രചന : ഗീത.എം.എസ്. ✍
അകാലത്തിൽ പൂത്ത കണിക്കൊന്നകൾ
തേടുവതഗാഥ ഗർത്തത്തിൻ നീരുറവകൾ
പാടാൻ മറന്ന വിഷുപ്പക്ഷികൾ
മൂളുവതേതോ വിരഹഗാനത്തിൻ വീചികൾ
ഉണങ്ങിയ പാടവരമ്പുകളിൽ
ഉണരാത്ത കണിവെള്ളരികൾ
പുലരികളുണരാത്ത പൂമുഖങ്ങളിൽ
പുലരികൾ കാണാത്ത പുതുമുഖങ്ങൾ
ഓട്ടുരുളികളില്ലാത്ത കണിക്കാഴ്ചകൾ
പാട്ടുകളുണരാത്ത വയലേലകൾ
തിളക്കമില്ലാത്ത വാൽക്കണ്ണാടികൾ
പുതുക്കമില്ലാത്ത സ്വർണ്ണനാണയങ്ങൾ
തുട്ടുകളല്ലാ വിഷുക്കൈ നീട്ടങ്ങൾ
നോട്ടുകൾക്കാണിപ്പോൾ ഏറെ പ്രിയം
വിഭവങ്ങളെല്ലാം വിദേശികൾ
വഴിവാണിഭങ്ങളോ ദുർല്ലഭം..!