രചന : ഹരി കുട്ടപ്പൻ✍
നീ നടന്നുപോയ വഴിയൊരങ്ങളിലൂടെ ഞാനിന്ന് നടക്കുന്നു.
അന്ന് നമ്മളെ തലോടിയ കുളിർക്കാറ്റും മർമ്മരവും എന്നിൽ ഓർമ്മകളുടെ നിറങ്ങൾ ചാർത്തുന്നു.
നിന്നിൽ തളിരിട്ട മുല്ലയും ചെമ്പകവും ഇന്നും പരിമളം ചൊരിയുന്നുണ്ട് നസാഗ്രം കുളിർക്കുന്ന സുഗന്ധം ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നു
അതോടൊപ്പം നഷ്ടബോധത്തിന്റെ ഒരു ആത്മഗത്ഗതം എന്റെ സിരകളിലൂടെ വേദനയോടെ ഒഴുകുന്നു.
നിന്നെ ആശിച്ച് നിന്റെ ഗന്ധം മാത്രം ആസ്വദിച്ചുക്കൊണ്ട് പിന്നാലെ അലഞ്ഞപ്പോൾ എന്നിലെ സ്‌നേഹത്തെ നീ കണ്ടില്ല മാത്രമല്ല എന്നെ ഒരു ഭ്രാന്തനായി ചിത്രീകരിക്കുകയും ചെയ്യ്തു.
അന്ന് ചോർന്നു പോയ എന്റെ ആത്മധൈര്യം ഇന്നും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല
നിന്റെ ആ നിഷേദ്യത്തിലും ഒരു വശ്യമായ പ്രണയം നീ ഒളിപ്പിച്ചു ഒരു വിഷു കൈനീട്ടം കണക്കെ
ഒളിഞ്ഞു കിടക്കുന്ന ആ പ്രണയത്തെ തുറന്ന് പോലും നോക്കാതെ ചുരുട്ടി പിടിച്ചുകൊണ്ട് ഞാൻ മടങ്ങി
പിന്നെങ്ങോ അവഗണനയുടെ ആഴങ്ങളിൽ മുങ്ങി മരിച്ചു.
നീ മീട്ടിയ വിഭഞ്ജികയിലെ നാദം എന്റെ ആത്മാവിനെ ഉലച്ചപ്പോൾ അത് നിന്റെ മാത്രം തോന്നൽ എന്ന് പറഞ്ഞു പരിഹസിച്ചു.
ആ പരിഹാസത്തിന്റെ മൂർച്ച എന്റെ ഹൃദയ ഭിത്തികൾ തകർത്തത് നീ അറിഞ്ഞില്ല.
തുമ്പയും നാലുമണി പൂവും നിന്റെ കാൽപാദങ്ങളെ ഉമ്മ വച്ചപ്പോൾ അസൂയയാൽ കത്തിപടർന്ന എന്റെ വിദ്വേഷം ഞാൻ മറച്ചു പിടിക്കാൻ പാടുപെട്ടു.
പിന്നെന്നോ പ്രേമഭാജനമായി നമ്മൾ കുറച്ചു നാളുകൾ എന്റെ ഇഷ്ടത്തിനൊത്ത് നീയും നിന്റെ ഇഷ്ടത്തിനൊത്ത് ഞാനും പൊരുത്തപ്പെടാൻ വേണ്ടിയുള്ള ശ്രമങ്ങൾ
അധികം വൈകാതെ അത് സാധ്യമല്ലെന്ന് മനസ്സിലായപ്പോൾ പിരിയാൻ തീരുമാനിച്ചു
നീ നീയായും ഞാൻ ഞാനയും കഴിഞ്ഞെങ്കിൽ ഒരു പക്ഷെ പൊരുത്തപ്പെട്ടെനേ…
നിന്നെ കുറ്റപ്പെടുത്തി ഞാൻ നഷ്ട സ്വപ്നങ്ങൾ കോർത്തിണക്കി കഴിഞ്ഞു
പിന്നീടുള്ള എന്റെ എല്ലാ വാക്കിലും നോക്കിലും എന്നിൽ അഹന്ത നിറഞ്ഞു നിന്നു മാത്രമല്ല ഞാൻ നോക്കിയപ്പോളെല്ലാം നിന്നിൽ നിന്റെ അഹങ്കാരം തുളുമ്പി ഒഴുകി.
നിന്റെ യാത്രയിൽ ധാരാളം യാത്രികരും യാത്രക്കാരുമുണ്ടായി അവർ നിന്റെ മനസ്സിന്റെ മുറിവുകളെ ഉണക്കി.
മുറിപ്പാടുകൾ ഉണ്ടെങ്കിലും മുറിവിന്റെ വേദന നീ മറന്നു.
മുറിവോളം ആഴമില്ലല്ലോ മുറിപാടിന്
സ്നേഹം അങ്ങനെയാണ് അവശേഷിപ്പുകൾ ധാരാളം കാണും പക്ഷെ അത് വേദനയോടെയാണെങ്കിലും ആവർത്തിക്കാനും തോന്നും.
എന്റെ യാത്രയിൽ ആ മുറിപ്പാടുകൾ ഉണങ്ങാത അത് ഉണക്കാതെ ഓർമകളിൽ നിന്ന് കിനിഞ്ഞ രക്തം ആ മുറിവിനെ പഴുപ്പിച്ചു വലിയ വൃണമാക്കി.
ഇന്നെന്റെ വഴിയോര കാഴ്ചകളിൽ നിറങ്ങൾ മങ്ങിയും വെട്ടി തെളിയാത്ത വഴിയിലൂടെ യാത്ര തുടരുന്നു
നീയന്ന് ചാർത്തി തന്ന പേരിന്റെ ബലത്തിൽ
“ഭ്രാന്തൻ” ആ പേരിന് ഇന്ന് നല്ല അഴകാണ് സംരക്ഷണയാണ്
എവിടെയും കേറിച്ചെല്ലാം നിന്റെ ഓർമ്മകളിൽ ജീവിക്കുന്ന എനിക്ക് ഭയം എന്നൊന്നില്ല..
അഴുക്കിന്റെ ജാള്യതയില്ല ദുർഗന്ധത്തിന്റെ മനം മടിപ്പിക്കലില്ല സ്വപ്ന സഞ്ചാരത്തിന്റെ സുഖാനുഭൂതി മാത്രം.
ഇന്നീ ലോകത്തിന്റെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ നമ്മുടെ ലോകത്ത് ഞാനും നീയും മാത്രം ജീവിക്കുന്നു
കാലങ്ങൾ മാറില്ല വർണ്ണങ്ങൾ മാറില്ല രാവിനും പകലിനും ഒരേ വെളിച്ചം
സൂര്യനും ചന്ദ്രനും ഒരേ ചൂട് മാറ്റങ്ങൾ തളർത്താത്ത ലോകം.
അപ്പോൾ ഞാനല്ലേ സുഖിമാൻ
മാഞ്ഞു പോവാത്ത ഓർമ്മകൾ ഉള്ള വേദനിക്കുന്ന സുഖിമാൻ..