രചന : റെജികുമാർ ചോറ്റാനിക്കര ✍

വിഷുവിതുമന്നിലോ സമ്പൽസമൃദ്ധിതൻ
അടയാളമായ് ഭേരി മുഴക്കി നിൽപ്പൂ..
പോയകാലത്തിന്റെ മധുവൂറുമുൻമത്ത-
മൊരു വർണ്ണചിത്രമായീ മണ്ണിലെന്നും..

ഓരോ തലമുറയ്ക്കായ് പകർന്നീടുന്നതും
സ്നേഹമാം കർണ്ണികാരപ്പൂക്കളങ്ങളായ്..
മനമതുമധുപോൽ ഭുജിച്ചെന്നുമീറൻ –
നിലാവിൻകരങ്ങളിൽ നീളേ മയക്കമായ്..

വിഷുപ്പക്ഷി പാടുന്ന പാട്ടിന്റെയീണത്തി-
ലേകുന്നു തേനും വയമ്പുമീ ജീവനിൽ..
മേടമാസം കനിഞ്ഞരുളുന്ന ശോഭയിൽ
ഉടലാകെയണിയുന്ന പീതവർണ്ണം..

ധനധാന്യലബ്ധിയിൽ നീരാടി നിന്നൊരാ –
സത്യധർമ്മങ്ങൾക്ക് പേർകേട്ട ദിക്കിതിൽ..
സജ്ജനർ നമ്മൾക്കു വാഴ്‌വിന്റെയുമ്മറ-
ക്കോലായിലെന്നും വിഷുക്കണിയായ്..

എന്നും വിഷുവായിരിക്കട്ടെ പുലരിക –
ളെന്നും മലർക്കുടങ്ങൾ പേറിടട്ടെയീ –
മഞ്ഞണിപ്പൂംപട്ടു വാരിപ്പുതച്ചരുളു –
മീ, ക്കണികളെന്നുമതി സുന്ദരമായ്..

റെജികുമാർ ചോറ്റാനിക്കര

By ivayana