രചന : കുറുങ്ങാട്ടു വിജയൻ ✍
കാളിന്ദീനദീതീരേ വന്ധ്യയാമൊരു മരം
ദ്വാപരയുഗത്തിലായ് വളര്‍ന്നുപന്തലിച്ചു!
പൂക്കാത്ത വൃക്ഷമതോ പൊക്കത്തിലൊന്നാമനും
പൂക്കാമരത്തേ ലോകം പേരിട്ടു ‘പാപിവൃക്ഷം’!
പാപിയാം വൃക്ഷമെന്ന,യര്‍ത്ഥത്തെ ധ്വനിപ്പിക്കും
മറ്റൊരു പേരുമുണ്ടേ, അതല്ലോ ‘കന്നവൃക്ഷം’!*
വന്ധ്യയാണെന്നാല്‍പ്പോലും മുട്ടാതെ തണലേകി
നിസ്വാര്‍ത്ഥസേവനത്താല്‍ ലോകരേക്കാത്തീ മരം!
ഏതൊരു നിസ്വാര്‍ത്ഥമാം സേവനകര്‍മ്മത്തിനു,
മേറിയ പ്രതിഫല, മെന്നുമേ ലഭിച്ചീടും!
ആയിടയ്ക്കമ്പാടിയിലുണ്ണിയായ് വന്നൂ കൃഷ്ണന്‍
ആമ്പാടി രാധയ്ക്കൊപ്പ, മാമരച്ചാരത്തെത്തി!
അവരാ മരച്ചോട്ടില്‍ നിത്യവും സംഗമിച്ചൂ
സന്തോഷസന്താപത്തെ പങ്കിട്ടു പ്രേമാര്‍ദ്രമായ്!
മാധവരാധാപ്രേമസല്ലാപകേളിക്കെല്ലാം
മൂകമാം സാക്ഷിയായി,യാമരം നിന്നുപോലും!
അതെല്ലാം കൊണ്ടറിഞ്ഞ രാധയും മാധവനു-
മാ വൃക്ഷസുന്ദരിയെ,യിഷ്ടത്തോടാരാധിച്ചൂ!
അമ്പാടി വിട്ടു കൃഷ്ണന്‍ പോകുന്നു മഥുരയ്ക്കു-
മന്നേരമാമരത്തില്‍ സങ്കടം പ്രകടമായ്!
പത്രങ്ങളൊന്നടങ്കം പൊഴിച്ചു ‘കന്നവൃക്ഷം’
മാമക സങ്കടത്തെ കൃഷ്ണനെ ബോധിപ്പിച്ചു!
വൃക്ഷസുന്ദരിയുടെ ദുഃഖത്തെ കണ്ടറിഞ്ഞ
കൃഷ്ണനവള്‍ക്കേകി തന്നുടെ മണികാഞ്ചി!
കണ്ണനോ മണികാഞ്ചി** മരത്തിലിട്ട നേരം
മഞ്ഞണിപ്പൂക്കളാലേ,യാമരം പൂത്തുലഞ്ഞൂ!
“നിന്റെയീ ദുഃഖമെല്ലാ,മെന്റെയീ മണികാഞ്ചി
തീര്‍ക്കുമെന്നറിഞ്ഞാലും, പൂത്താലും കാലാകാലം!”
“നീയെനിക്കെന്നും പ്രിയം കല്പാന്തകാലത്തോളം”
എന്നുരചെയ്ത കണ്ണന്‍ മഥുരാപുരി പൂകി!
കര്‍ണ്ണാഭരണംപോലെ പൂക്കുമാ വൃക്ഷമിന്നു
കര്‍ണ്ണികാരമെന്നതാം നാമത്താലറിയുന്നൂ!
ലക്ഷ്മീസമേതനായി കര്‍ണ്ണികാരത്തോടൊപ്പം
കൃഷ്ണസാന്നിധ്യകഥ, കര്‍ണ്ണികാരൈതിഹ്യവും!