ഒറ്റ പെങ്ങളാണ്, എന്നേക്കാൾ മൂന്ന് വയസിനിളയതാണ് .
ബോബനും മോളിയുമെന്ന് ഞങ്ങളെ ആദ്യം കളിയാക്കിയത് മുസ്തഫ സ്റ്റോഴ്സിലെ (ഇന്നത്തെ പി.എം.എസ് ടെക്സ്റ്റൈൽസ്) ബക്കർക്കയായിരുന്നു. സ്കൂൾ വഴിയിലും മദ്റസ മുറ്റത്തും.
വീട് കെട്ടിയും മണ്ണപ്പം ചുട്ടും സാറ്റ് കളിച്ചും.
കടയിൽ പോക്കിന് കൂട്ടായും ഒടുങ്ങാട്ടെ വീട്ടിൽ പാലും മോരും വാങ്ങാനും.
ഞാനുള്ള എവിടെയും എന്റെ നിഴലായി അവളുണ്ടായിരുന്നു.
എന്റെ നിഴല് പോലെയല്ല, നിഴല് തന്നെയായിരുന്നു.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്, തൊഴുപ്പാടമെന്ന ചെറിയൊരു ഗ്രാമം വിട്ട് ഉപ്പയുടെ നാടായ മുള്ളൂർക്കരയിലേക്ക് ജീവിതം പറിച്ചുനടുന്നത്.
വൈദ്യുതി പോലും അപൂർവ്വമായ, ഗ്രാമ്യ നന്മകളാൽ പുഷ്ക്കലമായ, ചെമ്മൺപാതയും പാടവും തോടും കനാലും നിളയും കൊണ്ട് അനുഗ്രഹീതയായ സ്നേഹ ഭൂമികയിൽ നിന്ന് എല്ലാ സമയവും വാഹനങ്ങളുടെ ഇരമ്പമുള്ള ഒരു സംസ്ഥാന പാതയോരത്തെ അത്ഭുതക്കാഴ്ചകളിലേക്ക് കണ്ണ് തുറക്കുമ്പോഴും, അത്തരമൊരു അപരിചിതാരവം ഞങ്ങളുടെ കുഞ്ഞുമനസ്സുകളിൽ അജ്ഞാതമായൊരു ഭീതി നിറക്കുകയാണ് ചെയ്തത്.
അപ്പോൾ മുതൽ തന്നെ ഞാനൊരു മൂത്താങ്ങിളയായി, അവളുടെ സംരക്ഷക സ്ഥാനത്തേക്ക് പരിവർത്തിക്കപ്പെട്ടിരിക്കണം.
വാഹന ശബ്ദങ്ങളിലേക്ക് തുറക്കുന്ന ആ കൊച്ചു വീട്ടിൽ അവളുടെ ചലനങ്ങളേവം എന്റെ നിഴൽപ്പാടിലായി. കളിയും കാര്യവും ഊണുമുറക്കവും അങ്ങനെ….
ആൺകുട്ടിയെന്ന മേൽക്കോയ്മ സ്ഥാപിച്ചെടുക്കുന്നതിനപ്പുറം എന്റെ വികൃതിത്തരങ്ങളിൽ ഏറെ സഹിക്കേണ്ടി വന്നപ്പോഴും എനിക്ക് അടി കിട്ടുമെന്ന പേടിയായിരിക്കും, സഹനത്തിന്റെ ഒരാഴിച്ചുഴി അവളന്നേ ഉള്ളിൽ സൂക്ഷിച്ചിരുന്നു.
പത്തോ പന്ത്രണ്ടോ ദിവസങ്ങൾ കൂടിയുള്ള ഉപ്പയുടെ മടങ്ങിവരവുകളിൽ, പങ്ക് വെക്കപ്പെടുന്ന രുചികളധികവും എന്റെ പങ്ക് ആദ്യമേ തീർത്ത്, ചോദിച്ചും തട്ടിപ്പറിച്ചും അവളുടെ നിറമിഴികളെ അവഗണിച്ച് ഞാനകത്താക്കുമായിരുന്നു. കൊതികളുടെ ബാല്യത്തിലും എന്നോടുള്ള സ്നേഹമായിരിക്കണം പരാതികളെല്ലാം കണ്ണും മൂക്കും തുടച്ചവൾ മായ്ച് കളയുമായിരുന്നു.
കടയിൽ പോകുമ്പോഴും അരിയും മല്ലിയും പൊടിക്കാൻ മില്ലിൽ പോകുമ്പോഴും വീട് മറഞ്ഞാൽ, സഞ്ചിയുടെ ഭാരം പെൺകുട്ടികളാണ് താങ്ങേണ്ടതെന്ന എന്റെ തിട്ടൂരത്തിന് പ്രയാസപ്പെട്ടാണെങ്കിലും അവളുടെ കുഞ്ഞിക്കൈകൾ ചുവക്കുമായിരുന്നു.
“അവൾ വലിയ കുട്ടിയായെ”ന്ന മാറ്റി നിറുത്തലുകളുടെ ഏകാന്തതയിലാണ് എനിക്ക് വീടിന് പുറത്ത് കൂട്ടുകാരുണ്ടാകുന്നത്.
എങ്കിലും, വീട്ടിലൊരു പൂച്ചക്കുട്ടിയെ പോലെ എനിക്കു ചുറ്റും അവളുണ്ടാകും. എന്റെ എല്ലാ കാര്യങ്ങളും “മോളേ… ” എന്ന ഒറ്റ വിളിയിൽ അവളറിഞ്ഞ് ചെയ്യും. വീട്ടിലെ കളിയിലും കാര്യത്തിലും ഞങ്ങളെന്നും ഒരു പക്ഷമാകും. വീട്ടിലെ ഏക പെൺതരിയാകയാൽ എല്ലാവരും മോളേ എന്നാണ് വിളിച്ചിരുന്നത്. ബോബനും മോളിയുമെന്ന് കളിയാക്കി ചിലർ വിളിച്ചിരുന്നുവെങ്കിലും പിന്നീട് പലപ്പോഴും, പരസ്പരം അങ്ങനെ വിളിക്കുന്നതിൽ ഞങ്ങൾ സ്വയം ആനന്ദിക്കുകയും അവൾക്ക് ഞാനും എനിക്കവളും ഒറ്റയ്ക്കൊറ്റക്കായാൽ അപൂർണ്ണമായിത്തീരുന്ന ദിനസരങ്ങളാകുകയുമായിരുന്നു.
അവളുടെ സഹപാഠികളിൽ കുറേയേറെ പെൺകുട്ടികൾ വിവാഹിതരായി കഴിഞ്ഞിട്ടും ഇവൾക്കൊരു ബന്ധമൊത്ത് വരാത്ത വേവലാതികൾക്കൊടുവിലാണ്, ജൻമനാടെന്ന് പറയാവുന്ന തൊഴുപ്പാടത്ത് നിന്ന് നല്ലൊരു ബന്ധം വരുന്നത്.
മനസ് നിറയെ ആഹ്ലാദമായി. എന്റെ മോളിയും ഭർത്തൃമതിയാകുന്നു…
വീട്ടിലാകെ ആനന്ദഘോഷം നിറഞ്ഞു. ഒറ്റ പെങ്ങളുടെ, കെങ്കേമമാക്കേണ്ട കല്യാണമേളം ചുറ്റിലും നിറഞ്ഞാടി.
വിവാഹ നാൾ അത്രക്കും നിഷ്കളങ്കമായി തന്നെ എല്ലായിടത്തും ഓടി നടന്നു.
എല്ലാ ആഘോഷങ്ങൾക്ക് മേലെയും വലിയൊരു കരച്ചിലിന്റെ കമ്പളം വലിച്ചിട്ടിട്ടാണ്, “പെണ്ണെറങ്ങായീട്ടോ ” എന്നാരോ പറഞ്ഞ് കേട്ടത്.
അതുവരേക്കും ഞാൻ, കുഞ്ഞു പെങ്ങളുടെ വിവാഹ സന്തോഷങ്ങളിലായിരുന്നു. ആഘോഷങ്ങളിലായിരുന്നു. വിവാഹ ചടങ്ങുകൾ നടത്താൻ ഓടിപ്പായുന്ന ആങ്ങളയായി അരങ്ങത്ത് തിമിർത്താടുകയായിരുന്നു.
“പെണ്ണെറങ്ങായീ….” എന്ന ശബ്ദം ഒരു കൊള്ളിയാൻ പോലെ എന്റെ ചങ്കിലാണ് വന്ന് വീണത്. ഒരു പാട് ചിന്തകൾ അർദ്ധ നിമിഷം കൊണ്ട് എന്നെ ചുറ്റിവരിഞ്ഞു. എന്റെ മോളി ഇറങ്ങുകയാണ്, തികച്ചും അപരിചിതനായ ഒരാളോടൊപ്പം, അതിലും അപരിചിതമായൊരിടത്തേക്ക് അവളെ പറഞ്ഞ് വിടുകയാണ്. സന്തോഷങ്ങളുടെ കളി ചിരികൾക്കിടയിൽ നിന്ന് ആരൊക്കെയോ ചേർന്നെന്റെ നെഞ്ച് പിളർത്തി, പച്ചക്കരൾ പറിച്ചെടുക്കുന്ന വേദന ഞാനറിഞ്ഞു… കണ്ണിലിരുട്ട് നിറഞ്ഞതോർമ്മയുണ്ട് പിന്നെ.. പിന്നെ ബോധത്തിനും അബോധത്തിനുമിടയിലെ കുറേനിമിഷങ്ങൾ…
ഗാഢാഷ്ളേഷണത്തിൽ നിന്ന് കുറേ കരയുന്ന കണ്ണുകളും വിറക്കുന്ന കരങ്ങളും ഞങ്ങളെ വലിച്ചകറ്റി..
അവള് പോയി, അല്ല, അവളെ എന്നിൽ നിന്ന് പിടിച്ച് വലിച്ച് കൊണ്ടുപോയി.
പിന്നൊരു പാട് കാലത്തേക്ക് എനിക്ക് പ്രഭാതങ്ങളില്ലായിരുന്നു, പ്രദോഷങ്ങളില്ലായിരുന്നു രാത്രിയും പകലുമില്ലായിരുന്നു.
അവളില്ലായ്മയുടെ തീൻമേശയിൽ രുചികളെല്ലാം തൊണ്ടയിൽ തടഞ്ഞു നിന്നു. നോവുണ്ട് വയർ നിറച്ചു.
അവളില്ലാത്ത വീടെനിക്ക് ഇരുട്ട് നിറഞ്ഞൊരു അന്യ ഗ്രഹമായി. വേദനയുടെ ഒരു ചുടുകട്ട നെഞ്ചിലും പേറിയങ്ങനെ…..
എല്ലാ വേദനകളുടേയും തിരശ്ശീലക്ക് മുകളിൽ അവളുടെ മിഴിയിലും മൊഴിയിലും തെളിഞ്ഞു വന്ന സന്തോഷങ്ങളുടെ പൂത്തിരികൾ മെല്ലെ മെല്ലെ എന്റെ ഇരുട്ട് കെടുത്തി, നോവിലേക്ക് തണുപ്പായി……..
ഇന്ന്,
നാല് മക്കളുണ്ട്. മാമാ എന്ന് വിളിച്ച് സ്നേഹം കൊണ്ടെന്നെ പൊതിയാൻ.
നല്ല കുടുംബിനിയായി എന്റെ മോളിയും. ഒന്ന് ചേർന്ന അന്ന് മുതൽ, ഞങ്ങളിലൊരാളായി എന്തിനും ഏതിനും തുണയായി, സ്നേഹസ്വരൂപനായി ഹമീദെന്ന, എന്റെ മോളിയുടെ നേർ പാതിയും.
അല്ലലുകളേതുമില്ലാതെ എന്റെ മോളിയും കുടുംബവും ….