രചന : സഫി അലി താഹ ✍
“ആ പാവത്തിനെ പറഞ്ഞുവിട്ടപ്പോൾ നിനക്ക് സമാധാനമായോ?”
“നിന്റെ ആദർശങ്ങളും കടുംപിടുത്തവും കാരണം ആ പയ്യന്റെ മനസ്സ് വിഷമിച്ചില്ലേ?’
ചുറ്റാകെനിന്നും കുത്തുവാക്കുകൾ ചീറിവന്നു. എന്നിട്ടും എനിക്കൊന്നും തോന്നിയില്ല.
“ജോലിക്ക് വന്നു, ജോലി ചെയ്യിച്ചില്ല. ഇന്നവന് വേറെയെവിടെയും ജോലി കിട്ടില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ കൂലി കൊടുത്താണ് പറഞ്ഞുവിട്ടതും.
എനിക്ക് യാതൊരു പശ്ചാത്താപവും തോന്നുന്നില്ല. അവനെപ്പോലെ ഇവിടെ ജോലിക്ക് വന്ന മറ്റുള്ള തൊഴിലാളികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഒരാളുണ്ട്, പോലീസിൽ രേഖകൾ സബ്‌മിറ്റ് ചെയ്യാൻ അവർക്ക് മടിയും ഇല്ലായിരുന്നു, അവന് മാത്രം രേഖ ഇല്ലെങ്കിൽ അവൻ ഇവിടെ ജോലി ചെയ്യേണ്ട അത്ര മാത്രം.കയറിവന്ന് ജോലി ചോദിക്കുമ്പോൾ കൊടുക്കാൻ നിൽക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ!” അവർക്കുള്ള മറുപടി കൊടുത്തു. ലാസ്റ്റ് വാചകം കേട്ടപ്പോൾ മേശിരി തലചൊറിഞ്ഞു.
ഇന്നലെ വീടുപണിക്ക് വന്ന ബംഗാളിപയ്യനെ ജോലിക്ക് നിർത്താതെ പറഞ്ഞുവിട്ടു. ഞാൻ ചെയ്തത് പലർക്കും തെറ്റായി തോന്നി.
“കൂലി കൊടുത്തു,അതുകൊണ്ട് എല്ലാമായോ സഫീ. നിനക്കെന്താ അവനോട് അത്ര ദേഷ്യം? “മാമയുടെ ചോദ്യം ചീറിവന്നു.
“ഞാൻ അവനോട് ദേഷ്യം കാണിച്ചോ. ഇല്ലല്ലോ. “
“ഇല്ലേ. പിന്നെന്തിനാ അവനെ പറഞ്ഞുവിട്ടത്? “
“ഇവിടെ ജോലിചെയ്യുന്ന 75%വും അഥിതി തൊഴിലാളികളാണ്. അവർക്ക് ഇവിടെ ജോലിയുണ്ട്, അവനിവിടെ ജോലിയില്ല എന്നാണ് പറഞ്ഞത്.എനിക്ക് അതിഥി തൊഴിലാളികളോട് ദേഷ്യം ഉണ്ടെങ്കിൽ എല്ലാവരോടും കാണിക്കണ്ടേ.?”
“എല്ലാവരും മിണ്ടാതിരിക്കാൻ, അവൾ ചെയ്തതിൽ എന്താണ് തെറ്റ്?”ഉപ്പയുടെയായിരുന്നു ആ സ്വരം.
“ഐഡി കാർഡാണ് ചോദിച്ചത്. ഒരു പൗരന് എവിടെയും ജോലി ചെയ്യാം.അതിന് ആരും എതിർക്കില്ല.പക്ഷേ ഈ നാട്ടിൽ ഉള്ളവർ അല്ലാത്തതിനാൽ അവരുടെ ഐഡിയും നാട്ടിലെ നമ്പറും പോലീസ് സ്റ്റേഷനും ചോദിച്ചു . അതിൽ തെറ്റുണ്ടോ? ഇതിനൊക്കെ സാക്ഷിയായ എഞ്ചിനീയറും ചോദിച്ചു.
“നമുക്ക് ചിരപരിചിതർ ആയവർ പോലും അവസരം കിട്ടിയാൽ പല ദ്രോഹങ്ങളും ചെയ്യാൻ തക്കം പാർത്തിരിക്കുന്ന ഈ കാലത്ത് ഏതോ നാട്ടിൽനിന്നും അപരിചിതരായ കുറച്ചുപേർ, അവരെ കുറിച്ച് ഒരു വിവരവും അറിയാതെ അവരെ ജോലിക്ക് നിർത്തേണ്ട, താമസസ്ഥലം വാടകയ്ക്ക് കൊടുക്കേണ്ട കാര്യമില്ലല്ലോ!ഉണ്ടോ? നിങ്ങളുടെ വീട്ടിൽ ആ പോയവൻ ഒരു പ്രശ്നം ഉണ്ടാക്കിയാൽ എവിടെയാണ് അവനെ തപ്പേണ്ടത്?പറയൂ.”
ആർക്കും മിണ്ടാട്ടമില്ല.
“സെന്റിമെന്റ്സ് കാണിക്കാം.പക്ഷേ അപകടത്തിനു ശേഷം സുരക്ഷയൊരുക്കുന്ന പൊതുമലയാളിബോധം കുറച്ചൊക്കെ മാറ്റണ്ടേ?” ഞാൻ ചോദിച്ചു.
അഥിതി തൊഴിലാളികളുടെ അഡ്രെസ്സ് പ്രൂഫ് പോലീസ് സ്റ്റേഷനിൽ കാണിച്ച്, അവർ നൽകുന്ന നമ്പറുകൾ വെരിഫൈ ചെയ്ത് മാത്രമാണ് അടുത്തൊരു വീട്ടിൽ വർഷങ്ങൾക്ക് മുൻപ് നാൽപതോളം അതിഥി തൊഴിലാളികളെ വാടകയ്ക്ക് താമസിക്കാൻ ഞങ്ങൾ അനുവദിച്ചത്.അന്ന് ജിഷയുടെയോ കലയുടെയോ സംഭവമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ അവരിൽ ചിലർ പോലീസിനോട് പോലും കയർത്തുതുടങ്ങി…..
അവരെ ജോലിക്ക് എടുക്കുന്ന കോൺട്രാക്ടർ, തൊഴിൽ ദാതാവ് അവർ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ഉത്തരവാദി ആയിരിക്കും.മലയാളികൾക്ക്
1000 കൊടുക്കേണ്ടിടത്ത് ഇവർക്ക് 500മതി. മലയാളി നിരങ്ങിയും മൂളിയും ചെയ്യുന്ന ജോലി അവർ പെട്ടെന്ന് തീർക്കും. ആത്മാർഥമായി പണി ചെയ്യുന്ന, പ്രശ്നക്കാരല്ലാത്തവരാണ് ഭൂരിഭാഗവും. എന്നാൽ എല്ലാവരിലുമെന്ന പോലെ അവരിലും ലഹരിക്ക് അടിമപ്പെട്ട ക്രൂര സ്വഭാവമുള്ള എന്തും ചെയ്യാൻ മടിക്കാത്ത കുറച്ചുപേരുണ്ട്. അവിടെ കുറ്റം ചെയ്തിട്ട് രക്ഷപ്പെടാനായി കേരളത്തിൽ ജോലി നോക്കുന്നവർ ഒക്കെയുണ്ട് അവർക്കിടയിൽ.
( ഇതൊക്കെ പറയുമ്പോഴും നമുക്കിടയിൽ ക്രിമിനൽസ് ഇല്ല എന്ന് പറയുന്നില്ല). അവർ നൽകുന്ന അവരുടെ പോലീസ് സ്റ്റേഷൻ നമ്പറിൽ വിളിച്ച് അവർ കുഴപ്പക്കാർ ആണോ എന്നെങ്കിലും തിരക്കാൻ തൊഴിൽ കൊടുക്കുന്നവർ തീർച്ചയായും ശ്രദ്ധിക്കണം.
അതിഥി തൊഴിലാളി എന്നുപറഞ്ഞ്
വിളിച്ചുകേറ്റി നൂറു രൂപ ലാഭമുണ്ടാക്കുമ്പോൾ അത് ചിലപ്പോൾ , ഏതേലും തീവ്രവാദിയോ നുഴഞ്ഞു കയറ്റക്കാരനോ ആണോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല.അതുകൊണ്ട് അഡ്രെസ്സ് പ്രൂഫ് ചോദിക്കുക.
ഇത് വായിച്ചിട്ട് മലയാളികൾ ജോലിക്ക് ഇല്ലാത്ത സ്ഥലങ്ങളില്ലല്ലോ എന്ന് പറയുന്നവരോട് ഒരു വാക്ക് “ജോലിക്ക്, ജോലിക്കാർക്ക് ഏത് ദേശം ഭാഷ എന്നൊന്നും ഇല്ല.ആർക്കും എവിടെയും പോകാം എന്ത് തൊഴിലും ചെയ്യാം.ജോലിക്ക് വരുന്നവരോട് മനുഷ്യനായി പെരുമാറാം,എന്നാൽ സുരക്ഷിതകരാകുക എന്നത് എല്ലാവരുടെയും ആവശ്യമാണ്.ഏതൊരു ദേശത്തും മലയാളിക്കും തിരിച്ചറിയൽ രേഖയുണ്ടെങ്കിൽ ജോലി കൊടുത്താൽ മതി.മുതുകത്ത് പുണ്ണില്ലാത്തവൻ വേലി ഊരാൻ മടിക്കേണ്ടതില്ലല്ലോ.!
Nb :ആർക്കും ആധാറും ഇലക്ഷൻ കാർഡും ഒപ്പിച്ചുകൊടുക്കുന്ന അൽപ ലാഭം കൊതിക്കുന്ന രാഷ്ട്രീയക്കാരും തൊഴിലുടമകളും ചിന്തിക്കുക, (തെരുവിൽ ജീവിക്കാൻ വിധിക്കപ്പെട്ട കുറേയേറേ മനുഷ്യർക്ക് തിരിച്ചറിയൽ രേഖകൾ കാണില്ല,ഇത് അതല്ല, തൊഴിൽത്തേടി വരുന്നവരെക്കുറിച്ചാണ്.)