രചന : സുനു വിജയൻ✍
വെളിയന്നൂർ ഗ്രാമത്തിന്റെ ഉൾപ്രദേശങ്ങളിൽ ഞാൻ ധാരാളം ശോശന്നപൂക്കൾ കണ്ടിട്ടുണ്ട്. ഉൾപ്രദേശം എന്നുപറയുമ്പോൾ കടുവാപ്പാറ മലയുടെ താഴ്‌വാരത്തിലെ പരന്ന പാറയുടെ ചുവട്ടിൽ കാലഭേദമില്ലാതെ ശോശന്നപൂക്കൾ വിടർന്നു നിൽക്കാറുണ്ട്.
വെളുത്തു കട്ടിയുള്ള ഇതളുകളിൽ ഇളം റോസ് നിറത്തിലുള്ള വരകളോട് കൂടിയ ശോശന്ന പൂക്കൾ കാണാൻ അതീവ ഭംഗിയാണ് . മനസിലേക്ക് പതിയെ പടർന്നിറങ്ങുന്ന മൃദുവായ, മധുരമുള്ള സുഗന്ധമുള്ള ശോശന്ന പൂക്കൾ ചൂണ്ടികാണിച്ചുകൊണ്ട് “ഇതാണ് ശോശന്ന പൂക്കൾ “എന്ന് എന്നോടാദ്യം പറഞ്ഞുതന്നത് ബ്രിജിത്ത് ആണ്.
ഒരു ഞായറാഴ്ച കാലത്ത് കടുവാപ്പാറമലയിറങ്ങി നടന്നു വന്ന ബ്രിജിത്തിന്റെ കയ്യിൽ നീളൻ തണ്ടിന്റെ അറ്റത്ത് വിടർന്നു നിൽക്കുന്ന വെള്ളയിൽ റോസ് നിറമുള്ള വരകളുള്ള കുറെയേറെ പൂക്കളുണ്ടായിരുന്നു. എന്നെ കണ്ടു മന്ദഹസിച്ച ബ്രിജിത്തിനോട് ഞാൻ ചോദിച്ചു.
“രാവിലെ ഈ കാട്ടുപൂക്കളുമായി എവിടേക്കാ? പള്ളിയിലേക്കാണോ?
കയ്യിലെ പൂക്കുല അൽപ്പം ഉയർത്തി ബ്രിജിത്ത് പറഞ്ഞു
“കാട്ടുപൂക്കളോ, ഇത് ശോശന്ന പൂക്കളാണ്. കന്യാമറിയത്തിന്റെ മേലങ്കിയിലെ നൂലുകൾ മണ്ണിൽ വീണപ്പോൾ അതിൽനിന്നും മുളപൊട്ടി ഉണ്ടായ സുഗന്ധമുള്ള മനോഹരമായ പുഷ്പമാണിത്. ഇത് വെറും കാട്ടുപൂക്കളല്ല.”
അതു പറഞ്ഞു ആ പൂക്കളെപ്പോലെ മനോഹരമായി എന്നെ നോക്കി ചിരിച്ചുകൊണ്ട് ബ്രിജിത്ത് കുന്നിറങ്ങി നടന്നു പോയി.
എന്റെ ജീവിതത്തിൽ അന്ന് ആദ്യമായാണ് ഞാൻ ശോശന്ന പൂക്കൾ എന്ന പേരുകേൾക്കുന്നത്. ഏകദേശം ലില്ലിപ്പൂക്കളുടെ ഘടനയുള്ള ഈ പൂക്കൾ വെളിയന്നൂർ ഗ്രാമത്തിലെ പല കയ്യാലകളിലും അവിടിവിടെയായി ചിലപ്പോഴൊക്കെ ഈ പൂക്കൾ വിടർന്നു നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ടങ്കിലും കടുവാപ്പാറ മലയുടെ അടിവാരത്തിലെ പരന്ന പാറക്കൂട്ടങ്ങളിൽ അങ്ങിങായി മിക്കവാറും ഈ ശോശന്ന പൂക്കൾ വിടർന്നു നിൽക്കുന്നത് ഞാൻ പലപ്പോഴും കാണാറുണ്ട് .
വെളിയന്നൂർ ഗ്രാമത്തിന്റെ പ്രധാന ചൈതന്യ കേന്ദ്രങ്ങൾ ഏതെന്നു ചോദിച്ചാൽ വെളിയന്നൂർ ശിവ ക്ഷേത്രവും, അരീക്കര സെന്റ് റോക്കിസ് പള്ളിയും ആണെന്ന് ഞാൻ പറയും.
ഒരു നൂറ്റാണ്ടു പഴക്കമുള്ള സെന്റ് റോക്കിസ് പള്ളി അരീക്കരയുടെ ഹൃദയത്തിൽ വെളിയന്നൂരിന്റെ തെളിഞ്ഞു കത്തുന്ന മെഴുകുതിരിപോലെ ഉജ്വലിച്ചു ശോഭയോടെ വിളങ്ങുന്നത് കാണുക തന്നെ മനസ്സു നിറയ്ക്കും. പടിക്കെട്ടുകൾക്ക് മുകളിൽ ഇരുവശവും വളർന്നു നിൽക്കുന്ന നിറച്ചാർത്തുള്ള ചെടികളുടെ ഭംഗിയിൽ, അവ നൽകുന്ന വിശുദ്ധിയും, പരിമളവും ഏറ്റുവാങ്ങി തലയെടുപ്പോടെ സെന്റ് റോക്കിസ് പള്ളി. ആ പള്ളിയിലെ അൾത്താരയിൽ, ശീലാന്തികളുടെയും, ധൂപക്കുറ്റികളുടെയും, മത്ബഹക്കു മുന്നിലെ ചിത്രതുന്നലുള്ളചുവന്ന തിരശീലയുടെയും വിശുദ്ധിയുടെ നടുവിൽ, പരിശുദ്ധ കന്യകാ മറിയത്തിന്റെ മേലങ്കിയിലെ നൂലിഴകൾ മണ്ണിൽ വീണു മുളച്ചു പൊന്തിയ ചെടിയിൽ ഉണ്ടായ മനോഹരമായ ശോശന്ന പൂക്കൾ അൾത്താരയിൽ അർപ്പിച്ചു പ്രാർഥിക്കുന്ന ബ്രിജിത്തിനെകുറിച്ചുള്ള ഓർമ്മകൾ വെളിയനൂരിൽ ശോശന്ന പൂക്കൾ വിടർന്നു കാണുന്ന നേരത്തൊക്കെ എന്റെ മനസിലേക്ക് ഓടിയെത്തും.
മേരിയുടെയും, സ്റ്റീഫന്റെയും ആറു മക്കളിൽ നാലാമത്തവളായിരുന്നു ബ്രിജിത്ത്. മൂന്ന് ആൺമക്കൾ ജനിച്ച മേരിയുടെ നാലാമത്തെ പ്രസവത്തിനു മുൻപ് സ്റ്റീഫന്റെ അമ്മ പ്രഖ്യാപിച്ചു.
“ഇനി പിറക്കുന്ന കുട്ടി ആണാണെങ്കിലും പെണ്ണാണെങ്കിലും അതിനെ ദൈവവേലക്കു സമർപ്പിക്കും. ദൈവവിളിയോടെ പിറക്കുന്ന കുഞ്ഞായിരിക്കും അത്.”
മേരി പ്രസവിച്ചു. പെൺകുഞ്ഞ്. കുഞ്ഞിന് ബ്രിജിത്ത് എന്ന് പേരും നൽകി.
പൂക്കളെയും, പൂമ്പാറ്റകളെയും, തുമ്പികളെയും, അവൾ സ്നേഹിച്ചു. വെളിയനൂരിൽ, അരീക്കരയിൽ, കടുവാപ്പാറയിൽ, താമരക്കാട്ടു കവലയിൽ, പാറിപ്പറന്നു നടന്നു ബ്രിജിത്ത് വളർന്നു.
വളർച്ചയുടെ ഓരോ ഘട്ടത്തിലും അവളുടെ വല്യമ്മച്ചി അവളെ ഓർമ്മിപ്പിച്ചു. നീ മഠത്തിൽ പോകേണ്ട പെണ്ണാ. കർത്താവിന്റെ മണവാട്ടിയാകാൻ യോഗം ലഭിച്ചവൾ.
ഒരിക്കൽ വെളിയന്നൂർ പഞ്ചായത്ത് ആപ്പീസിന് ഇടതു വശത്തുള്ള ശിവക്ഷേത്തിനു മുന്നിലെ റോഡുവക്കിലെ ആൽത്തറയിൽ നിന്ന എന്നെ കണ്ടപ്പോൾ ബ്രിജിത്ത് സന്തോഷത്തോടെ പറഞ്ഞു.
“ചേട്ടാ എന്റെ പത്താം ക്ലാസ്സിലെ റിസൾട്ട് വന്നു. ഫുൾ എ പ്ലസ് ഉണ്ട്. ചേട്ടൻ അമ്പലത്തിൽ പ്രാർത്ഥിക്കുമ്പോൾ ദൈവത്തോട് എന്റെ വക നന്ദി പറയണേ.”
എന്നിട്ടവൾ നിഷ്കളങ്കമായി ചിരിച്ചു.
“ഇനി എന്നാ ബ്രിജിത്തിന്റെ പരിപാടി. സയൻസ് ഗ്രൂപ്പല്ലേ എടുക്കുന്നെ? എവിടെയാ പ്ലസ് ടു വിനു ചേരുന്നേ?”
“എന്നോട് മഠത്തിൽ ചേരണം എന്നാ അമ്മച്ചിയും, വല്യമ്മച്ചിയുമൊക്കെ പറയുന്നേ. അതുകൊണ്ട് അറിയില്ല “.
അതു പറഞ്ഞപ്പോൾ ബ്രിജിത്തിന്റെ വാക്കുകളിലെ നേരിയ ചിലമ്പൽ ഞാൻ തിരിച്ചറിഞ്ഞു. എവിടയോ സങ്കടം നനച്ച വാക്കുകൾ.
വെളിയന്നൂരിൽ പലതവണ വേനലും, മഴയും, മഞ്ഞും വന്നുപോയി. ഞാൻ ലോകത്തിന്റെ പല ദിക്കിലേക്കും യാത്ര പോയി വന്നു. വെളിയന്നൂരിൽ പലമാറ്റങ്ങളും വന്നു. പല പുതുമകളും വെളിയനൂരിനെ പുളകം കൊള്ളിച്ചു.
വെളിയന്നൂരിൽ മാറ്റമില്ലാതെ ഞാൻ കാണുന്നത് രണ്ടു കാര്യങ്ങൾ .
വെളിയന്നൂർ കവലയിൽ ആലിൻ ചുവട്ടിൽ, ആലിലകളുടെ തണലിൽ റേഷൻ കടക്കു അഭിമുഖമായി കുടചൂടിയിരിക്കുന്ന എം എൽ എ ചാഴികാടന്റെ പ്രതിമയും, വണ്ടി എത്താൻ വഴിയില്ലാതെ ഉഴലുന്ന, വേവലാതി കൊള്ളുന്ന കടുവാപ്പാറ മലയിലെ ചില മനസ്സുകളും.
കടുവാപ്പാറ മലയിലെ കയ്യാലയിൽ പൊത്തിപ്പിടിച്ചു ഒരു നിറ ഗർഭിണി തെന്നുന്ന പാറയിൽ കൂടി സൂക്ഷിച്ചു നടന്നു വരുന്നത് കണ്ടപ്പോൾ ഞാൻ സങ്കടപ്പെട്ടു. ഉള്ളിൽ രോഷം കൊണ്ടു.
ബ്രിന്താ കാരാട്ടിനെപ്പോലെ വലിയ ചുവന്ന പൊട്ടു തൊടുന്ന വെളിയന്നൂരിലെ, കഴിഞ്ഞ കാലയളവിലെ പഞ്ചായത്തു പ്രസിഡന്റോ, വെളിയനൂരിന്റെ മുഖഛായ മാറ്റിയ ഇപ്പോഴത്തെ പ്രസിഡന്റോ എന്തുകൊണ്ട് ശോശന്നപൂക്കൾ വിടരുന്ന എന്റെ കടുവപ്പാറയിലെ പാവപ്പെട്ടവർക്ക് ഒരു വണ്ടി കടന്നു വരാനുള്ള വഴിയുടെ പദ്ധതി ഒരുക്കുന്നില്ല. ഒരുപക്ഷെ അവരത് അറിയുന്നുണ്ടാവില്ല.
ഞാൻ ബ്രിജിത്തിനെ കണ്ടിട്ട് ഇപ്പോൾ എത്രയോ കാലമായി. ഏതെങ്കിലും കന്യാസ്ത്രീ മഠത്തിൽ സ്നേഹം ചൊരിഞ്ഞു, സേവനത്തിന്റെ, കാരുണ്യത്തിന്റെ പാതയിൽ ബ്രിജിത്ത് സഞ്ചരിക്കുന്നുണ്ടാകും.
ശോശന്നപൂക്കളെ എനിക്കു പരിചയപ്പെടുത്തിയ ആ ദൈവത്തിന്റെ മണവാട്ടിയെ വെളിയന്നൂരിലെ കടുവാപ്പാറ മലയിൽ ശോശന്നപൂക്കൾ വിടർന്നു കാണുമ്പോഴൊക്കെ ഞാൻ ഓർക്കും.
അല്ലങ്കിൽത്തന്നെ വെളിയന്നൂരിലെ ഈ ഓർമ്മകളെ ഞാൻ എങ്ങനെ വിസ്മരിക്കാൻ.