രചന : കൃഷ്ണമോഹൻ കെ പി ✍
ചെമ്പനീർപ്പൂവിൻ മണമേറ്റു നില്ക്കുമീ
ചന്ദ്രികയ്ക്കെന്തിനീ ഭാവമാറ്റം
ചാരു സരോരുഹതീരത്തു നില്ക്കുമാ
ചഞ്ചലചിത്തനെ കാണ്കയാലോ!
ചിന്തിതനല്ലവൻ ചിന്താർമണിയായി
ചിന്തയിൽ വന്നങ്ങണഞ്ഞ കാര്യം
ചാമരം വീശുന്ന താരാഗണങ്ങൾ തൻ
ചേലുറ്റവാക്കാലറിഞ്ഞതാലോ!
സാഗരം കൈമാടിയെന്നും വിളിയ്ക്കുന്ന
സൂര്യൻ്റെയുള്ളിൽ പ്രണയമുണ്ടോ
സാദരമർക്കനെക്കൂപ്പുന്ന മാനിനി
സാരോപദേശങ്ങൾ കേൾപ്പതുണ്ടോ!
ഞാൻ വെറും ചന്ദ്രികയെന്നങ്ങുണർത്തുന്ന
ഞായറിൻ തിങ്കളാം വാർമതിയ്ക്ക്
എന്തിത്ര സങ്കടഭാവമെന്നോർത്തിതാ
എന്നുമീ ഭൂമി പരിതപിപ്പൂ.