രചന : റഫീഖ്. ചെറുവല്ലൂർ✍

മൗനത്തിൻ മൂർച്ചയേറ്റു
മുറിഞ്ഞു പോകുന്നുവെൻ
മനവും കണ്ട കിനാക്കളും
മറവിയുടെ മാറാപ്പിൽ
പൊതിഞ്ഞു കെട്ടിയിട്ടും
പൊടിഞ്ഞു നനയുന്നുണ്ടു നിണം!
മനം മൂടിയിട്ടാൽ പിന്നെ
തനുവിൽ തലോടിയാലും
വികാരങ്ങൾ തണുക്കും.
വിരഹം വിഴുങ്ങുവാനുള്ളതാണീ
വിനാഴികയെണ്ണും ജന്മമെങ്കിലും,
നീയെന്നൊരു പ്രതീക്ഷ മാത്രമല്ലേ
ഉഴറുന്നയെൻ തുഴയുടെയാഴം?
ഊന്നുവടിയിലേക്കുള്ള ദൂരം
ചക്രക്കസേരക്കിപ്പുറം കാണണം!
ഓർമ്മകൾ വീണു പോയാൽ
ചിക്കിപ്പെറുക്കിയെടുക്കണം.
അങ്ങു ദൂരെയെൻ ഭൂതകാലത്തിൽ,
പ്രണയം പൂത്തൊരാ ചില്ലയിൽ,
ഓർമകൾ കൊണ്ടൊരേറുമാടം പണിയണം.
കുഴിമാടമൊരുങ്ങും വരെയതിൽ
ഒറ്റക്കു കാവലിരിക്കലാണു നിയതി!

റഫീഖ്. ചെറുവല്ലൂർ

By ivayana