പിറന്നനേരത്താദ്യം മടക്കിപിടിച്ചൊരാ-
കുഞ്ഞിളംകൈകൾ കണ്ടൊ-
ന്നാനന്ദിപ്പതിൻ മുൻപേ
രുധിരം തുടുത്തൊരാ-
പൂവിരൽ തുമ്പൊന്നായി-
തുറന്നുനോക്കി മാതാ‐
പിതാക്കൾ നിശ്ചേഷ്ടരായ്.

“സമ്പന്നകുടുംബത്തി-
ലാദ്യത്തെ പൊൻകുഞ്ഞിവൾ
ശൂന്യമീ കുഞ്ഞികൈകൾ
മറ്റുള്ളോർ കണ്ടാൽ മോശം”.!

ചിന്തിച്ചു നേരംപുക്കാ‐
തുടനെ കുഞ്ഞികൈയ്യിൽ
മൃദുവായൊരു മുത്തം-
നൽകിടാൻ നിന്നിടാതെ
കുതിച്ചു പുറത്തേക്കു-
പോയൊരു പിതാവിതാ-
തിരിച്ചുവന്നൂ കൈയ്യിൽ
ഭാരമുള്ളംഗുലീയം.

വെളിച്ചം കണ്ണിൽതട്ടി-
കരഞ്ഞ കിടാവിന്റെ
പൂവിരൽ പല്ലവത്തി-
ലംഗുലീയത്തെ ചേർത്തു.

തൃപ്തിയാലച്ഛൻ കുഞ്ഞി-
കൈവിരൽ ചന്തംകാൺകേ,
അടക്കിചിരിക്കുംപോൽ
മോതിരം തിളങ്ങുന്നു.

തുടുത്ത കുഞ്ഞിൻ തങ്ക-
വർണ്ണമാം മേനിനോക്കി
സ്മേരമോടയാൾ-പ്രാണ-
പ്രേയസിയോടുചൊല്ലി.

പിച്ചവക്കുംമുൻപിവ-
ളക്ഷരം പഠിക്കണം
പാരിലന്നെല്ലാരിലു-
മത്ഭുതം നിറക്കണം.

പുഞ്ചിരിതൂകിനിൽക്കു-
മമ്മക്കും മോഹ-മിവ-
ളുയർന്ന റാങ്കുംനേടി
ഡോക്ടറായ് തീർന്നിടേണം.

ഇതികർത്തവ്യമൂഢ,-
നെതിർത്തു-താതൻ- വെറും-
ഡോക്ടറോ? മോശമിവ-
ളതിലും വളരണം.

സമ്പന്നകുടുംബത്തിൽ
ശൂന്യമാം കുഞ്ഞികൈയ്യാൽ-
സംജാതയായ മകൾ
സമ്പത്തു വളർത്തണം.

നിവർന്നുനിന്നിട്ടിവ-
ളുയർത്തി ചൂണ്ടിക്കാട്ടും
ഇവരെൻ ഡാഡി,മമ്മി
നമുക്കു പത്രാസല്ലേ.?

സുവർണ്ണസങ്കൽപ്പങ്ങൾ-
വിരലിലെണ്ണിതീരാ-
ഞ്ഞവരാമുറിക്കുള്ളി-
ലനോന്യം തർക്കിക്കവേ
പട്ടുമെത്തയിൽ ശിശു
പശിയാൽ കരഞ്ഞിട്ടും
എത്തിനോക്കുവാൻനേര-
മവർക്കു തികഞ്ഞീല.

വിശപ്പാലവൾ കര-
ഞ്ഞമ്മിഞ്ഞ കിട്ടാഞ്ഞപ്പോൾ
കുഞ്ഞിളംവിരൽതുമ്പു
വായിലേക്കടുപ്പിച്ചു.

സ്തന്യമെന്നോർത്താളവൾ
പൂവിരൽ നുണയവേ
നനുത്തവായിൽവീണു
തുടുത്തൊരംഗുലീയം.

നുണഞ്ഞു നുണഞ്ഞവൾ
പിടഞ്ഞു,പിന്നെപിന്നെ-
നിലച്ചു ശ്വാസം, പ്രാണ-
നൊടുവിൽ സ്വർഗ്ഗംപൂകി.
(പള്ളിയിൽ മണികണ്ഠൻ)

By ivayana