹ്യമാറ്റങ്ങളെ തന്ത്രപരമായി തകർക്കാൻ ശ്രമിക്കുന്നത്. ആധുനികതയെ ചാതുര്യത്തോടെ തള്ളിപ്പറയാൻ അവർ മെനയുന്ന കഥകൾ വാട്സാപ്പിലൂടെ നമ്മുടെ മൊബൈൽ സ്ക്രീനിലെത്തുമ്പോൾ നാമും അറിയാതെ അവർ കുഴിച്ച കുഴികളിൽ വീണുപോകുകയാണ്.
മതങ്ങൾ എന്നും എപ്പോഴും വ്യക്തിസ്വാതന്ത്ര്യത്തെ നിഹനിക്കാറാണ് ചെയ്യാറുള്ളത്. പുരോഹിതനും, പണ്ഡിതനുമാണ് അവിടെ നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ സീമ അളന്നു തൂക്കിത്തരുന്നത്. ഓരോരുത്തരുടേയും സ്രഷ്ടാവ് ദൈവമാണെങ്കിൽ ആ ദൈവത്തിനും നമുക്കുമിടയിൽ എന്തിനാണൊരു മീഡിയേറ്റർ ( ഇടപാടുകാരൻ )?
എന്നെ ഇങ്ങനെയൊക്കെ ആചരിക്കണമെന്നു പറഞ്ഞ ദൈവം (അങ്ങനെ പറഞ്ഞിട്ടുണ്ടെന്നു പറയുന്ന ഗ്രന്ഥങ്ങൾ നമുക്ക് ലഭ്യമാണ്) അത് കേട്ട് എഴുതിവച്ച ആർക്കും ദീർഘായുസ് കൊടുത്ത് ഇന്നോളം ജീവിച്ചിരിക്കുമാറാക്കിയിട്ടില്ല.
ഒരേ മതക്കാർക്ക് പരസ്പരം തിരിച്ചറിയാനാണ് മതചിഹ്നങ്ങൾ. ഹിജാബും, കാഷായവും, പീതവസ്ത്രവും, ശുഭ്രവസ്ത്രവും, ശരീരത്തിൽ ഏല്പിക്കുന്ന ക്ഷതങ്ങളായും, പകിടിയായും, അവ നമുക്കു ചുറ്റുമുണ്ട്. ഇവർ അതാത് മതത്തിൻ്റെ കടുത്ത പ്രചാരകരും, ഉപാസകരും, പ്രയുക്കാക്കളും, പ്രതിരോധങ്ങളുമായി വിലസി മനുഷ്യജീവിതങ്ങളെ പലതായി വിഭജിച്ച് വിളവെടുക്കുകയാണ്. ഇവരും ഇവരുടെ ഗ്രന്ഥങ്ങളുമാണ് വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് അതിർവരമ്പുകൾ നിർണ്ണയിക്കുന്നത്.
സ്വതന്ത്രരായി ജനിച്ച നാമോരോരുത്തരും ഒരോ മതത്തിലും ജാതിയിലും കെട്ടപ്പെട്ടവരായി അസ്വാതന്ത്ര്യത്തോടെ ജീവിക്കുന്നത് യഥാർത്ഥത്തിൽ നാമറിയുന്നുണ്ടോ? ജനിക്കുമ്പോൾ കെട്ടുന്ന ഇരുപത്തെട്ടിലൂടെ, പേരിലൂടെ നാം ഓരോ ചേരികളിൽ ആക്കപ്പെടുകയാണ്. നിയുക്തമായ ആ പാരമ്പര്യത്തിൽ നാം ജീവിക്കപ്പെടുകയായ് പിന്നെ.
എല്ലാ മതങ്ങളിലും സ്ത്രീക്ക് പുരുഷനെ അപേക്ഷിച്ച് പരിമിതമായ സ്വാതന്ത്ര്യമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെയുള്ള സ്ത്രീകളാലാണ് തലമുറകൾ വാർക്കപ്പെട്ടുപോരുന്നത്. പഠിപ്പിക്കുന്നു. അത് ചോദ്യം ചെയ്യുന്ന സ്ത്രീയും പുരുഷനും അവരുടെ കണ്ണിൽ അഹങ്കാരികളാകുന്നു. അനുസരിക്കുന്നവർ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഓമനകളായി പരിണമിക്കുന്നു.
ഇത്തരത്തിലെ പാരമ്പര്യങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളാണ് ഇക്കാലത്തിൻ്റെ ശാപം. ഏറിവരുന്ന പാരമ്പര്യ വാദികളാൽ സമൂഹത്തിൽ സ്പർദ്ധവർദ്ധിക്കുന്നു. വാശിയോടെ പരസ്പരം തോല്പിക്കാൻ ഗോത്ര സ്വഭാവത്തോടെ പ്രവൃത്തിക്കുന്ന ഇത്തരക്കാരുടെ വർദ്ധനവാണ് ഈ നൂറ്റാണ്ട് നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ദൈവമെന്ന ശക്തിക്കായ് അവരിലൂടെ ഉരുത്തിരിയുന്ന വങ്കത്തരങ്ങളെ ശാസ്ത്രത്തിൻ്റെ മേൽമുണ്ടുടിപ്പിച്ച് വിശ്വാസയോഗ്യമാക്കി, ആരാധനാരീതിയാക്കി, ആ ആചാരം അനുവർത്തിക്കാൻ ഇതരരെ നിർബ്ബന്ധിക്കുകയും, നിഷ്ക്കരുണം ഉപദ്രവിക്കുകയും ചെയ്യുമ്പോൾ ഇവിടെ സാധാരണക്കാരൻ്റെ തളയ്ക്കപ്പെട്ട ജീവിതങ്ങൾ നെടുവീർപ്പിടുകയാണ്.
ഇത്തരം ആചാരങ്ങളെയും, ആരാധനകളേയും സംരക്ഷിച്ച് വോട്ടു ബാങ്കാക്കി സമൂഹത്തെക്കൊണ്ട് അതാണ് ശരിയെന്നു പറയിപ്പിക്കാനവർക്ക് പശ്ചാത്തലമൊരുക്കാൻ രാഷ്ട്രീയ പ്രവർത്തകർ മത്സരിക്കുകയാണ്. ഇത് അപചയമാണ്. അതിൻ്റെ മൂർത്തഭാവം നാം കർണ്ണാകയിലും കാശ്മീരിലും കാണുകയാണ്.
ലോകത്ത് ലോകയുദ്ധങ്ങളേക്കാളേറെ മനുഷ്യർക്ക് പ്രാണനഷ്ടം വരുത്തിയിട്ടുള്ളത് മതങ്ങളാണ്.
മതം മദമാകാതിരിക്കട്ടെ
മനം മലമാകാതിരിക്കട്ടെ