രചന : കൃഷ്ണ മോഹൻ കെ പി ✍

മണ്ഡപത്തിലിറങ്ങുന്ന വധുവിൻ
കണ്ഡത്തിലിളകുമിളക്കത്താലി പോലെ
കൊന്നയ്ക്കു മകുടം ചാർത്തിയൊരുങ്ങി നില്ക്കും
പൊന്നിൻ നിറമാർന്ന പൂവേ കണ്ണന്റെ ആരോമൽ നീ
വിണ്ണിൽ നിന്നുമുതിർന്നു വീഴുന്ന നൽ
സ്വർണ്ണത്തിൻ മുത്തു പോലെ വിളങ്ങി നില്ക്കും
വർണ്ണിപ്പാനെളുതാത്ത വസന്തമേ നിൻ
സുന്ദരതയിൽ ഭ്രമിച്ചു ലയിച്ചു നിന്നെ
എന്നാളും കൊതിപ്പു മാലോകരിതെന്നു ചൊല്ലാം
വണ്ണാത്തിപ്പുള്ളു പോലെ പറന്നു വന്നെൻ
കൊന്നയ്ക്കു മേൽ ചിറകൊതുക്കിയിരുന്ന പക്ഷീ
കണ്ണന്റെ കഥകൾ പാടിയാടിയെത്തും
വർണ്ണച്ചിറകുള്ള വിഷുപ്പക്ഷിയല്ലയോ നീ
കണ്ടാൽ കൊതിയാകുമിടയ്ക്കു സ്വർണ്ണവർണ്ണരാജി
മെയ്യിൽ വഹിച്ചു ഹസിച്ചു രസിച്ചു നില്ക്കും
കണ്ണോടു ചേർക്കാനിഹ കണ്ണൻ കൊതിച്ചിടുന്ന
മണ്ണിൽ വിളഞ്ഞ കനി നീ കണിവെള്ളരിക്ക
പാത്രത്തിലമ്പോടു നിരന്നിരിക്കും
മാങ്ങാ,പനസ, നാളികേരാദിയെല്ലാം
പൂമ്പുത്തരി ,മുരിങ്ങയൊപ്പം, വാൽക്കണ്ണാടി
കണ്മഷി പുടവയിവയൊത്തിരിക്കേ
പൂവമ്പഴം, തുടങ്ങിപ്പല ഫലജാലമെല്ലാം
പൂരിതമാക്കുമോട്ടുരുളിയെന്ന വിശ്വം
കാണ്മൂ നിറവിയലുന്ന ഭൂവിൽ
കാണാത്ത സ്വർഗ്ഗത്തിന്റെയൊരു ബാക്കിപത്രം
കാണാൻ കൊതിക്കുന്ന ഫലഭൂയിഷ്ടതയൊത്തു നില്പൂ
കാണിപ്പൂ മുന്നിലതുമൊരു ഭാഗ്യപൂരം.

കൃഷ്ണ മോഹൻ കെ പി

By ivayana