മായ അനൂപ്..✍
സാധാരണ മിക്ക ആളുകളിലും ഉള്ളതും,
എന്ത് നല്ല കാര്യം ചെയ്യുന്നതിൽ നിന്നും അവരെ നിരുത്സാഹപ്പെടുത്തുന്നതുമായ രണ്ടു ചിന്തകളാണ്, ഒന്നാമത്തേത് “പ്രായമായി” എന്നുള്ള ഒരു ചിന്തയും രണ്ടാമത്തേത് “മറ്റുള്ളവർ എന്ത് വിചാരിക്കും” എന്നുള്ള മറ്റൊരു ചിന്തയും.
ഇതിൽ ആദ്യം പ്രായമായി എന്നുള്ള ചിന്തയെടുത്താൽ,
നമ്മുടെ ചെറുപ്പം മുതൽ ഇന്ന് വരെ നമ്മൾ സ്ഥിരമായി കേൾക്കാറുള്ള ഒരു വാചകമാണ്, എന്ത് നല്ല കാര്യം ചെയ്യാൻ തുടങ്ങിയാലും ഇത്രയും പ്രായമായില്ലേ, നിനക്ക് നാണമില്ലേ എന്നുള്ള രീതിയിലുള്ള മറ്റുള്ളവരുടെ ചോദ്യങ്ങൾ.
ഇങ്ങനെ ചോദിക്കുന്നവർ യഥാർത്ഥത്തിൽ അവരുടെ ഇടുങ്ങിയ ചിന്താഗതിയ്ക്കുള്ളിൽ മറ്റുള്ളവരെയും തളച്ചിടുകയാണ് ചെയ്യുന്നത്. ഉദാഹരണം പറഞ്ഞാൽ, നേഴ്‌സറി ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ നൃത്തം പഠിക്കാൻ തുടങ്ങിയിരുന്ന ഞാൻ, അടുത്തുള്ള പള്ളികളിലും അമ്പലങ്ങളിലുമെല്ലാം ഏത് പരിപാടികൾ വന്നാലും നൃത്തം ചെയ്തിരുന്ന, യൂ പി സ്കൂളിലും ഹൈസ്കൂളിലും ഒക്കെ പഠിക്കുന്ന കാലങ്ങളിൽ സ്കൂൾ യുവജനോത്സവങ്ങളിൽ ധാരാളം സമ്മാനങ്ങൾ വാങ്ങിയിരുന്ന ഞാൻ, പ്ലസ് ടു ക്ലാസ്സിൽ പഠിക്കുന്നത് വരെ മാത്രമേ, അതായത് പതിനാറ് വയസ്സ് വരെ മാത്രമേ പൊതുവേദികളിൽ നൃത്തം ചെയ്തിട്ടുള്ളൂ.
പിന്നെയും നൃത്തം ചെയ്യണം എന്നും, നൃത്തം കൂടുതലായി പഠിക്കണമെന്നുമൊക്കെ അന്നൊക്കെ ഒത്തിരി ആഗ്രഹിച്ചിരുന്നു എങ്കിലും, അന്ന് വിചാരിച്ചിരുന്നത്, “പ്രായം കൂടിപ്പോയി ഇനിയെങ്ങനെയാണ്” എന്നായിരുന്നു. ആ പ്രായം കഴിഞ്ഞാൽ പിന്നെ പെൺകുട്ടികൾ നൃത്തത്തിനൊക്കെ പോകുന്നത് ശരിയല്ല എന്നായിരുന്നു അന്നത്തെയൊരു ധാരണ. ആ ഒറ്റ ചിന്തയിൽ തന്നെ എന്റെ ആ ആഗ്രഹം എനിക്ക് ഉപേക്ഷിക്കേണ്ടതായി വന്നു.
ഇന്നിപ്പോൾ എഴുത്തിന്റെ വിഷയങ്ങളിൽ പോലും, ഈ പ്രായത്തിൽ ഇതൊക്കെ എഴുതാമോ എന്നുള്ള രീതിയിൽ പലരും, എന്തോ ഒരു ഇടുങ്ങിയ ചിന്താഗതിയോടെ, പല നിയന്ത്രണങ്ങളും കൽപ്പിക്കുന്നത് കാണാറുണ്ട്. നമുക്ക് പറയണമെന്ന് തോന്നുന്ന കാര്യങ്ങൾ പറയുന്നതിനും എഴുതുന്നതിനും മറ്റുള്ളവർ എന്തിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അത് ഓരോരുത്തരുടെയും സ്വാതന്ത്ര്യവും ഇഷ്ടവുമല്ലേ.
ഇത് പോലെ പ്രായമായി എന്ന് ചിന്തിച്ച് തന്നെ ഓരോ ആൾക്കാരും അവരുടെ എത്രയെത്ര ഇഷ്ടങ്ങളേ നഷ്ടപ്പെടുത്തിയിട്ടുണ്ടാവാം.
ഓരോ കാര്യങ്ങൾക്കും സമൂഹം വ്യക്തികൾക്ക് അനുവദിച്ചു നൽകിയിരിക്കുന്ന ഒരു പ്രത്യേക പ്രായം ഉള്ളതിനാലാവാം, ചെറുപ്പം മുതൽ തന്നെ ഈ “പ്രായമായി” എന്നുള്ള ചിന്താഗതി തുടങ്ങുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം. ഓരോ വ്യക്തികളും സ്വന്തം ഇഷ്ടപ്രകാരം എടുക്കേണ്ടതായ കാര്യങ്ങളിൽ പോലും ഇന്നത്തെ സമൂഹം പൊതുവായ വിലക്ക് കല്പിച്ചിരിക്കുന്നു. അഥവാ അങ്ങനെ ഇല്ലെങ്കിൽ പോലും ഓരോരുത്തരും സ്വയം അങ്ങനെ ഉണ്ടെന്ന് തീരുമാനിക്കുന്നു. ഒരു പ്രായം കഴിഞ്ഞാൽ പിന്നെ സ്ത്രീകൾ ഒരുങ്ങി നടക്കാത്തതും, കടും നിറമുള്ള വസ്ത്രങ്ങൾ ധരിക്കാത്തതും എല്ലാം അങ്ങനെയുള്ള ചിന്താഗതികളിൽ നിന്നും ഉരുത്തിരിഞ്ഞതാവാം.
ഓരോ മനുഷ്യരുടെയും ജീവിതത്തിലെപല ഉയർച്ചകളെയും തടസ്സപ്പെടുത്തുന്ന ഒരു ചിന്താഗതിയാണ് ഇത്. അത് കൊണ്ട് തന്നെ, നിങ്ങളുടെ ഏത് പ്രായത്തിലും “പ്രായമായി” എന്നുള്ള ഒരു കാരണത്താൽ, നിങ്ങളുടെ ഒരു സന്തോഷങ്ങളും ഇഷ്ടങ്ങളും നിങ്ങൾ ഉപേക്ഷിച്ച് കളയരുത്. കാരണം പ്രായമായി എന്ന് കരുതി നിങ്ങൾ ഇന്ന് ഉപേക്ഷിച്ചു കളയുന്ന ആഗ്രഹങ്ങൾ, പിന്നീടൊരിക്കലും നിങ്ങൾക്ക് സാധിച്ചെടുക്കാൻ കഴിയുന്നതല്ല. ആ ആഗ്രഹം ഉള്ളിൽ വെച്ച് കൊണ്ട് നമ്മൾ മരിച്ചാൽ, അത് കൊണ്ട് നമുക്കോ മറ്റുള്ളവർക്കോ ഒരു ഗുണവും ഉണ്ടാവുകയില്ല, എന്ന് മാത്രമല്ല, നമുക്ക് അത് കൊണ്ട് പലതും നഷ്ടമായിട്ടുമുണ്ടാവും.അത് കൊണ്ട് തന്നെ, പ്രായമാകുന്നെങ്കിൽ ആയിക്കോട്ടെ, നമ്മൾ ചെയ്യേണ്ടത് മരിക്കുന്നത് വരെ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് സന്തോഷമായി ജീവിക്കുക.
അതിനാൽ, നിങ്ങളുടെ മനസ്സിന് സന്തോഷം തരുന്ന ഏതൊരു കാര്യവും, നിങ്ങളുടെ ആരോഗ്യം അതിന് അനുവദിക്കുന്നു എങ്കിൽ, ഏത് പ്രായത്തിലും നിങ്ങൾക്ക് ചെയ്യാം. ഒരു കാര്യം മാത്രം പ്രേത്യേകം ശ്രെദ്ധിച്ചാൽ മതി. നമ്മുടെ ഇഷ്ടങ്ങൾ മറ്റാർക്കും തന്നെ ഒരിക്കലും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നതാകരുത്,
നമ്മുടെ ആഗ്രഹങ്ങൾ നമ്മൾ പൂർത്തീകരിക്കുന്നത് മറ്റാരെയും ശല്യപ്പെടുത്തിക്കൊണ്ടുമാവരുത്. അങ്ങനെയൊന്നും അല്ലാതെയുള്ള നമ്മുടെ ഏത് ആഗ്രഹത്തിനും പ്രായം ഒരിക്കലും ഒരു തടസ്സമേയല്ല, മറിച്ച് അങ്ങനെ ചിന്തിക്കുന്ന നമ്മുടെയും മറ്റുള്ളവരുടെയും മനസ്സാണ് പല നല്ല കാര്യങ്ങൾക്കും തടസ്സമായി നിൽക്കുന്നത്. ഇഷ്ടം തോന്നുന്ന കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യുന്നത്, നിങ്ങളുടെ മാനസിക ആരോഗ്യം വർധിപ്പിക്കും എന്നത് കൊണ്ട് തന്നെ, അത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തെയും വർധിപ്പിക്കുന്നു.
ഇനി ഇത് പോലെ തന്നെയുള്ള മറ്റൊരു ചിന്തയാണ്, “നമ്മൾ ഇങ്ങനെ ചെയ്താൽ മറ്റുള്ളവർ എന്ത് വിചാരിക്കും” എന്നുള്ളത്. നമ്മുടെ മനസ്സിലെ ചിന്തകൾ പോലും നമ്മുടെ നിയന്ത്രണവിധേയമല്ല. ഓരോ സമയത്തും സാഹചര്യങ്ങളിലും നമ്മുടെ ചിന്തകൾ പോലും പലപ്പോഴും വ്യത്യസ്തമാകാറുണ്ട്. അത് കൊണ്ട് തന്നെ, നമ്മുടെ ചിന്തകളേ പോലും നിയന്ത്രിക്കാൻ കഴിയാത്ത നമുക്കെങ്ങനെ മറ്റുള്ളവരുടെ ചിന്തകളേ മുൻകൂട്ടി അറിയാനോ അതിനെ നിയന്ത്രിക്കാനോ കഴിയും ? നമ്മൾ മുൻകൂട്ടി ഊഹിക്കുന്നത് തന്നെ ആകണമെന്നില്ലല്ലോ അവരുടെ മനസ്സിലെ ചിന്തകൾ. സത്യത്തിൽ അവർ ചിലപ്പോൾ ഒന്നും തന്നെ ചിന്തിക്കുന്നുണ്ടാവില്ല. അല്ലെങ്കിൽ തന്നെ നമ്മുടെ കാര്യങ്ങൾ മാത്രമേയുള്ളോ അവർക്ക് ചിന്തിക്കാൻ.
അവർക്ക് ചിന്തിക്കാൻ മറ്റെന്തെല്ലാം കാര്യങ്ങൾ ഉണ്ടാവും. അത് കൊണ്ട് തന്നെ, അതും നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമല്ല. മറ്റുള്ളവർ അവരുടെ ഇഷ്ടം പോലെ എന്തും ചിന്തിക്കുകയോ ചിന്തിക്കാതിരിക്കുകയോ ഒക്കെ ചെയ്തു കൊള്ളട്ടെ. നമ്മൾ നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക… ചെയ്തു കൊണ്ടേയിരിക്കുക….
അതിനാൽ,നമ്മുടെ ആഗ്രഹ പൂർത്തീകരണങ്ങൾക്കൊന്നിനും ഇങ്ങനെയുള്ള കാര്യങ്ങൾ ഒരിക്കലും ഒരു തടസ്സമാകാതിരിക്കട്ടെ….