രചന : മനോജ് മുല്ലശ്ശേരി നൂറനാട് ✍

ചെറിയൊരു മൂളിപ്പാട്ടും പാടി ഏറെ നേരമായി തനിക്കും ചുറ്റും ഒരു കാമുകനെപ്പോലെ കറങ്ങിനടുക്കുന്ന കാറ്റിന്റെ വശ്യതയിൽ മനസ്സൊന്നിടറി
ചെറിയൊരു മയക്കത്തിന്റെ കവാടം തുറന്നതും.
പിന്നിൽ നിന്നും ആരൊ തന്റെ രണ്ട് കണ്ണും പൊത്തി പിടിച്ചു.
ആരാണതെന്ന് ചോദിക്കും മുന്നെ ആ കരസ്പർശനത്തിന്റെ ചൂട് തിരിച്ചറിഞ്ഞ മുത്തശ്ശി ചൊദിച്ചു.

ആമിമോളെത്തിയൊ ?
അയ്യോ ..മുത്തശ്ശിക്കെങ്ങനെയെന്നെ മനസ്സിലായി ?
അമ്പരപ്പും അതിലേറെ അശ്ചചര്യത്തോടും
കൂടി ചോദിച്ചു കൊണ്ട് മുത്തശ്ശിയുടെ കണ്ണുകൾ സ്വതന്ത്രമാക്കിയവൾ .
എന്റെ പൊന്ന് മുത്തശ്ശി ഉമ്മ ഉമ്മ
അവൾക്ക് സ്നേഹം അടക്കിപ്പിടിച്ച് നിറുത്തുവാൻ കഴിഞ്ഞിരുന്നില്ല.
എന്റെ കുട്ടിയെ നിന്റെ സ്പർശം മാത്രമല്ല
നിന്റെ അനുജത്തി ആദിയുടെയും ബാക്കി കൊച്ചുമക്കളുടേയും എന്റെ മക്കളുടേയും എല്ലാം സാമിപ്യം എനിക്ക് തിരിച്ചറിയാൻ കഴിയും.
നിങ്ങളുടെ ചവിട്ടും അടിയും ഇടിയും ലാളനയുമെല്ലാം ഏറ്റുവാങ്ങിയ ശരീരമല്ലെ?
ചെറുചിരിയോടെ ആമിയുടെ മൂക്കിൽ പിടിച്ച് കൊണ്ട് മുത്തശ്ശി പറഞ്ഞു.
ങാ ..അതൊക്കെയിരിക്കട്ടെ കോളേജ് പഠനമൊക്കെ എങ്ങനെ രണ്ടാളുടേയും.?
എന്ത് വേഷമാണിത്. ഈ കീറിയ പാന്റും
ഇട്ടാണൊ ? മക്കളെ പഠിക്കാൻ
പോകുന്നെ ? എന്താണിത് ശിവ..ശിവാ..

ആരാണ് മുത്തശ്ശി ഈ ശിവ ?മുത്തശ്ശിയുടെ ഫ്രണ്ടാണൊയെന്ന് ചോദിച്ച് ചിരിച്ചു കൊണ്ട് അകത്തൂന്ന് രണ്ടാമത്തെ കൊച്ചുമകൾ
ആദിയുമെത്തി.
എന്റെ പൊന്ന് മുത്തശ്ശി പേടിക്കണ്ട ട്ടൊ
എല്ലാവരും ഈ വേഷമൊക്കെയാ ധരിക്കുന്നത്.
ഞങ്ങളെ ആരും പിടിക്കില്ല.
ബസ്സ്റ്റാൻഡ് മുതൽ വീട് വരെ ചെക്കന്മാർ ഞങ്ങളുടെ പിറകിലുണ്ട്. ഞങ്ങളുടെ ആരാധകരാണവർ.
ഞങ്ങളെ എല്ലാവരെയും വീട്ടിലെത്തിക്കുക അവരുടെ ജോലിയാണ്.
ചിരിച്ചു കൊണ്ടവൾ പറഞ്ഞു.

ശരി ശരി. നിങ്ങൾ വന്നതല്ലെയുള്ളു. ആദ്യം പോയി കുളിച്ച് ഭക്ഷണം കഴിച്ച് വാ.
നമ്മൾക്കൊരുമിച്ച് നാമം ജപിക്കാം.
എന്നിട്ട് ബാക്കി സംസാരിക്കാം. ഒപ്പം മുത്തശ്ശി നല്ല പഴുത്തചക്ക കൊണ്ടുവന്നിട്ടുണ്ട് അതും കഴിക്കാം.
അയ്യെ ചക്കയൊ? മുഖം ചുളുക്കി കൊണ്ടുള്ള ആദിയുടെ പറച്ചിൽ വന്നതും
ഉം എന്തെയ് ? ഇഷ്ടമായില്ലെ ?
മക്കളെ നമ്മളും നന്മളുടെ പൂർവ്വികരും ദാരിദ്ര്യത്തിന്റെ വറുതിക്കാലം വിശപ്പകറ്റാൻ
ഉപയോഗിച്ചിരുന്നത് ചക്കയാണന്ന് നിസ്സംശയം പറയാം. പിന്നെ ആർക്കും വേണ്ടാത്ത ഈ ചക്കയാണ് കൊറോണക്കാലത്ത് പലരുടേയും വിശപ്പകറ്റിയത്.
ചക്കയെ സംസ്ഥാന ഫലമായാണ് .
എന്നാലും പുതുതലമുറയ്ക്ക് വേണ്ട. എന്നാൽ കടൽ കടന്നാലൊ? പൊന്നിന്റെ വിലയും..

ചക്ക ഇലയപ്പം,ചക്കവറുത്തത്. ചക്കതോരൻ , ചക്ക പിരട്ടിയത് , ചക്കഅലുവ , ചക്ക ജാം എല്ലാം വീട്ടിലുണ്ടായാൽ തട്ടികളിക്കും.
പായ്ക്കറ്റിലും, കുപ്പിയിലുമായി വന്നാൽ പുതുതലമുറയ്ക്ക് ഏറെ പ്രീയം. കലികാലം എന്നല്ലാതെ എന്ത് പറയാൻ ?
അയ്യോ.. മതിയെ ..ഞാൻ മുത്തശ്ശിയെ
ശുണ്‌ഠിപിടിപ്പിക്കാൻ പറഞ്ഞതാണെ.
അവൾ മുത്തശ്ശിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
ഉം ശരി,മുത്തശ്ശിയ്ക്ക് രാവിലെ പോകണം. നിങ്ങളെ കാണാൻ മോഹം തോന്നി അപ്പോൾ തന്നെ ഇങ്ങോട്ട് പോണു.
നിങ്ങളാരും അങ്ങോട്ട് വരില്ലല്ലൊ? അതിലൊരു പരിഭവത്തിന്റെ സ്വരമുണ്ടായിരുന്നു.
ഇന്ന് രാത്രി മുത്തശ്ശിയൊരു കഥ പറയാനുണ്ട്.
കഥയൊ ? എന്റെ പൊന്ന് ചക്കരമുത്ത്
മുത്തശ്ശി നമ്മൾക്ക് ഭക്ഷണം കഴിച്ച് വേഗം കിടക്കാം. അവൾ പറഞ്ഞു.
വളരെ വേഗത്തിൽ കാര്യങ്ങളെല്ലാം നടന്നു.
അത്താഴം കഴിഞ്ഞവർ മുത്തശ്ശിയുടെ
റൂമിലെത്തി.

മുത്തശ്ശിയുടെ ഇരുവശവുമായി ഇരുന്നു.
ആമി മുത്തശ്ശിയുടെ കാൽ ഞെക്കി കൊടുത്തു കൊണ്ടിരുന്നു. ആദി മുത്തശ്ശിയെ കെട്ടിപിടിച്ച് ഒരു കാൽ മുത്തശ്ശിയുടെ മുകളിലേക്ക് കയറ്റി വെച്ചു് കിടന്നു.
മുത്തശ്ശി കഥ പറയു അവൾ ചിണുങ്ങി .
ഉം പറയാം വരു നമ്മൾക്ക് വെളിയിലിരിക്കാം.. നിദ്രയിലേക്ക് വഴുതി വീഴാൻ തയ്യാറുകുന്ന പ്രകൃതിയേയും. നിലാവ് പൊഴിച്ച് നിൽക്കുന്ന ചന്ദ്രനെയും
വാനിൽ പൂത്തതാരകങ്ങളേയും കണ്ട് നമ്മൾക്ക് ഇരിക്കാം. ശേഷം കഥ.
അയ്യൊ നമ്മുടെ മുത്തശ്ശി സാഹിത്യം പറയുന്നു. ആമിയും, ആദിയും ഒരു പോലെ പറഞ്ഞു

മുത്തശ്ശി അവർക്കൊരു ചെറുപുഞ്ചരി സമ്മാനിച്ചു കഥയിലേക്ക് കടന്നു
പണ്ട് പണ്ടൊരു കാട്ടിൽ അതി സുന്ദരിയായൊരു മാൻ കുട്ടിയുണ്ടായിരുന്നു.
മറ്റുള്ള മാനുകളെയപേക്ഷിച്ച് നടത്തത്തിലും ഓട്ടത്തിലുമെല്ലാം ചാട്ടത്തിലും അവളുടെ മികവ് വേറിട്ട് നിന്നു.
അങ്ങനെ അവൾക്ക് ആ കാട്ടിലൊരുപാട്
ആരാധകരുണ്ടായി. എങ്ങോട്ട് പോയാലും അവളുടെ പിന്നിലെ മറ്റ് മ്യഗങ്ങൾ കൂടി .
അതിൽ മാൻകുട്ടി. ഏറെ സന്തോഷിച്ചു.
മാസങ്ങളേറെ കഴിഞ്ഞു. മാൻ കുട്ടി വളർന്ന് മിടുക്കിയായി.
കാട്ട്പൂക്കളും ഇലകളും മരങ്ങളും
ചെടികളും കാട്ടരുവികളിലുമൊക്കെയായി അവൾ ആടിയും പാടിയും നടന്നു.
അപ്പോഴും അവളുടെ പിന്നാലെ മറ്റ് മ്യഗങ്ങളുണ്ടായിരുന്നു.. അവളതിലേറെ ആനന്ദം കണ്ടെത്തിയിരുന്നു. താനെത്ര സുന്ദരിയായിട്ടാണ് തന്റെ പിന്നാലെ ഇത്രയും കൂട്ടുകാർ ചുറ്റി നടക്കുന്നത്. ഇത് തെല്ലൊന്നുമല്ല അവളെ അഹങ്കാരിയാക്കിയത്.
മകളുടെ അതിര് വിട പ്രവൃത്തിയിൽ
ഭയം തോന്നിയ മാൻ കുട്ടിയുടെ അച്ഛനും അമ്മയും മകളെ ഉപദേശിച്ച് നേർവഴിക്ക്
കൊണ്ടുവരാൻ തീരുമാനിച്ചു.

മകളെ ,മാംസഭോജികളായ മൃഗങ്ങൾ ധാരാളമുണ്ട്
അതുകൊണ്ട് നിന്റെ ഈ കൂട്ടം തെറ്റിയുള്ള
നടത്തവും മറ്റുള്ളവരെ അകർഷിക്കാൻ നീ കാട്ടും വേലത്തരങ്ങളും അപകടത്തെ ക്ഷണിച്ച് വരുത്തുകയാണ്.
നോക്കു,അച്ഛനമ്മയും.
ഈ കാട്ടിൽ എത്രയോ മൃഗങ്ങളുണ്ട് അവർക്കാർക്കെങ്കിലും ഇത്രയും ആരാധകരുണ്ടൊ?
എത്ര നാളായി ഞാനീ കാട്ടിൽ നടക്കുന്നു. എനിക്കെന്ത് സംഭവിച്ചു. കാലമൊക്കെ മാറിയില്ലെ ? എന്തിന് ഭയക്കണം നമ്മൾ ?
എല്ലാവർക്കും അവരുടെ ഇഷ്ടത്തിന് ജീവിക്കണ്ടെ?
മോളെ ..നീ പറയുന്നത് ശരിയാണ്. നിന്റെ പിറകിൽ മറ്റ് മൃഗങ്ങളുണ്ട് അപ്പോൾ ആക്രമിക്കപ്പെടണമെന്നില്ല.

എന്നാലാർത്തിയോടെ കൊതിയൂറിയ നാവിൽ നിന്നും വെള്ളമിറ്റിച്ച് രണ്ട് കണ്ണുകൾ നാം അറിയാതെ നമ്മെ പിൻതുടരാം.
ശ്രദ്ധിക്കുക. അത്രമാത്രമെ ഞങ്ങൾക്ക് പറയാനുള്ളു.
പിന്നെയും ദിവസങ്ങളേറെ കൊഴിഞ്ഞ്
വീണു.
ഒരു ദിവസം പതിവ് പോലെ മാൻ തന്റെ സവാരിക്കിറങ്ങി. തന്റെ പിന്നാലെ മറ്റ് മ്യഗങ്ങളും ഉണ്ട്. അവരെ സന്തോഷിപ്പിക്കാൻ പലപല വികൃതികളൊക്കെ കാട്ടി അവൾ നടന്നു.
കുറെ നടന്ന് കഴിഞ്ഞപ്പോൾ കൂടെ കൂടിയവർ
വിശപ്പും ദാഹവും കാരണം ഒന്നൊന്നായി കൊഴിഞ്ഞ് പോയി തുടങ്ങി എന്നാലിതൊന്നും ശ്രദ്ധിക്കാതെ മാൻകുട്ടി
മറ്റുള്ളവരെ ആകർഷിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു.
അങ്ങനെ അവാസത്തെ കാഴ്ചകാരനും തന്റെ പിറകിൽ നിന്നും മറഞ്ഞതറിയാതെ
പിന്നേയും മുന്നോട്ട് നടന്നു.

പെട്ടെന്ന് കാട്ടുമരങ്ങൾക്കിടയിൽ നിന്നും
മിന്നായം പോലെയൊരു പുലി മാൻകുട്ടിയുടെ മുകളിലേക്ക് ചാടി വീണു ശക്തമായി കടിച്ച് വലിച്ചു കൊണ്ട് കാട്ട് മരങ്ങളുടെ ഇടയിലൂടെ ഓടി മറഞ്ഞു.
ജീവനോടെ തന്റെ ശരീരഭാഗങ്ങൾ ഭക്ഷിക്കുമ്പോഴും ആർത്തിയോടെ അവൻ പറയുന്നുണ്ടായിരുന്നു. എത്ര നാളുകളായി നിന്റെ പിറകിലുണ്ട് ഞാൻ . എന്നാലിന്നാണൊരു അവസരം കിട്ടിയത്.
ഒരുപാട് മാനിനെ കഴിച്ചിട്ടുണ്ട് എന്നാലിന്നാദ്യമായൊരു സുന്ദരി മാനിനെ കിട്ടിയത്.
ഇത്രയും പറഞ്ഞ് മാനിന്റെ തുട കടിച്ച് വലിച്ചു കീറി പുലി.
മരണത്തിലേക്ക് വഴുതി വീഴുമ്പോഴും അമ്മയുടെയും അച്ഛന്റെയും വാക്കുകളാണ് പാവം മാൻകുട്ടിയുടെ ചെവിയിൽ മുഴങ്ങി കേട്ടത്.
കഥ പറഞ്ഞ് തിരിഞ്ഞ് നോക്കിയ മുത്തശ്ശി
കണ്ടത് കണ്ണൂകൾ നിറഞ്ഞൊഴുകി നിൽക്കുന്ന പേരക്കുട്ടികളെയാണ്.
അയ്യൊ എന്റെ മുത്തുമണികൾ കരുയുകയായിരുന്നൊ?
പൊട്ടെ ട്ടൊ. എന്നാൽ മുത്തശ്ശിയൊരു ചോദ്യം ചോദിക്കാം. അതിന് ഉത്തരം പറയാമൊ?
ഉം പറയാം അവർ തലയാട്ടി.

ഈ കഥയിൽ നിന്നും നിങ്ങൾക്കെന്ത് മനസ്സിലായി. ?
അവർ പരസ്പരം മുഖത്തേക്ക് നോക്കിയിട്ട്
ആമി പറഞ്ഞു മുത്തശ്ശി ഞാൻ പറയാം.
ശരി പറയു .
നമ്മുടെ പിന്നാലെ കൂടുന്നവരെല്ലാം നമ്മെ സ്നേഹിക്കുന്നവരൊ അല്ലങ്കിൽ ആരാധിക്കുന്നവരൊ ആയിരിക്കണമെന്നില്ലയെന്ന സത്യം.
മുത്തശ്ശി ഞങ്ങളുടെ തെറ്റുകൾ മനസ്സിലായി. ഞങ്ങളോട് ക്ഷമിച്ചാലും.
. അഹങ്കരം കൊണ്ട് അന്ധമായ ഞങ്ങളുടെ മിഴികൾക്കും , ബുദ്ധിയ്ക്കുമാണ് മുത്തശ്ശി വെളിച്ചം പകർന്നത്.

സാരമില്ല കുട്ടികളെ തെറ്റ് മനസ്സിലാക്കിയല്ലൊ ?
നിങ്ങളോർക്കുക. വീട് വിട്ട് പോയി തിരിച്ച് വരും വരെ നിങ്ങളുടെ അച്ഛനമ്മമാരുടെയുള്ളിലെ അസാധാരണമായൊരു നെഞ്ചുരുക്കം അറിയണം നിങ്ങൾ .
കെട്ടകാലത്തെ ക്ലേശകരമായ കാഴ്ചകളും വാർത്തകളും ദുരനുഭവങ്ങളും ആണ് അതിന് കാരണം.
നിങ്ങൾ കാണുന്ന സിനിമയിലെ നായികമാർക്ക് പുറംലോകമായി യാതൊരു ബന്ധവുമില്ല അവർ കാറിൽ സഞ്ചരിക്കുന്നു.
ക്യാമറകണ്ണുകളുടെയും ,അകമ്പടി സേവകരുടെയും വലയം വിട്ടൊരു കളിയില്ല.
രാത്രിയിലെ സവാരിയെന്ന് പറഞ്ഞ് വനിത കൂട്ടായ്മ കൂട്ടമായി നടന്നു തങ്ങളുടെ ധീരത കാട്ടും..

പാട്ടകൊട്ടിയും പന്തം കൊളുത്തി വീശിയും ആനയെ വിരട്ടി കാട്ടിലേക്ക് ആയിക്കുന്ന പോലെ ചുറ്റും നൂറ് കണക്കിനാൾക്കാരും പോലിസും മാധ്യമ പ്രവർത്തകർക്കൊപ്പം കാട്ടുന്ന നാടകമല്ല ജീവിതം.
അത് അനുഭവിച്ചറിയുന്നത് സാധാരണ പൗരന്മാരാണ്. നമ്മൾക്ക് ചുറ്റും നമ്മളൊരു സ്വയം സുരക്ഷ വലയം തീർക്കുക.
നമ്മൾക്കെന്ത് സംഭവിച്ചാലും വാർത്തയാകില്ല. ആരും കാണില്ലെന്ന ആ സത്യം നിങ്ങൾ കുട്ടികൾ തിരിച്ചറിയണം .കാരണം നിങ്ങൾ പ്രമുഖരല്ല.
മുത്തശ്ശി ഞങ്ങൾക്കെല്ലാം മനസ്സിലായി.
ഞങ്ങളോട് ക്ഷമിക്കുക. വരു നമ്മൾക്ക്
കിടക്കാം.
അവർ മുത്തശ്ശിയെ കൂട്ടി റൂമിലേക്ക് പോയി. മുത്തശ്ശിയെ കെട്ടിപ്പിടിച്ച് കിടന്നു.
ഇതുപോലൊരു മുത്തശ്ശി തങ്ങൾക്കുള്ളതിൽ അവർക്കഭിമാനം തോന്നി.
ശുഭം ..

By ivayana