രചന : മധുമാവില✍

ഒറ്റക്ക് നടക്കുമ്പോളാണ്
മനസ്സ് നമ്മെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത്.
കാല് മുട്ടിയോ മറ്റോ പെട്ടന്ന് നില്കുമ്പോൾ
അലോചനകൾ എവിടെയോ ആയിരിക്കും’
അന്നും അങ്ങിനെയായിരുന്നു.
വിത്യസ്തരായ ചിലർ ,

വലിയ വലിയ കാര്യങ്ങളെന്ന് അവർക്ക് മാത്രം തോന്നുന്നവ വളരെ സങ്കീർണമായ് ചിന്തിക്കുകയും തല പുകഞ്ഞ് വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ചിലരെ കാണുമ്പോൾ ഒരു തരം ആശ്ചര്യമാണ്.. അത്ഭുതമാണ്.
പക്ഷെ പുറത്ത് പറയാത്ത സംശയം ബാക്കിയാണ്.
എന്തിനാണ് ഇത്രമാത്രം ഇവർ ഉത്കണ്ഡപ്പെടുന്നത്..? ആവലാതിപ്പെടുന്നത് ?പലതും ഒളിക്കുന്നതും പറയാതിരിക്കുന്നതും.

അതിന് മാത്രം എന്താണിതിലുള്ളത്.?
ചില സമയത്ത് നേരേ ചൊവ്വേ അങ്ങട് ചില സംശയങ്ങൾ ചോദിച്ചാലോ
കൂട്ടത്തിലുള്ളവർ തമാശയാക്കിച്ചിരിക്കും.
ചോദ്യങ്ങൾ ഇല്ലാതാക്കുന്ന സൈക്കോ
ചികിത്സ രീതി..

ഒന്നിച്ചുള്ള ഇത്തരം ചിരിയിൽ
ഉത്തമൻ്റെ സംശയങ്ങൾ അലിഞ്ഞു പോകും
ചോദ്യങ്ങൾ ശ്വാസം കിട്ടാതെ പിടയും.
പിന്നെ പിടച്ചിലും നേർത്ത് നേർത്ത് വരും..
മിക്ക സമയത്തും
ചിലർ ചിരിക്കുമ്പോൾ മാത്രം കൂടെച്ചിരിക്കുന്നവരും, എല്ലാത്തിനും ഒപ്പം നിൽക്കുന്നതും കോട്ടപ്പള്ളിയുടെ വ്യാഖ്യാനത്തിൽ ബുദ്ധിജീവികളായ് കണക്കാക്കപ്പെടുന്നതിൻ്റെ ലക്ഷണമാണ്. ആ അളവുകോലിലേക്ക് സ്വയം കയറി പറ്റുന്നതും, ഉത്തമനെപ്പോലുള്ളവരെ എന്നും അകലത്ത് തടയുന്നതും ഇത്തരം അവസരങ്ങളിലെ കോമാളികളാണല്ലോ..

പല വിഷയങ്ങളും ചർച്ച ചെയ്യപ്പെടാറുണ്ടങ്കിലും
അന്ന് യുദ്ധമായിരുന്നു വിഷയം
അമേരിക്കയുടെ യുദ്ധം തെറ്റാണ്..
സാമ്രാജ്യത്തവും മുതലാത്തവും തടയണം.
അമേരിക്കയുടെ യുദ്ധവും ആയുധക്കച്ചവടവും സാധാരണ മനുഷ്യർക്കെതിരാണ്.
ഉത്തമന്ന് സംശയം വന്നു.

റഷ്യയുടെ യുദ്ധം തെറ്റല്ലേ ..?
നാം യുദ്ധത്തിനെതിരാണന്ന് ..
ഒരു യുദ്ധവും ശരിയല്ലന്ന്.
ജനങ്ങളുടെ കൂടെയാണ് നാം….
ഉത്തരമാണോ ചോദ്യമാണോ തെറ്റിയത് ..!
അതോ..! ചോദിച്ചതോ. ?
ഉത്തമന് സംശയമായി.
കുറ്റവും ശിക്ഷയും പോലെ ഉത്തരം
കേട്ടിട്ടാവാം ചില കാണികൾ ഒന്നിച്ചു ചിരിച്ചു. ചിലർ മുഖം തിരിച്ചു.
ഇത് പോലെയെത്രയുത്തരങ്ങൾ
ചരിത്രത്തിൻ്റെ പൊള്ളയായ കോമാളിച്ചിരിയിൽ ഉത്തമനെപ്പോലെ
കോമാളിയാക്കപ്പെട്ടവർ.

വെയിൽ കുറഞ്ഞങ്കിലും ചൂട് കുറവില്ല.
നടത്തത്തിന് വേഗത കൂടിക്കൂടി വന്നു. ആലോചനകൾക്കും.
നല്ല കാറ്റുണ്ടായിട്ടും വിയർക്കുന്നുണ്ടായിരുന്നു.
ഇന്നത്തെ ചർച്ചയെത്തിയത് രാജീവ് ഗാന്ധിയെ കൊന്ന സംഭവത്തിലാണ്.
പുരോഗമന കാലത്ത്
വധശിക്ഷ ശരിയാണോ..?
പാടില്ല.’കുറ്റവാളികളെ മൊത്തത്തിൽ പരിവർത്തനം ചെയ്ത് മനുഷ്യനായ് മാറ്റിയെടുക്കണം..

അപ്പോൾ നൂറ് കണക്കിന് എതിരാളികളെ വെട്ടിക്കൊന്നതോ.?
മൗനം പൊട്ടിച്ചിരിച്ചു. ആരും കണ്ടില്ല.
മിക്ക സംവാദങ്ങളിലും സംശയങ്ങൾ ചോദിക്കുന്നതിന്
മുന്നെ മനസ്സിൽ ചിരിക്കും. കോട്ടപ്പള്ളിയെപ്പോലുള്ളവർ തമാശ പറഞ്ഞ് ചോദ്യങ്ങൾ മായ്ച് കളയുന്നതിൻ്റെ ഫ്യൂഡൽ തന്ത്രങ്ങൾ
മൂലധനലാഭം നോക്കിയാണന്ന്
മനസിലാക്കിയവൻ്റെ ചിരി.?

കഠിനമായ വിശപ്പിലും ദഹിക്കാത്ത വിവരക്കേടിനെ ബുദ്ധിപരമായ് ചവച്ച് ചവച്ച് തുപ്പുന്നവരുടെ മുന്നിൽ
ചോദ്യങ്ങൾ കോമാളികളാണന്ന് കൊടക്കമ്പിയും
കോട്ടപ്പള്ളിയും ദാസനും പല പ്രാവശ്യം പറഞ്ഞിട്ടുണ്ടങ്കിലും
ഉത്തമൻ്റെ അന്വേഷണം എത്തിയത് മനുസ്മൃതിയിലാണ്..
ചോദിക്കണമെന്നുണ്ട്. പേടിയാണ്.

പഞ്ചുർവർണ്ണങ്ങൾ മനു പിന്നീട് എഴുതിയിട്ടുണ്ടാവുമോ…?
നിറമില്ലാത്തവനും മണം ഇല്ലാത്തവനും മാത്രം പട്ടും വളയും കൊടുക്കുന്ന വരേണ്യവർഗ്ഗത്തിൻ്റെ തുല്ല്യങ്ങളാണ് അന്നും ഇന്നും എന്നും കോമാളിവേഷങ്ങൾ..
കോട്ടപ്പള്ളിയുടെ വ്യാഖ്യാനങ്ങളിൽ ഇടം പിടിക്കാത്ത മണമില്ലാത്തവൻ്റെ സാമൂഹ്യ സത്യങ്ങൾ..
ആലോചനയും കോമാളിയെപ്പോലെയാണ്. വെറുതെ ആലോചിക്കുമ്പോൾ പോലും ചിരിക്കുകയും ചിലരെയെങ്കിലും ചിരിപ്പിക്കുകയും ചെയ്യുന്നവർ..

By ivayana